കൊച്ചി: വർഷങ്ങളായി കരമടച്ചുവരുന്ന ഭൂമിക്കുമേൽ അവകാശവാദം ഉന്നയിച്ച് വരാപ്പുഴ അതിരൂപതക്കുകീഴിലെ സാധുജന പരിപാലന സംഘത്തിനും മറ്റിടങ്ങളിൽ താമസക്കാർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നോട്ടീസ്. ബോർഡ് വക സ്ഥലത്ത് അനധികൃതമായി പ്രവേശിച്ചതായി റിപ്പോർട്ട് കിട്ടിയെന്നും നടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാനുമാണ് നോട്ടീസ്. പറവൂർ കോട്ടുവള്ളി സെന്റ് ഫിലോമിനാസ് സാധുജന പരിപാലനസംഘം പ്രസിഡന്റ് തോമസ് പാറക്കൽ, കണയന്നൂർ താലൂക്കിൽ എടക്കാട്ടുവയൽ ചെന്നിക്കോട് കണ്ടംചിറയിൽ മണി എന്നിവർക്കാണ് നോട്ടീസ്.
കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിക്ക് കീഴിൽ കോട്ടുവള്ളി വില്ലേജിൽ സാധുജന പരിപാലന സംഘം 1969ൽ തീറാധാരം ചെയ്ത് വാങ്ങിയ രണ്ട് സർവേ നമ്പറുകളിൽപെട്ട 3.18 ഏക്കറിൽ 318/4 സർവേ നമ്പറിലെ 1.74 ഏക്കർ ചേന്നംകുളങ്ങര ദേവസ്വം വകയാണെന്നും ഇത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് അവകാശപ്പെട്ടതാണെന്നുമാണ് സ്പെഷൽ തഹസിൽദാർ നൽകിയ നോട്ടീസിൽ പറയുന്നത്. നവംബർ 13ന് രാവിലെ 11ന് തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോർഡ് ജങ്ഷനുസമീപം ക്ലിഫ് ഹൗസ് റോഡിലെ ഭൂസംരക്ഷണ വിഭാഗം സ്പെഷൽ തഹസിൽദാർ ഓഫിസിൽ ഹാജരായി കാരണം ബോധിപ്പിക്കാനായിരുന്നു ഒക്ടോബർ 26ന് നൽകിയ നോട്ടീസിലെ നിർദേശം. സമയം നീട്ടി നൽകണമെന്ന് സംഘം പ്രസിഡന്റ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഡിസംബർ അഞ്ചിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതിനിടെ, ദേവസ്വം ബോർഡിന്റെ നോട്ടീസിനെത്തുടർന്ന് വിജിലൻസും അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വിജിലൻസ് സംഘം സ്ഥലത്തെത്തി സാധുജനസംഘം ഭാരവാഹികളിൽനിന്ന് വിവരങ്ങൾ ആരായുകയും രേഖകളും തെളിവുകളും ശേഖരിക്കുകയും ചെയ്തു. 55 വർഷമായി കൈവശം വെച്ച് കരമടച്ച് വരുന്ന ഭൂമി ആർക്കും വിട്ടുകൊടുക്കില്ലെന്നും ദേവസ്വം ബോർഡിന്റെ അവകാശവാദത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും സംഘം സെക്രട്ടറി വ്യാനസ് ചന്ദനപ്പറമ്പിൽ പറഞ്ഞു. മുന്നാധാരങ്ങളെല്ലാം പരിശോധിച്ചാണ് ഭൂമി വാങ്ങിയത്. അതിപ്പോൾ ഒഴിഞ്ഞ പറമ്പാണ്. ഉടമസ്ഥാവകാശം തെളിയിക്കുന്ന എല്ലാ രേഖകളുമുണ്ട്. ഇക്കാര്യങ്ങൾ വിജിലൻസിനെയും ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വ്യാനസ് അറിയിച്ചു.
മുളന്തുരുത്തി വില്ലേജിൽ ബ്ലോക്ക് നമ്പർ 24ൽ സർവേ നമ്പർ 90/7ൽ ഉദയംപേരുർ തൃക്കോവിൽ ദേവസ്വം വക 8.89 സെന്റിലെ 3.08 സെന്റ് കൈയേറിയെന്ന് കാണിച്ചാണ് മണിക്ക് നോട്ടീസ്. ഡിസംബർ 23ന് ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ ദേവസ്വം െഗസ്റ്റ് ഹൗസിൽ ഹാജരാകാനാണ് നിർദേശം. പറവൂർ പെരുമ്പടന്നയിൽ 14 കുടുംബങ്ങൾ വർഷങ്ങളായി താമസിച്ചുവരുന്ന ഭൂമിക്കുമേലും അവകാശവാദം ഉന്നയിച്ച് ദേവസ്വം ബോർഡ് രംഗത്തെത്തിയിട്ടുണ്ട്. മുനമ്പത്തെ ഭൂമിയിൽ 12 വൻകിടക്കാർക്ക് നോട്ടീസ് നൽകിയ വഖഫ് ബോർഡിനെതിരെ പ്രതിഷേധവും സമരവുമായി രംഗത്തുവന്ന സംഘടനകളൊന്നും ദേവസ്വം ബോർഡ് നടപടിയിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.