റിയാദ്: 11 വർഷം പിന്നിട്ട പ്രവാസത്തിൽ ഒമ്പതു വർഷമായി നോമ്പനുഷ്ഠിക്കുകയാണ് രജീഷ്. പുലർച്ചെ എഴുന്നേറ്റ് അത്താഴം കഴിക്കുകയും വൈകീട്ട് കൂട്ടുകാരോടൊപ്പം നോമ്പ് മുറിക്കുകയും ചെയ്യുന്നത് ശീലമാണിന്ന് ജീവിതത്തിൽ. സഹപ്രവർത്തകരുടെ വ്രതാനുഷ്ഠാനങ്ങളിലും ചിട്ടകളിലും ആകൃഷ്ടനായാണ് രജീഷ് നോമ്പെടുക്കാൻ തുടങ്ങിയത്. അത് മാനസികമായും ശാരീരികമായും ഒട്ടേറെ സദ്ഫലങ്ങൾ നൽകിയപ്പോൾ കൃത്യതയോടെ പതിവാക്കുകയായിരുന്നു. താൻ ശീലമാക്കിയ വ്രതത്തെക്കുറിച്ച് രജീഷിന്‍റെ വാക്കുകൾ:
'ഹൈന്ദവ വിശ്വാസിയായ താൻ പത്തിലേറെ തവണ ശബരിമല സന്ദർശിച്ചിട്ടുണ്ട്. 41 ദിവസം നീണ്ട നോമ്പ് എടുത്താണ് ഓരോ മലകയറ്റവും. അതിൽനിന്നും ഏറെ വ്യത്യസ്തമാണ് റമദാൻ നോമ്പ്. ഭക്ഷണപാനീയങ്ങൾ പാടെ ഉപേക്ഷിച്ചുള്ള രീതിയിലാണത്. മണ്ഡലകാലത്ത് അനുഭവിച്ച ആത്മീയമായ നിർവൃതിയാണ് ഇപ്പോൾ നോമ്പെടുക്കുമ്പോഴും എനിക്ക് ലഭിക്കുന്നത്. റമദാൻ നോമ്പ് പട്ടിണിയിലൂടെ വിശക്കുന്നവന്‍റെയും ദരിദ്രന്‍റെയും മനസ്സ് വായിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ദൈവത്തിനുള്ള ആരാധന എന്നതിലേറെ മനുഷ്യന്‍റെ സമഭാവനയാണ് അതിന്‍റെ പൊരുൾ. മതസൗഹാർദവും മനുഷ്യമൈത്രിയും നിലനിർത്താൻ ഉപവാസമനുഷ്ഠിക്കുന്നതിലൂടെ സാധ്യമാകും.
ഒരു പ്രതിജ്ഞപോലെയാണ് നോമ്പ്. നമ്മെ നിയന്ത്രിക്കാനും അടക്കിനിർത്താനും നോമ്പിന് കഴിയുന്നു. ഒപ്പം നല്ലൊരു മനുഷ്യനാകാനുള്ള ഇച്ഛാശക്തിയും നൽകുന്നു. സുഹൃത്തുക്കളിൽനിന്ന് മാത്രമല്ല, കുടുംബത്തിൽനിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്.' നോമ്പിനെക്കുറിച്ചും നോമ്പുതുറ വിഭവങ്ങളെപ്പറ്റിയും നാട്ടിലുള്ള ഭാര്യ ഗായത്രി അന്വേഷിക്കാറുണ്ടെന്നും രജീഷ് കൂട്ടിച്ചേർത്തു. കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂർ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ തിരുവണ്ണൂരിൽ പുതിയ വീട് വെച്ച് താമസമാരംഭിച്ചിരിക്കുന്നു. മകൾ ദിയ ആറാം ക്ലാസിലും മകൻ ദേവദർഷ അംഗൻവാടിയിലും വിദ്യാർഥികളാണ്. ദമ്മാമിൽ
രണ്ടു വർഷം ജോലിചെയ്തശേഷം ഒമ്പതു വർഷത്തിലധികമായി റിയാദിലെ ശുമൈസിയിൽ അസീർ സ്ട്രീറ്റിലെ ബന്ദർ യൂനിഫോം കമ്പനിയിൽ തുന്നൽ ജോലിയാണ് ചെയ്യുന്നത്. വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞു റൂമിലെത്തിയാൽ കൂട്ടുകാരോടൊപ്പം നോമ്പുതുറക്കുള്ള ആഹാരം പാകംചെയ്യുന്ന തിരക്കിലായിരിക്കും. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പങ്കുവെക്കൽകൂടിയാണ് നോമ്പെന്ന് തന്‍റെ നീണ്ടകാലത്തെ അനുഭവങ്ങൾ ഓർമിപ്പിക്കുന്നതായും രജീഷ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.