കണ്ണൂർ: ഏതൊരു കുടുംബത്തിന്റെയും ജീവിത ലക്ഷ്യത്തിലൊന്നാണ് സ്വന്തമായി അടച്ചുറപ്പുള്ള വീട്. തലചായ്ക്കാനൊരിടം സ്വപ്നം മാത്രമായി കണ്ടിരുന്ന 44 കുടുബങ്ങൾ ശനിയാഴ്ച മുതൽ സ്വന്തം വീട്ടിൽ അഭിമാനത്തോടെ അന്തിയുറങ്ങും. ഒരു തുണ്ടു ഭൂമിയോ സുരക്ഷിതമായി അന്തിയുറങ്ങാന്‍ സ്വന്തമായി പാര്‍പ്പിടമോ ഇല്ലാതിരുന്നവരാണവർ. അവരുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കമുണ്ട്.
കടമ്പൂർ ഗ്രാമപഞ്ചായത്തിലാണ് 44 കുടുംബങ്ങൾക്കായി പ്രീ ഫാബ് ടെക്നോളജിയിലുള്ള ഭവനസമുച്ചയം നിര്‍മിച്ചത്. പ്രീ ഫാബ് നിർമാണരീതി വഴി പൂര്‍ത്തിയാക്കിയ കേരളത്തിലെ ആദ്യഭവനസമുച്ചയം കൂടിയാണിത്. ഭവന സമുച്ചയത്തിനായി ആദ്യം സ്ഥലം കൈമാറാന്‍ സന്നദ്ധതയറിയിച്ച കേരളത്തിലെ ഏഴു പഞ്ചായത്തുകളിലൊന്നാണ് കടമ്പൂര്. ഭൂരഹിതരും ഭവനരഹിതരുമായ നിരാലംബര്‍ക്കായി ലൈഫ് മിഷന് മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നിര്‍മിച്ച ആദ്യഭവന സമുച്ചയം കൂടിയാണ് കടമ്പൂരിലേത്.
ഭവനസമുച്ചയത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. കണ്ണൂര്‍-കൂത്തുപറമ്പ് സംസ്ഥാന പാതയില്‍ നിന്നും ഒന്നര കി.മീ മാറി പനോന്നേരിയിലാണ് പഞ്ചായത്ത് വിട്ടുനല്‍കിയ 40 സെന്റ് സ്ഥലത്ത് ഭവന സമുച്ചയം നിര്‍മിച്ചത്. നാലു നിലകളിലായി 400 ചതുരശ്ര അടിയില്‍ 44 ഫ്ലാറ്റുകളാണിവിടെയുള്ളത്. രണ്ടു കിടപ്പുമുറി, അടുക്കള, ടോയ്ലറ്റ്, ബാത്ത്റൂം സൗകര്യങ്ങളോടെയുള്ള ഫ്ലാറ്റില്‍ 24 മണിക്കൂറും വൈദ്യുതിയും കുടിവെള്ളവും ലഭിക്കും. 20 കിലോ വാട്ടിന്റെ സോളാര്‍ സംവിധാനം മുഖേന കെട്ടിട സമുച്ചയത്തിലെ പൊതുയിടങ്ങളില്‍ വൈദ്യുതി വിളക്കുകള്‍ ഒരുക്കും. 25,000 ലിറ്ററിന്റെ രണ്ടു ടാങ്കുകള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. തുമ്പൂര്‍മുഴി മാതൃകയില്‍ എയ്റോബിക് ജൈവ മാലിന്യ സംസ്കരണ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏറ്റവും താഴത്തെ നിലയിലെ ഫ്ലാറ്റുകള്‍ അംഗപരിമിതരുള്ള കുടുംബങ്ങള്‍ക്കാണ് നല്‍കുക.
പഞ്ചായത്തിൽ തന്നെയുള്ള 44 കുടുംബങ്ങൾക്കാണ് വീടുകൾ കൈമാറുന്നത്. ഇതിൽ ഗുരുതര അസുഖബാധിതരുടെയും അംഗപരിമിതരുടെയും 21 കുടുംബങ്ങൾ പെടും. ഇവർക്ക് കെട്ടിടത്തിലെ ഒന്ന്, രണ്ട് നിലകളിലാണ് ഫ്ലാറ്റുകൾ ഒരുക്കിയിട്ടുള്ളത്. 5.68 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. തൃശ്ശൂര്‍ ജില്ല ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിയാണ് പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി. തെലങ്കാനയിലെ പെന്നാര്‍ ഇന്‍ഡസ്ട്രീസ് ആണ് കരാറെടുത്ത് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ശനിയാഴ്ച മുതൽ ഫ്ലാറ്റിലേക്ക് മാറുന്നതോടെ ജീവിതത്തിലെ പുതുപ്രതീക്ഷകൾക്കാണ് നാമ്പിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.