മനാമ: ഒരുവർഷത്തെ സന്ദർശക വിസയിൽ ബഹ്റൈനിൽ എത്തിയവർ മൂന്നുമാസം കൂടുമ്പോൾ ബഹ്റൈന് പുറത്തുപോയിവരണമെന്ന വ്യവസ്ഥ പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ പിഴ. അധികമായി താമസിക്കുന്ന ഓരോ 14 ദിവസത്തേക്കും 25 ദിനാറാണ് പിഴ അടക്കേണ്ടത്. വിസ പുതുക്കിയെന്ന് വിശ്വസിപ്പിച്ച് ഏജന്‍റുമാർ ചതിക്കുന്ന സംഭവങ്ങളും പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്കുപോയ യാത്രക്കാരി എയർപോർട്ടിലെ എമിഗ്രേഷനിൽ എത്തിയപ്പോഴാണ് വിസ പുതുക്കിയിട്ടില്ലെന്ന് അറിയുന്നത്. മൂന്ന് മാസത്തെ കാലാവധി തികഞ്ഞപ്പോൾ ഒരു ഏജന്‍റ് മുഖേന കോസ്വേ വഴിയിൽ സൗദിയിൽ പ്രവേശിച്ച് തിരിച്ചുവന്നതാണ് ഇവർ. വിസ പുതുക്കിയിട്ടുണ്ടെന്ന് ഏജന്‍റ് ഇവരെ അറിയിക്കുകയും ചെയ്തു. ഇത് വിശ്വസിച്ചാണ് ഇവർ നാട്ടിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയത്. പരിശോധനയിൽ ഒന്നരമാസം ഓവർസ്റ്റേ ആണെന്ന് കണ്ടെത്തിയതോടെ 75 ദിനാർ പിഴ അടക്കാൻ ആവശ്യപ്പെട്ടു. എമിഗ്രേഷനിൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേന മാത്രമാണ് പണമടക്കാൻ സൗകര്യമുള്ളത്. യാത്രക്കാരിയുടെ കൈവശം കാർഡില്ലാത്തതിനാൽ എമിഗ്രേഷനിലെ ഉദ്യോഗസ്ഥന്റെ സഹായത്തോടെ പിഴ അടച്ചതിനെത്തുടർന്നാണ് ഇവർക്ക് യാത്ര ചെയ്യാൻ സാധിച്ചത്.
ഈ വിവരമറിഞ്ഞ് മറ്റൊരാൾ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വിസിറ്റ് വിസ പരിശോധിച്ചപ്പോൾ അതും പുതുക്കിയിട്ടില്ലെന്ന് അറിയാൻ കഴിഞ്ഞു. ഭാര്യയും മൂന്ന് മക്കളും ഉൾപ്പെടെ നാലു പേരാണ് ഒരു വർഷത്തെ വിസയിൽ വന്നത്. ഓവർസ്റ്റേ ആയതിന് നാലുപേർക്കും പിഴ അടക്കേണ്ട സ്ഥിതിയിലാണ് ഇദ്ദേഹം. വിസ പുതുക്കുന്നതിന് ഏജന്‍റ് മുഖേന ഇവരെയും കോസ്വേ കടത്തി തിരിച്ചുകൊണ്ടുവന്നതാണ്. ഏജന്‍റിന് നൽകിയ പണം തിരികെവേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇദ്ദേഹമിപ്പോൾ.
ഇത്തരത്തിൽ ഏജന്‍റുമാരുടെ വഞ്ചനക്കിരയാകുന്നവർ ഏറെയുണ്ടെന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്. അംഗീകാരമുള്ള ഏജന്‍റുമാർ മുഖേനയല്ലാതെ ഏതെങ്കിലും വ്യക്തികൾ മുഖേന വിസ പുതുക്കാൻ ശ്രമിക്കുന്നവരാണ് കൂടുതലും തട്ടിപ്പിനിരയാകുന്നത്. കോസ്വേ വഴി സൗദിയിൽ പ്രവേശിച്ച് വിസ പുതുക്കുന്ന രീതി ഇപ്പോൾ അത്ര എളുപ്പമുള്ളതല്ല. മുമ്പ് നിരവധി ഏജന്‍റുമാർ ഈ രംഗത്തുണ്ടായിരുന്നെങ്കിലും നിയമങ്ങൾ കർശനമാക്കിയതോടെ ഇവരുടെ എണ്ണവും കുറഞ്ഞു.
ട്രാവൽ ഏജൻസികൾ ഇടനിലക്കാർ മുഖേനയാണ് ഈ സേവനം ചെയ്യുന്നതെങ്കിൽ അവരും ജാഗ്രത പുലർത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഏജൻസികളുടെ സൽപേരിനെയും കളങ്കപ്പെടുത്താൻ സാധ്യതയുണ്ട്. കോസ്വേ വഴി സൗദിയിൽ പ്രവേശിച്ച് തിരിച്ചുവന്നാൽ വിസ പുതുക്കിയതിന്റെ രേഖ ഏജന്‍റിൽനിന്ന് വാങ്ങിവെക്കാൻ മറക്കരുതെന്ന് സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ് ഓർമിപ്പിക്കുന്നു. രസീത് ലഭിച്ചാൽ മാത്രമാണ് വിസ പുതുക്കിയെന്ന് ഉറപ്പിക്കാൻ കഴിയുക. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, അടുത്തകാലത്ത് കോസ്വേവഴി പോയിവന്ന് വിസ പുതുക്കിയവരുണ്ടെങ്കിൽ ബഹ്റൈന്റെ ദേശീയ പോർട്ടലായ bahrain.bh മുഖേന വിസയുടെ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏജന്‍റിന്റെ വാക്ക് മാത്രം വിശ്വസിച്ചാൽ ചിലപ്പോൾ വലിയ തുക പിഴ അടക്കേണ്ടിവരും. യാത്രമുടങ്ങിയാൽ ടിക്കറ്റിന് മുടക്കിയ പണം നഷ്ടമാകുന്നതിന് പുറമെ, മാനസിക പ്രയാസവും അനുഭവിക്കേണ്ടിവരും. പലരും താമസ സ്ഥലം ഒഴിവാക്കിയായിരിക്കും നാട്ടിലേക്ക് പോകുന്നത്. തിരിച്ചുവരേണ്ടിവന്നാൽ താമസിക്കാൻ ഇടമില്ലാത്തതും പ്രശ്നമാകും. ചിലപ്പോൾ, വിസ പുതുക്കിയ രസീത് നൽകാൻ ഏജന്‍റ് മറന്നുപോയേക്കാം.
അതിനാൽ, ഇക്കാര്യം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ഏജന്‍റിനെ മാത്രം ഏൽപിക്കാതെ സ്വന്തമായി പരിശോധിച്ച് ഉറപ്പുവരുത്താനും ഓരോരുത്തരും ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.