ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ ജീവനക്കാരുടെ അനന്തരാവകാശികൾക്ക് അഞ്ച് ലക്ഷം റിയാൽ വീതം സഹായം നൽകാൻ സൗദി മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവൺമെൻറ്, സ്വകാര്യ ആരോഗ്യ മേഖലയിലെ സ്വദേശികളും വിദേശികളുമായ മുഴുവൻ ജോലിക്കാരുടെയും കുടുംബങ്ങൾക്ക് ആനുകൂല്യം നൽകാൻ ചൊവ്വാഴ്ച രാത്രി സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്.
കോവിഡ് മൂലം മരിച്ച സൈനികരും സ്വദേശികളും സ്വദേശികളല്ലാത്തവരും ഇൗ തീരുമാനത്തിെൻറ പരിധിയിൽ വരും.സൗദിയിൽ കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത ഇൗ വർഷം മാർച്ച് രണ്ടിന് (1441 റജബ് ഏഴ്) ശേഷം രോഗം ബാധിച്ച് മരിച്ചവരുടെ പേരിലാണ് സഹായം നൽകുക.
ജി20 ഉച്ചകോടിയുടെ മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിമൻസ് ഗ്രൂപ്പ് 20 സമ്മേളം, ബി20 ബിസിനസ് ഗ്രൂപ്പ് സമ്മേളനം എന്നിവയിൽ സൽമാൻ രാജാവും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വേൾഡ് സമ്മേളനത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നടത്തിയ പ്രസംഗങ്ങളെ മന്ത്രി സഭ പ്രശംസിച്ചു. ദേശീയ അന്തർദേശീയ തലങ്ങളിൽ കോവിഡുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും സംഭവവികാസങ്ങളും ചർച്ച ചെയ്തു. പൗരന്മാരും രാജ്യത്തുള്ള വിദേശികളും ആരോഗ്യ മുൻകരുതൽ നടപടികളും രോഗപ്രതിരോധ നടപടികളും കർശനമായി പാലിക്കുന്നത് തുടരേണ്ടതാണെന്നും അലംഭാവം കാണിക്കരുതെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു.
അറബ് ലോകത്തെയും പ്രാദേശിക, അന്തർദേശീയ മേഖലകളിലെയും സംഭവ വികാസങ്ങളും മന്ത്രിസഭ അവലോകനം ചെയ്തു. ഇസ്ലാമിനെയും ഭീകരതയെയും ബന്ധിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം നിരസിക്കുന്നതായി യോഗം ആവർത്തിച്ചു വ്യക്തമാക്കി. മുഹമ്മദ് നബിയെ അല്ലെങ്കിൽ മറ്റ് ഏതൊരു പ്രവാചകന്മാരെയും നിന്ദിക്കുന്ന കാർട്ടൂണുകളെ ശക്തമായി അപലപിക്കുന്നതായും യോഗം പറഞ്ഞു. വിദ്വേഷം, ആക്രമം, തീവ്രവാദം എന്നിവ സൃഷ്ടിക്കുന്ന എല്ലാത്തരം ഭീകര പ്രവർത്തനങ്ങളെയും യോഗം അപലപിച്ചു.
ബൗദ്ധികവും ചിന്താപരവുമായ സ്വാതന്ത്ര്യം ബഹുമാനം, സഹിഷ്ണുത, സമാധാനം എന്നിവക്കുള്ള മാർഗമാണെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു. ഇറാെൻറ പിന്തുണയോടെ യമനിലെ ഹൂതി തീവ്രവാദികൾ സിവിലിയന്മാരെയും അവരുടെ വസ്തുക്കളെയും ലക്ഷ്യമിട്ട് ആസൂത്രിതവും മനപൂർവവും നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങളെയും സൗദി മന്ത്രിസഭ അപലപിച്ചു. ആക്രമശ്രമം തുടരുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിെൻറ നഗ്നമായ ലംഘനമാണെന്നും യോഗം പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.