ജിദ്ദ: സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവർ ഉൾപ്പെടെയുള്ള വിദേശികളായ ഗാർഹിക തൊഴിലാളികൾക്ക് ലെവി ചുമത്താൻ തീരുമാനം. രാജ്യത്തെ സ്വകാര്യമേഖലയിലെ വിദേശി ജീവനക്കാർക്ക് നിലവിൽ ലെവിയുണ്ട്. സൗദി പൗരന്‍റെ കീഴിൽ നാലിൽ കൂടുതലും രാജ്യത്ത് താമസക്കാരനായ വിദേശിയുടെ സ്പോൺസർഷിപ്പിൽ രണ്ടിൽ കൂടുതലും ഗാർഹിക തൊഴിലാളികളുണ്ടെങ്കിലാണ് ലെവി തീരുമാനം ബാധകമാവുക. സൗദി മന്ത്രിസഭ യോഗമാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
ഗാർഹിക തൊഴിലാളികളുടെ എണ്ണം നാലിൽ കൂടുതലാണെങ്കിൽ അവരുടെ സ്വദേശി തൊഴിലുടമ പ്രതിവർഷം 9600 റിയാൽ (രണ്ടുലക്ഷത്തോളം രൂപ) ലെവി നൽകണം. ഗാർഹിക തൊഴിലാളികൾ രണ്ടിൽ കൂടുതലുള്ള വിദേശി തൊഴിലുടമക്കും ഇതേ നിയമം ബാധകമാണ്. എന്നാൽ, ഈ ലെവി നിർണയവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച സമിതി ചില കേസുകളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. പ്രത്രേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല. പുതിയ നിയമം രണ്ടു ഘട്ടങ്ങളായാണ് നടപ്പാക്കുകയെന്ന് മന്ത്രാലയം അറിയിച്ചു.
ആദ്യഘട്ടം ഈ വർഷം മേയ് 22 മുതലും രണ്ടാംഘട്ടം 2023 മേയ് 13 മുതലുമായിരിക്കും. ആദ്യഘട്ടത്തിൽ പുതുതായി വരുന്ന ഗാർഹിക തൊഴിലാളികൾക്കാണ് ലെവി ബാധകം. രണ്ടാംഘട്ടത്തിൽ രാജ്യത്ത് നിലവിലുള്ളതും പുതുതായി വരുന്നതുമായ ഗാർഹിക തൊഴിലാളികൾക്കെല്ലാം ലെവി ബാധകമാവുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ സൗദിയിലെ സ്വകാര്യ മേഖല ജീവനക്കാർക്കും ഇവരുടെ ആശ്രിതർക്കും ലെവി ബാധകമാണ്. ഇവർക്ക് പ്രതിമാസം 800 റിയാലും (16,000 രൂപ) ആശ്രിതർക്ക് 400 റിയാലുമാണ് (8000 രൂപ) ലെവി. 2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. ഇപ്പോൾ രാജ്യത്തെ വിദേശി ഗാർഹിക തൊഴിലാളികൾക്കും ലെവിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.