നിലാവു കണ്ടുറങ്ങിയ രാത്രികള്‍

പെട്ടെന്നൊരു രാത്രി അങ്ങനെയുമുണ്ടായി. എന്നും കാഴ്ചകള്‍ മറച്ചിരുന്ന മേല്‍ക്കൂരകള്‍ അഴിഞ്ഞുപോയ ഒരു രാത്രി. ഉഷ്ണം പെരുത്തിരുന്നിട്ടും എല്ലാ വഴികളിലൂടെയും കാറ്റ് അകത്തേക്ക് കയറിവന്നുകൊണ്ടിരുന്നു. അങ്ങകലെ ആകാശത്ത് ചെമ്പിന്‍റെ അടപ്പുകണക്കെ  നിലാവിനെ കാണാം. നക്ഷത്രങ്ങള്‍ ഒളിച്ചുകളിക്കുന്ന ഇരുണ്ട മാനം. കറുത്ത നിഴലുകളായി തെങ്ങോലകള്‍ ഉത്സവപ്പറമ്പിലെ ആന കണക്കെ ആയത്തില്‍ തലയാട്ടി നില്‍ക്കുന്നു.

അഴിച്ചു മാറ്റിയ മേല്‍ക്കൂരക്ക് കീഴില്‍ കിടന്ന പഴയൊരു കാലത്തെ കുറിച്ച് പറയുമ്പോള്‍ ഇപ്പോള്‍ വിശ്വാസമില്ലാതെ മൂക്കത്ത് വിരല്‍ തൊട്ടേക്കാം. അങ്ങനെയുമുണ്ടായിരുന്നു ഒരുകാലം. പറമ്പില്‍ വീണ തെങ്ങോലകള്‍ പെറുക്കിയെടുത്ത് തോട്ടിലിട്ട കുട്ടികള്‍. ഒട്ടൊന്ന് മയപ്പെടുമ്പോള്‍ അതെടുത്ത് ശില്‍പം ചമയ്ക്കുന്ന വിരുതില്‍ മെടഞ്ഞെടുത്ത പെണ്ണുങ്ങള്‍. മെടഞ്ഞ ഓലത്തടുക്കുകള്‍ വെയിലില്‍ ഉണക്കി അടുക്കി പെറുക്കി വെക്കുന്ന വീട്ടുകാരണവര്‍. വര്‍ഷത്തില്‍ ഒരിക്കല്‍ ഒട്ടൊരാഘോഷപൂര്‍വം നടന്ന കെട്ടിമേയലിനെ കുറിച്ച് പഴമക്കാരോട് ചോദിച്ചു നോക്കൂ. അവരിപ്പോഴും വറുതിയുടെ ആ പഴങ്കാലത്തില്‍നിന്ന് പെറുക്കിയെടുത്ത ഓമനത്തമുള്ള ഓര്‍മകളുടെ കെട്ടിമേച്ചിലുകള്‍ നമുക്കു മുന്നില്‍ തുറന്നുവെക്കും, മുറുക്കാന്‍ പൊതി കണക്കെ. 

അതൊരു ആഘോഷമായിരുന്നു; അയല്‍ക്കാരുടെ, നാട്ടുകാരുടെ, വീട്ടുകാരുടെ, കുട്ടികളുടെ ഒക്കെ ഉത്സവം. ഒരു വര്‍ഷം മുഴുവന്‍ സമാഹരിച്ച ഓലത്തടുക്കുകള്‍ മുറ്റത്തെ ചായ്പ്പിലോ, വീടിന്‍റെ പിന്നാമ്പുറത്ത് കുറ്റിയടിച്ച് കെട്ടിയ തട്ടിന്‍പുറത്തോ കരുതിയിട്ടുണ്ടാവും. ആദ്യം പഴയ മേല്‍ക്കൂര അഴിച്ചെടുക്കലാണ്. ഒന്നോ രണ്ടോ പേരേ പണിക്കാരായുണ്ടാകൂ.. ബാക്കിയൊക്കെ കൂലിക്കല്ലാതെ കൂടെ കൂടിയ അയല്‍ക്കാര്‍, നാട്ടുകാര്‍, മക്കളുടെ കൂട്ടുകാര്‍. പഴയ ഓലകള്‍ അഴിച്ചെടുത്ത് അതില്‍ നിന്ന് തരക്കേടില്ലാത്ത ഓലകള്‍ മാറ്റിവെക്കാനൊരാള്‍. തീരെ മോശം ഓലകള്‍ പലപല അടുപ്പുകളില്‍ അരിക്കും കറിക്കും വേവ് പകര്‍ന്ന് കത്തിയെരിയുന്നുണ്ടാവും. ഒരു വീടിന്‍്റെ മേല്‍ക്കൂര അഴിക്കുമ്പോള്‍ ഒത്തിരി വീടുകളുടെ അടുപ്പും എരിയും. അടുപ്പെരിയാത്തത് ആ ഒരു വീട് മാത്രമായിരിക്കും. അവിടേക്ക് അയല്‍ വീടുകളില്‍നിന്ന് കഞ്ഞിയും കപ്പ പുഴുക്കോ കാച്ചിലു പുഴുക്കോ മുളക് ചമ്മന്തിയോ അതിരുവേലിക്കിടയിലൂടെ നീണ്ടു ചെല്ലും. അഴിച്ചിറക്കിയ പഴയഓലകള്‍ക്കിടയിലെ പുഴുക്കളും പ്രാണികളും തെറിച്ചുവീഴുന്നത് കാത്തിരിക്കുന്ന കാക്കക്കും കോഴിക്കും കൂടി ആവോളം വയറു നിറയുന്ന ദിവസമാണത്. 

അഴിച്ചു മാറ്റിയ മേല്‍ക്കൂര പച്ചോലക്കാലുകള്‍ വാട്ടിയെടുത്ത ചൂട്ടുകെട്ടുകൊണ്ട് അടിച്ചു വൃത്തിയാക്കാന്‍ വേറൊരാള്‍. ഒറ്റ ദിവസം കൊണ്ട് കെട്ടിമേയല്‍ കഴിഞ്ഞെന്നു വരില്ല. അപ്പോഴാണ് തെളിമാനം രാത്രിയില്‍ കണ്ടുറങ്ങാന്‍ അവസരമാകുക. മേല്‍ക്കൂര പെട്ടെന്ന് പോയ അതേ വീട്ടുകാര്‍ മാത്രമല്ല ആ മാനം നോക്കി കിടപ്പ് രസിക്കാന്‍ വരിക. മക്കളുടെ കൂട്ടുകാരായ അയലോക്കത്തെ കുഞ്ഞുങ്ങളുമുണ്ടാവും. തഴപ്പായയില്‍ മലര്‍ന്നുകിടന്ന് മാനം നോക്കി കഥപറഞ്ഞ് കിക്കിളി കൂട്ടി ചിരിക്കുന്ന അവരെ ശാസിക്കാനുമുണ്ടാവും ആരേലും. അല്‍പനേരത്തെ നിശബ്ദതക്ക് ശേഷം പിന്നെയും കിക്കിളികള്‍. അതിനിടയില്‍ ഓരോരുത്തരായി ഉറക്കത്തിലേക്ക് സ്ഥലകാലങ്ങള്‍ മറന്ന് ഊര്‍ന്നുപോകും. പെട്ടെന്ന് വെളിച്ചത്തി?െന്‍റ കടല്‍പ്പരപ്പിലേക്ക് എറിഞ്ഞപോലെയാവും പുലര്‍കാലം തള്ളിക്കയറി വരിക. ഉടുത്തതൊക്കെ വാരിപ്പിടിച്ച് ഉണര്‍ന്നെണീറ്റ് പിന്നെയൊരു തത്രപ്പാട്.. 

പുതിയ ഓലകള്‍ക്കൊപ്പം കൊള്ളാവുന്ന പഴയ ഓലകളും ചേര്‍ത്തു കെട്ടി താഴത്തെ വരിയില്‍നിന്ന് മേലോട്ട് കെട്ടി മേഞ്ഞു തുടങ്ങുകയായി. മേല്‍ക്കൂരക്കു മേല്‍ ഒന്നോ രണ്ടോ പേര്‍. താഴെനിന്ന് ഓലത്തടുക്കുകള്‍ മുകളിലേക്ക് എറിഞ്ഞുകൊടുക്കുന്നതും അത് പിടിച്ചെടുത്ത്  മേയുന്നതും സമര്‍ഥമായ ഒരു കലയാണ്. അതറിയാവുന്നവര്‍ ചില നാടുകളില്‍  ഏറെയുണ്ടാവില്ല. അതുകൊണ്ട് കെട്ടിമേയുന്നവര്‍ക്ക് ഡിമാന്‍റ് കൂടുതലുമായിരുന്നു. പച്ചോലയുടെ പുറം പാളിയിലെ വഴുക ചീന്തിയെടുത്ത് അതുകൊണ്ടാണ്? ഓലകള്‍ കെട്ടിയുറപ്പിച്ചിരുന്നത്.

വൈകാതെ പുത്തനോലകള്‍ കൊണ്ട് വീടിനെ ആകാശത്തില്‍നിന്ന് മറച്ച് പുതിയൊരു മേല്‍ക്കൂര ഒരുങ്ങിച്ചമഞ്ഞ് വരും. ചായയും ചെറുകടിയും പുഴുക്കുമൊക്കെയായി കൊച്ചു പുരയിടം സന്തോഷത്തി?െന്‍റ ഒരു വലിയ തുരുത്തായി മാറും. പിന്നെ വീണ്ടും മാനം കണ്ടുറങ്ങാന്‍ അടുത്ത വര്‍ഷമത്തെണം. അതിനിടയില്‍ മഴയും മഞ്ഞും ഒരുവട്ടംകൂടി കഴിഞ്ഞുപോയിരിക്കും. അയല്‍ക്കാര്‍ കൂട്ടുചേര്‍ന്ന് കെട്ടിമേഞ്ഞ നൂറുകണക്കിനു വീടുകളുള്ള നാടുകള്‍ ഇവിടെയുണ്ടായിരുന്നു. 

വീടെന്നാല്‍ ഇങ്ങനെയൊക്കെയും കൂട്ടുചേര്‍ന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. മറുനാട്ടില്‍ നിന്നത്തെുന്ന ഭാഷയും ഊരും തെരിയാത്ത തൊഴിലാളികള്‍ മാനംമുട്ടെ വീടുകള്‍ കെട്ടിപ്പൊക്കുന്നതിനു മുമ്പ് നാടി?െന്‍റ ഉത്സവമായി വീടുകളെ വീണ്ടെടുത്ത കാലം. മനുഷ്യര്‍ക്ക് ഒന്നിച്ചു ചേരാനുള്ള വേളകളായിരുന്നു അത്. അന്ന് പക്ഷേ, ദാരിദ്ര്യമായിരുന്നു കൂട്ടിന്. അതുകൊണ്ടായിരിക്കണം അപ്പുറത്തെ വീട്ടില്‍ മഴകൊണ്ട് നനഞ്ഞൊലിക്കുന്നവരെ കുറിച്ച് ഇപ്പുറത്തെ വീടുകള്‍ വേവലാതി കൊണ്ടിരുന്നത്. പെരുമഴയത്ത് ഒരു ഇല്ലിക്കുടയുമെടുത്ത് നനഞ്ഞൊട്ടിയ ആ വീടിനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട് പഴയ ആ അമ്മമനസ്സുകള്‍. 

ഇപ്പോഴുമുണ്ട് വീടിന്‍െറ കൂട്ടില്ലാതായവര്‍. അവര്‍ക്കും കൂടി അവകാശപ്പെട്ടതെല്ലാമെടുത്താണ് അതിനുമപ്പുറത്തൊരു കെട്ടിടമോ വീടോ ഉയര്‍ന്നത്. ഇന്ന് ഓലപ്പുരകള്‍ അപൂര്‍വം. പഴമയെ കൃത്രിമമായി ചമച്ചെടുക്കുന്ന റിസോര്‍ട്ടുകളുടെ മോന്തായത്തില്‍ ഓലക്കുടിലുകള്‍ എടുപ്പോടെ നില്‍ക്കുന്നു. ഓടുമേഞ്ഞ വീടുകള്‍ പോലും അപ്രത്യക്ഷമായിക്കഴിഞ്ഞു. വീട് എന്ന അടിസ്ഥാന സങ്കല്‍പ്പത്തില്‍ മാത്രമല്ല മാറ്റം വന്നത്. വീടിന്‍െറ നിര്‍മിതിയിലെ കൂട്ടായ്മയിലുമാണ്. ഓരോ നാടും ഒത്തുചേരുമ്പോള്‍ ഇനിയും ഇനിയും വീടുകള്‍ ഉയരും. അത് നാടിന്‍റെ നന്മയുടെ മന്ദിരങ്ങളായി പരിലസിക്കുകയും ചെയ്യും. 

Tags:    
News Summary - nilavu article-kerala-malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.