ഭർത്താവിന്റെ ഇഷ്ടത്തിന് വിരുദ്ധമായി സ്വന്തം കുടുംബവും സുഹൃത്തുക്കളും ഒപ്പം താമസിക്കണമെന്ന് വാശി പിടിക്കുന്നതും ക്രൂരത - കൊൽക്കത്ത ഹൈകോടതി

കൊല്‍ക്കത്ത: സ്വന്തം കുടുംബത്തെയും സുഹൃത്തുക്കളെയും ഭർതൃവീട്ടിൽ താമസിപ്പിക്കണമെന്ന യുവതിയുടെ നിർബന്ധം ക്രൂരതയുടെ പരിധിയിൽ വരുമെന്ന് കൊൽക്കത്ത ഹൈകോടതി. ഭർത്താവിനോട് താല്പര്യമില്ലാത്തതും ഭാര്യ കൂട്ടുകാരിയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതും ക്രൂരതയാണെന്നും കോടതി പറഞ്ഞു.

ഭാര്യയുടെ കുടുംബവും കൂട്ടുകാരിയും അനുവാദമില്ലാതെ തന്റെ വീട്ടിൽ താമസിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ധീരജ് എന്നയാൾ നൽകിയ വിവാഹ മോചന ഹരജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസുമാരായ സബ്യാസാചി ഭട്ടാചാര്യ, ഉദയ് കുമാർ എന്നിവരുടെ നിരീക്ഷണം. ഭാര്യയുടെ കുടുംബവും കൂട്ടുകാരിയും ഒപ്പം കഴിയുന്നത് ഭര്‍ത്താവിന്റെ സ്വൈര്യജീവിതത്തിന് തടസമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ ആവശ്യം ഉന്നയിച്ച് ധീരജ് നല്‍കിയ വിവാഹ മോചന ഹരജി കുടുംബകോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്.

2005-ല്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം ഇരുവരും മിഡ്‌നാപുര്‍ ജില്ലയിലെ കൊലാഘട്ടിലെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം.തുടർന്ന് മൂന്ന് വര്‍ഷത്തിനുശേഷം ധീരജ് കുടുംബകോടതിയില്‍ വിവാഹമോചന ഹരജി നല്‍കി. പിന്നാലെ ഭാര്യ ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ പൊലീസിൽ ഗാര്‍ഹിക പീഡന പരാതി നല്‍കി.

ഭാര്യയുടെ കൂട്ടുകാരിയായ മൗസുമി പോള്‍ എന്ന യുവതിയും ഭാര്യാമാതാവും സ്ഥിരമായി തന്റെ വീട്ടില്‍ തന്നെയാണ് താമസമെന്നും ധീരജ് കോടതിയിൽ വാദിച്ചു. യുവതിക്ക് ദാമ്പത്യത്തിൽ താല്പര്യമില്ലെന്നും കുട്ടികൾ വേണ്ട എന്ന നിലപാടാണുള്ളതെന്നും ധീരജ് പറഞ്ഞു. എന്നാല്‍ ഇതിനെ ക്രൂരതയായി കാണാനാകില്ലെന്ന് നിരീക്ഷിച്ച കുടുംബ കോടതി വിവാഹമോചനം അനുവദിച്ചില്ല. തുടർന്ന് ധീരജ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

Tags:    
News Summary - wife-imposing-her-friend-family-at-husbands-residence-against-his-will-amounts-to-cruelty-calcutta-high-court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.