ജിദ്ദ: ഒരാഴ്ചത്തേക്ക് അത്യാവശ്യ സർവിസൊഴികെ എല്ലാ അന്താരാഷ്ട്ര വിമാന സർവിസുകളും വിലക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളിൽ പുതിയ കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതേ തുടർന്ന് താഴെ കൊടുത്ത മുൻകരുതൽ നടപടികളെടുക്കാൻ സൗദി ഗവൺമെൻറ് തീരുമാനിച്ചു.
1. എല്ലാ അന്താരാഷ്ട്ര വിമാന സർവിസുകളും താൽകാലികമായി ഒരാഴ്ചത്തേക്ക് നിർത്തലാക്കും. അസാധാരണ കേസുകളുമായി ബന്ധപ്പെട്ട വിമാന സർവിസുകൾ മാത്രം അനുവദിക്കും. അതോടൊപ്പം നിലവിൽ സൗദിയിലുള്ള വിദേശ വിമാനങ്ങൾക്ക് പോകാൻ അനുവാദമുണ്ടാകും. ഇൗ തീരുമാനം വീണ്ടും ഒരാഴ്ചത്തേക്ക് വരെ നീട്ടാം.
2. കര, നാവിക, വ്യോമമാർഗങ്ങളിലൂടെ രാജ്യത്തേക്കുള്ള പ്രവേശനം ഒരാഴ്ചത്തേക്കും വിലക്കും. ഇതും വീണ്ടും ഒരാഴ്ച കൂടി നീട്ടിയേക്കാം.
3. ഡിസംബർ എട്ട് മുതൽ ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നോ, പകർച്ചവ്യാധി പ്രത്യക്ഷപ്പെട്ട ഏതെങ്കിലും രാജ്യത്തു നിന്നോ സൗദിയിലെത്തിയവർ താഴെ പറയുന്ന കാര്യങ്ങൾ പാലിക്കണം.
- രാജ്യത്തേക്ക് പ്രവേശിച്ച തീയതി മുതൽ രണ്ടാഴ്ചത്തേക്ക് ഹോം ക്വാറൻറീനിൽ കഴിയണം.
- ക്വാറൻറീൻ കാലയളവിൽ കോവിഡ് പരിശോധന നടത്തണം. ഒരോ അഞ്ച് ദിവസത്തിലും പരിശോധന ആവർത്തിക്കണം.
- കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഏതെങ്കിലും യൂറോപ്യൻ രാജ്യത്ത് നിന്ന് മടങ്ങിയെത്തിയവർ അല്ലെങ്കിൽ പകർച്ചവ്യാധി പ്രത്യക്ഷപ്പെട്ട ഏതെങ്കിലും രാജ്യങ്ങളിലൂടെ കടന്നുപോയവർ കോവിഡ് പരിശോധന നടത്തണം.
ഗതാഗത മന്ത്രാലയവുമായി ആരോഗ്യ മന്ത്രി നടത്തിയ ആലോചനയെ തുടർന്ന് പുതിയ വൈറസ് ബാധ റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിൽ നിന്നുള്ള ചരക്ക് ഗാതഗതത്തെ വിലക്കിൽ നിന്ന് ഒഴിവാക്കി. പുതിയ വൈറസിെൻറ സ്വഭാവം വ്യക്തമാകുന്നതുവരെയും പൊതുജനാരോഗ്യ സുരക്ഷ കണക്കിലെടുത്തുമാണ് വിലക്കിനുള്ള തീരുമാനമെന്നും കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ തീരുമാനം പുനപരിശോധിക്കുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.