‘കാലാതിവര്‍ത്തിയായ കഥകളുടെ സ്രഷ്ടാവിന് ആദരാഞ്ജലി’; എം.ടിയെ അനുസ്മരിച്ച് കാതോലിക്ക ബാവ

കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവയുടെ കുറിപ്പ്. വായനയെ ഇഷ്ടപ്പെടുന്ന ആരെയും എന്നപോലെ എം.ടി തന്റെയും പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. എം.ടിയുടെ സൃഷ്ടികളിലൂടെ സഞ്ചരിക്കുമ്പോള്‍ അതിന്റെ ആത്മീയമായ തലങ്ങളിലേക്കാണ് മനസ്സ് പോകാറുള്ളത്. കാലാതിവര്‍ത്തിയായ കഥകളുടെ സ്രഷ്ടാവിന് ആദരാഞ്ജലിയെന്നും അദ്ദേഹത്തിന്റെ ആത്മാവിനായി പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

അനുശോചന കുറിപ്പിന്റെ പൂർണരൂപം

എം.ടി.വാസുദേവന്‍ നായര്‍ എന്ന അധ്യായം മലയാളത്തിന്റെ സാഹിത്യ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായവയിലൊന്നാണ്. ഒരിക്കലും വായിച്ചുതീര്‍ക്കാനാകാത്തതുമാണ്. കാലത്തെ അതിജീവിച്ചുനില്കുന്ന അക്ഷരങ്ങളാണ് എം.ടിയുടേത്. ഭാഷയുള്ളിടത്തോളം അവയ്ക്ക് മരണമില്ല. വായനയെ ഇഷ്ടപ്പെടുന്ന ആരെയും എന്നപോലെ എം.ടി എന്റെയും പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. വള്ളുവനാട് എന്ന ഭൂമിക അദ്ദേഹത്തിന്റെ രചനകളിലൂടെയും കഥാപാത്രങ്ങളിലൂടെയും പരിചിതമായത് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.

ഏകാകിയായ ഒരു യുവാവിന്റെ ആന്തരികസംഘര്‍ഷങ്ങള്‍ നിറഞ്ഞ അക്ഷരസമാഹാരങ്ങളായാണ് അവ അനുഭവപ്പെട്ടത്. പക്ഷേ എന്നെ അദ്ഭുതപ്പെടുത്തിയത് രണ്ടാമൂഴമായിരുന്നു. മഹാഭാരതത്തെ തന്റേതായ കണ്ണിലൂടെ കണ്ട് അദ്ദേഹം ഭീമനെ നായകസ്ഥാനത്തേക്കുയര്‍ത്തിയപ്പോൾ ആ പ്രതിഭയ്ക്ക് മുന്നില്‍ പ്രണമിക്കാന്‍ തോന്നിയിട്ടുണ്ട്. എം.ടിയുടെ സൃഷ്ടികളിലൂടെ സഞ്ചരിക്കുമ്പോള്‍ അതിന്റെ ആത്മീയമായ തലങ്ങളിലേക്കാണ് മനസ്സ് പോകാറുള്ളത്.

കാലങ്ങളായി ആഗ്രഹിക്കുന്നതായിരുന്നു അദ്ദേഹവുമായുള്ള കൂടിക്കാഴ്ച. നവതി പിന്നിട്ടപ്പോള്‍ കോഴിക്കോട് അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടു. ബൈബിളും പേനയും സമ്മാനമായി കൊടുത്തു. എം.ടിയുടെ ഒരു ചെറുകഥയുടെ പേരുപോലെ 'ഒരു പിറന്നാളിന്റെ ഓര്‍മയ്ക്ക്'.

അന്ന് പ്രായത്തിന്റെ അവശതകളേതുമില്ലാതെയാണ് അദ്ദേഹം സംസാരിച്ചത്. ആത്മീയതയും സാഹിത്യവും മനുഷ്യരാശിയുടെ ഭാവിയുമെല്ലാം ഞങ്ങളുടെ സംഭാഷണത്തില്‍ കടന്നുവന്നു. തൊണ്ണൂറാംവയസ്സിലും അദ്ദേഹം ലോകത്തിന്റെ ഏറ്റവും പുതിയ സ്പന്ദനങ്ങള്‍ പോലും അറിയുന്നുവെന്നത് അതിശയകരമായ കാഴ്ചയായിരുന്നു. കാലാതിവര്‍ത്തിയായ കഥകളുടെ സ്രഷ്ടാവിന് ആദരാഞ്ജലി. അദ്ദേഹത്തിന്റെ ആത്മാവിനായി പ്രാര്‍ഥനകള്‍.

Tags:    
News Summary - Catholica Bava Message on MT Vasudevan Nair's demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.