പർഭാനി (മഹാരാഷ്ട്ര): ദലിതനും ഭരണഘടനാ സംരക്ഷകനും ആയതുകൊണ്ടാണ് സോംനാഥ് സൂര്യവൻഷിയെ പൊലീസ് കൊലപ്പെടുത്തിയതെന്ന് രാഹുൽ ഗാന്ധി. ദലിത് ആക്ടിവിസ്റ്റും നിയമ വിദ്യാർഥിയുമായിരുന്ന സൂര്യവൻഷിയുടെ കുടുംബാംഗങ്ങളെ പർഭാനിയിലെത്തി കണ്ട ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോസ്റ്റ്മോർട്ടം റിപ്പോർട്ടും ചില ഫോട്ടോകളും വിഡിയോകളും കുടുംബാംഗങ്ങൾ തന്നെ കാണിച്ചു. പൊലീസ് സൂര്യവൻഷിയെ കൊന്നതാണ്. ഇത് കസ്റ്റഡി കൊലപാതകമാണ്- രാഹുൽ പറഞ്ഞു. ഡിസംബർ 10ന് വൈകുന്നേരം മറാത്ത്വാഡ മേഖലയിലെ റെയിൽവേ സ്റ്റേഷനുപുറത്ത് അംബേദ്കർ പ്രതിമക്ക് സമീപമുള്ള ഭരണഘടനാ ഫലകം നശിപ്പിച്ചിരുന്നു. പർഭാനി ശങ്കർ നഗർ സ്വദേശിയായ സൂര്യവൻഷി (35) ഉൾപ്പെടെ 50 ലധികം പേർ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ജില്ല സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ, നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ട സൂര്യവൻഷി ഡിസംബർ 15ന് ആശുപത്രിയിൽവെച്ചാണ് മരിച്ചത്.
പർഭാനി അക്രമത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉത്തരവിട്ടിരുന്നു. ശരദ് പവാർ അടക്കമുള്ള മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം സൂര്യവൻഷിയുടെ അമ്മയെ സന്ദർശിച്ചിരുന്നു. ഇതിനിടെ, സർക്കാർ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയുടെ നഷ്ടപരിഹാരം സ്വീകരിക്കാൻ അമ്മ തയാറായില്ല. സൂര്യവൻഷിക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലുടനീളം പ്രക്ഷോഭം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.