മനാമ: ജോലി തേടിയെത്തി ബഹ്റൈനിൽ കുടുങ്ങിയ മലയാളികൾക്കായി സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ. ഇതേത്തുടർന്ന് എല്ലാവരുടെയും പാസ്പോർട്ട് കമ്പനി തിരിച്ചുകൊടുത്തു. ശമ്പള കുടിശ്ശികയിൽ ഒരുഭാഗം നൽകുകയും ചെയ്തു. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളായ 24 പേരാണ് ജോലിയില്ലാതെ ഹിദ്ദിലെ ഒരു കെട്ടിടത്തിൽ കഴിയുന്നത്. ഏജൻറിന് 75,000 രൂപ വീതം നൽകിയാണ് ഇവർ ബഹ്റൈനിൽ എത്തിയത്. ചെയ്ത ജോലിക്ക് ശമ്പളം ലഭിക്കാതെ ദുരിതത്തിൽ കഴിയുന്ന ഇവരെക്കുറിച്ച് കഴിഞ്ഞ ദിവസം 'ഗൾഫ് മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. െഎ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ കമ്പനി ഉടമകളെ ബന്ധപ്പെട്ടതിനെ തുടർന്നാണ് നടപടിയുണ്ടായത്.
24 പേരുടെയും പാസ്പോർട്ട് തിരിച്ചുനൽകി. കുടിശ്ശികയിൽ ശേഷിക്കുന്ന ശമ്പളം അടുത്ത മാസം 25നകം നൽകുമെന്നാണ് കമ്പനി പ്രതിനിധികൾ അറിയിച്ചിരിക്കുന്നത്. സാമൂഹിക പ്രവർത്തകരായ നിസാർ കൊല്ലം, നൗഷാദ് പൂനൂർ, വിപിൻ ദേവസ്യ, കൃഷ്ണൻകുട്ടി, ജോൺ പരുമല, ശ്രീജിത്ത് ഒഞ്ചിയം എന്നിവരും തൊഴിലാളികളുടെ താമസസ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വിവിധ ജില്ലക്കാരായ 40ഒാളം പേർ ബഹ്റൈനിൽ എത്തിയത്. നാലും അഞ്ചും മാസം ജോലി ചെയ്തെങ്കിലും പലർക്കും ഒരു മാസത്തെ ശമ്പളമാണ് ലഭിച്ചത്. ശമ്പളം ലഭിക്കാതായതോടെ 15ഒാളം പേർ നാട്ടിലേക്ക് തിരിച്ചുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.