മസ്കത്ത്: കോവിഡ് കാലത്തെ സേവനം മുൻനിർത്തി പ്രമുഖരായ 11 മലയാളി കൂട്ടായ്മകളാണ് മീഡിയവൺ ബ്രേവ് ഹാർട്ട് പുരസ്കാരത്തിന് അർഹരായത്. മീഡിയവൺ മിഡിലീസ്റ്റ് അവറിലൂടെ കഴിഞ്ഞ ദിവസമാണ് അവാർഡ് പ്രഖ്യാപിച്ചത്. ജനുവരി ആദ്യത്തിൽ മസ്കത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. അവാർഡ് നേടിയ സംഘടനകൾ ഇവയാണ്.
മസ്കത്ത് കെ.എം.സി.സി
മറ്റ് ജി.സി.സി രാജ്യങ്ങളിലെ പോലെ ഒമാനിലും കെ.എം.സി.സി വ്യാപക സേവനപ്രവർത്തനങ്ങളാണ് നടത്തിയത്. കോവിഡ് ബോധവത്കരണം, കൗൺസലിങ്, മെഡിക്കൽ സഹായം, ഐസൊലേഷൻ സെന്റർ ഒരുക്കൽ, മരുന്ന് വിതരണം, ഭക്ഷ്യകിറ്റ് വിതരണം, ചാർട്ടേഡ് വിമാൻ സർവിസ്, വാക്സിനേഷൻ സെന്റർ ഒരുക്കൽ, രക്തദാന ക്യമ്പ് തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് നടത്തിയത്. റൂവി, സൂർ, സൊഹാർ, ബുറൈമി, കെ.എം.സി.സികളും ഓരോ പ്രദേശത്തും നിസ്തുല സേവന പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്.
കൈരളി ഒമാൻ
ഒമാനിലെ സി.പി.എം പോഷകവിഭാഗമായ കൈരളിയും വ്യാപകമായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിയത്. സമൂഹത്തിലെ ഏറ്റവും പ്രയാസക്കാരായ പ്രവാസികൾക്കാണ് ഇവർ തുണയായത്. 35,000 ഭക്ഷ്യകിറ്റ് വിതരണം, മരുന്ന് വിതരണം, മെഡിക്കൽ സഹായം, നാട്ടിൽ പോകുന്നതിന് സഹായം, ചാർട്ടേഡ് വിമാന സർവിസ് തുടങ്ങി നിരവധി സേവനപ്രവർത്തനങ്ങൾ കൈരളി, ഒമാെൻറ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചു.
െഎ.സി.എഫ് ഒമാൻ
കേരള മുസ്ലിം ജമാഅത്തിെൻറ പോഷക സംഘടനയായ ഐ.സി.എഫ്, ഒമാനിലുടനീളം കോവിഡ് സേവനപ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. മെഡിക്കൽ സഹായം, മരുന്ന് എത്തിച്ചുനൽകൽ, ഭക്ഷ്യകിറ്റ് വിതരണം, വിമാന് ടിക്കറ്റ് നൽകിയത് തുടങ്ങിയ സേവന പ്രവർത്തനങ്ങളാണ് പ്രധാനമായും സംഘടിപ്പിച്ചത്. ഏറ്റവും കൂടുതൽ വിമാന സർവിസുകൾ നടത്തിയത് ഐ.സി.എഫാണ്. സലാല, സൊഹാർ തുടങ്ങി ഒമാെൻറ എല്ലാ പ്രദേശങ്ങളിലും വളരെ വ്യാപകമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഐ.സി.എഫ് നടത്തി.
സലാല കെ.എം.സി.സി
സലാല കെ.എം.സി.സി മസ്കത്തുമായി ബന്ധമില്ലാത്ത ഒമാനിലെ മറ്റൊരു സ്വതന്ത്ര ഘടകമാണ്. കോവിഡിെൻറ തുടക്കംമുതലേ സലാലയിലും പരിസരപ്രദേശത്തും വ്യാപകമായ സേവനപ്രവർത്തനങ്ങളാണ് കെ.എം.സി.സി നടത്തിയത്. വൻ തുകയുടെ ഭക്ഷ്യകിറ്റ് വിതരണം, ഇഫ്താർ കിറ്റ്, ചാർട്ടേഡ് വിമാനം, മെഡിക്കൽ സഹായം, മരുന്ന് നൽകൽ, കൗൺസലിങ്, രക്തദാന ക്യാമ്പ്, ക്വാറന്റീൻ ഒരുക്കൽ, പി.സി.ആർ ടെസ്റ്റ് കുറഞ്ഞ നിരക്കിൽ തുടങ്ങി ബഹുമുഖ പ്രവർത്തനങ്ങളാണ് സലാല കെ.എം.സി.സി നടത്തിയത്.
സലാല കൈരളി
സലാല കൈരളിയും ഒമാനിലെ സ്വതന്ത്ര ഘടകമാണ്. കൈരളിയും വ്യാപകമായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിയത്. സലാലയിലെ ഏറ്റവും പ്രയാസക്കാരായ പ്രവാസികൾക്കാണ് ഇവർ തുണയായത്. ഭക്ഷ്യകിറ്റ് വിതരണം, മെഡിക്കൽ സഹായം, നാട്ടിൽ പോകുന്നതിന് സഹായം, ആഘോഷാവസരങ്ങളിൽ കിറ്റ് വിതരണം, മരുന്ന് എത്തിച്ചുനൽകൽ, ചാർട്ടേഡ് വിമാന സർവിസ് തുടങ്ങി നിരവധി സേവനപ്രവർത്തനങ്ങൾ സലാല കൈരളി സംഘടിപ്പിച്ചു.
ഇന്ത്യൻ വെൽഫെയർ ഫോറം സലാല
വ്യത്യസ്തമായ സേവനപ്രവർത്തനങ്ങൾകൊണ്ട് മുഴുസമയവും ഫീൽഡിലായിരുന്നു ഇന്ത്യൻ വെൽഫെയർ ഫോറം സലാല. 8000 ഒമാനി റിയാലിെൻറ ഭക്ഷ്യകിറ്റുകൾ, 3000ത്തോളം പേർക്ക് ഭക്ഷണം, കുടുംബങ്ങൾക്ക് സാമ്പത്തികസഹായം, ജോലി ശരിയാക്കിനൽകൽ, നാട്ടിൽ പോകാൻ സഹായം, ബോധവത്കരണം, ആശുപത്രി സേവനം, അവശ്യമരുന്നുകൾ എത്തിച്ചുനൽകൽ, നാട്ടിൽ പോകാൻ ടിക്കറ്റ് നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇവർ സംഘടിപ്പിച്ചിരുന്നു.
പ്രവാസി വെൽഫെയർ ഒമാൻ
വെൽഫെയർ പാർട്ടിയുടെ പോഷകവിഭാഗമായ പ്രവാസി വെൽഫെയർ ഒമാൻ, കോവിഡ് സേവനമേഖലയിൽ നിറഞ്ഞുനിന്നു. ഹെൽപ് ഡെസ്ക്, ഭക്ഷ്യകിറ്റ് വിതരണം, ഭക്ഷണവിതരണം, കൗൺസലിങ്, ഗൈഡൻസ്, മൃതദേഹ സംസ്കരണം, മരുന്ന് വിതരണം വൈദ്യസഹായം, സൗജന്യ വിമാന സർവിസ്, ക്വാറന്റീൻ സഹായം തുടങ്ങി വിപുലമായ പ്രവർത്തനങ്ങളാണ് പ്രവാസി വെൽഫെയർ സംഘടിപ്പിച്ചത്.
മലയാളം വിങ് മസ്കത്ത്
മസ്കത്തിലെ മലയാളികളുടെ ഔദ്യോഗിക കൂട്ടായ്മയായ മലയാള വിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. 1000 ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു, ചാർട്ടേഡ് വിമാന സർവിസ് ഒരുക്കി, മാസ്ക് വിതരണം നടത്തി. വാക്സിനേഷൻ ഡ്രൈവ് തുടങ്ങിയ പ്രവർത്തനങ്ങളും സംഘടിപ്പിച്ചിരുന്നു.
ഒ.െഎ.സി.സി ഒമാൻ
കോൺഗ്രസിെൻറ പോഷകവിഭാഗമായ ഒ.ഐ.സി.സി വിവിധ കോവിഡ് സേവനപ്രവർത്തനങ്ങൾ ഒമാനിൽ സംഘടിപ്പിച്ചു. ഭക്ഷ്യകിറ്റ്, മരുന്ന് വിതരണം, ചാർട്ടേഡ് വിമാനങ്ങൾ, രക്തദാന ക്യാമ്പ്, മൃതദേഹം സംസ്കരണം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് ഒരുക്കിയത്. ഇബ്ര, മുസന്ന എന്നിവിടങ്ങളിൽ സജീവമായിരുന്നു. സലാലയിൽ വിപുലമായ തോതിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുകയും മരുന്നുകൾ എത്തിച്ചുനൽകുകയും മറ്റു മെഡിക്കൽ സഹായങ്ങളും ചെയ്തു.
സോഷ്യൽ ഫോറം ഒമാൻ
എസ്.ഡി.പി.ഐയുടെ പോഷക വിഭാഗമായ സോഷ്യൽ ഫോറവും കോവിഡ് കാലത്തെ സേവനപ്രവർത്തനങ്ങളിൽ ഒമാനിൽ സജീവമായിരുന്നു. ആശുപത്രി സേവനം, മൃതദേഹ സംസ്കരണം, മരുന്നുകൾ നാട്ടിൽനിന്ന് വരുത്തി നൽകൽ, വിമാന ടിക്കറ്റ് നൽകൽ, കൗൺസലിങ് തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഇവരും സംഘടിപ്പിച്ചിരുന്നു.
പി.സി.എഫ് സലാല
പി.ഡി.പിയുടെ പോഷക വിഭാഗമായ പി.സി.എഫ് സലാല, കോവിഡ് കാലത്ത് സജീവമായിരുന്നു. ഭക്ഷണത്തിന് പ്രയാസപ്പെടുന്നവർക്ക് ദിവസങ്ങളോളം ഭക്ഷണം തയാറാക്കി താമസസ്ഥലത്ത് എത്തിച്ചുകൊടുത്തു. മാസ്ക്, സാനിറ്റൈസർ വിതരണം, ഇഫ്താർ കിറ്റ് വിതരണം, പെരുന്നാൾ ഭക്ഷണവിതരണം, താമസം ഒരുക്കൽ തുടങ്ങി വിവിധ മേഖലകളിൽ പി.സി.എഫ് സലാല സജീവമായിരുന്നു.
മരണാനന്തര ബഹുമതികൾ
ഡോ. രാജേന്ദ്രൻ നായർ
കോവിഡിെൻറ ആദ്യകാലത്ത് മരണമടഞ്ഞ ഡോക്ടറാണ് ഡോ. രാജേന്ദ്രൻ നായർ. ചങ്ങനാശ്ശേരി സ്വദേശിയായിരുന്നു. 45 വർഷത്തോളമായി മസ്കത്തിൽ ഹാനി ക്ലിനിക് നടത്തിവരുകയായിരുന്നു. പാവങ്ങളുടെ ഡോക്ടർ എന്നാണ് അറിയപ്പെട്ടിരുന്നത്. തുച്ഛമായ തുകയാണ് ചികിത്സക്കായി വാങ്ങിയിരുന്നത്. ഭാര്യ: പി.ടി. വത്സല ദേവി. മക്കൾ: ഡോ. അഭിലാഷ് നായർ, ഡോ. രാജേഷ് നായർ, എൻജിനീയർ മഹേഷ് നായർ. ജനസേവനത്തിനായി സ്വന്തം ജീവിതം സമർപ്പിച്ചയാളാണ് ഡോ. രാജേന്ദ്രൻ നായർ. ഇദ്ദേഹത്തിെൻറ ഹാനി ക്ലിനിക് ഇപ്പോഴും റൂവിയിലെ ലുലുവിന് സമീപം പ്രവർത്തിക്കുന്നു. മക്കളും ഭാര്യയും നാട്ടിലാണുള്ളത്.
ബ്ലെസി തോമസ്
കോവിഡ് ചികിത്സാരംഗത്ത് പ്രവർത്തിച്ചിരുന്ന സ്റ്റാഫ് നഴ്സ് ബ്ലെസി തോമസാണ് വ്യക്തിഗത അർഹയായിട്ടുള്ള മറ്റൊരാൾ. മിനിസ്ട്രി ഓഫ് ഹെൽത്തിൽ സ്റ്റാഫ് നഴ്സായിരുന്നു. പത്തനംതിട്ട അടൂർ സ്വദേശിനിയായിരുന്നു. ഭർത്താവ് സാം ജോർജ് ഇപ്പോഴും ഒമാനിൽ ജോലി ചെയ്തുവരുന്നു. മക്കൾ കെസിയ സാം, കെവിൻ സാം ഇരുവരും പഠിക്കുന്നു. ബ്ലെസിയാണ് ഒമാനിൽ മരിച്ച ആദ്യ ആരോഗ്യപ്രവർത്തക.
രമ്യ റജുലാൽ
കോവിഡ് ബാധിച്ച് ഒമാനിൽ മരിച്ച സ്റ്റാഫ് നഴ്സാണ് രമ്യ റജുലാൽ. മിനിസ്ട്രിയുടെ റുസ്താഖ് ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. 2020 മേയിലാണ് ഇവർ മരിക്കുന്നത്. കോഴിക്കോട് പേരാമ്പ്ര നരയംകുളം സ്വദേശിയായിരുന്നു. ഭർത്താവ് റജുലാൽ, ഏക മകൾ ആറു വയസ്സുകാരി നക്ഷത്ര. ഒമാനിൽ മൂന്ന് വർഷമായി ജോലി ചെയ്തുവരുകയായിരുന്നു. ഗർഭിണിയായിരുന്ന രമ്യ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. ഭർത്താവും മകളും നാട്ടിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.