മനാമ: കഴിഞ്ഞ ഒരു വർഷത്തിനിടെ പുതുതായി 98 ആരോഗ്യ സ്ഥാപനങ്ങൾക്കും 38 ഫാർമസികൾക്കും അനുമതി നൽകിയതായി നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഡോ. മർയം അദ്ബി അൽ ജലാഹിമ. 2021നെ അപേക്ഷിച്ച് ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 10.7 ശതമാനം വർധന കഴിഞ്ഞ വർഷമുണ്ടായി.
ആശുപത്രികളുടെ ഗുണനിലവാരം വിലയിരുത്തുന്നതിന് അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാനും ഇക്കാലയളവിൽ സാധിച്ചു. ആരോഗ്യ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ 256 നിയമ ലംഘനം പരിഹരിച്ചു. ചികിത്സ പിഴവുമായി ബന്ധപ്പെട്ട 61 പരാതികളിൽ നടപടി കൈക്കൊണ്ടതായും 2022ലെ പ്രവർത്തന റിപ്പോർട്ട് വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര നിലവാരത്തിൽ ആരോഗ്യ പരിചരണം സാധ്യമാക്കുന്നതിനുള്ള പ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ സാധിച്ചു. വിവിധ തരം സേവനങ്ങൾ ഓൺലൈനാക്കാൻ കഴിഞ്ഞത് സഹായകമായി. ആരോഗ്യ, ചികിത്സ സേവനങ്ങളുമായി ബന്ധപ്പെട്ട് നിരവധി സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും പിഴവുകൾ തിരുത്തുകയും ചെയ്തു.
797 ആരോഗ്യ സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകി. രാജ്യത്ത് മൊത്തം 920 ആരോഗ്യ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ആരോഗ്യ മേഖലയിൽ 3846 പുതിയ പ്രഫഷനലുകൾക്ക് അംഗീകാരം നൽകുകയും 12840 ലൈസൻസുകൾ പുതുക്കി നൽകുകയും ചെയ്തു. 2022 അവസാനത്തിൽ രാജ്യത്ത് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതി നേടിയവരുടെ എണ്ണം 20475 ആയി ഉയർന്നു. പുതിയ മരുന്നുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള 5878 പഠനങ്ങൾ നടന്നു. ചില മരുന്നുകളിലടങ്ങിയ വസ്തുക്കൾ മാറ്റുന്നതിനുള്ള അപേക്ഷകളും പരിഗണിച്ചു. മൊത്തം 177 പുതിയ മരുന്നുകൾക്കാണ് പോയ വർഷം അംഗീകാരം നൽകിയത്. നിലവിൽ ബഹ്റൈനിൽ രജിസ്റ്റർ ചെയ്ത മരുന്നുകൾ 3683 ഇനങ്ങളാണ്.
2021നേക്കാൾ ഫാർമസികളുടെ എണ്ണത്തിൽ നാല് ശതമാനം വർധനവുണ്ടായി. മൊത്തം 411 ഫാർമസികളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാനുള്ള 11404 അപേക്ഷ പോയ വർഷം ലഭിച്ചു. ക്ലിനിക്കൽ റിസർചുകളുടെ ഭാഗമായി 12135 കേസ് പഠന വിധേയമാക്കി. ഇതിൽ ഏഴ് ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി നൽകി.
സാമ്പത്തിക സന്തുലിതത്വം ഉറപ്പാക്കുന്നതിന് അതോറിറ്റി സ്വീകരിച്ച നടപടികൾ വിജയത്തിലെത്തിയതായും അവർ അവകാശപ്പെട്ടു. 2021ൽ 240 ലക്ഷം ദിനാറായിരുന്നു അതോറിറ്റിയുടെ വരുമാനമെങ്കിൽ 2022ൽ 260 ദശലക്ഷം ദിനാറായി വർധിച്ചു. ആവർത്തിത ചെലവുകളുടെ 93 ശതമാനവും ഇതുവഴി പൂർത്തിയാക്കാൻ കഴിഞ്ഞതായും ഡോ. മർയം അദ്ബി അൽ ജലാഹിമ പറഞ്ഞു.
ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി നടത്തിയ ശ്രമങ്ങൾ വിജയം കണ്ടു. 92 ശതമാനം ആശുപത്രികളും 93 ശതമാനം ഹെൽത്ത് സെന്ററുകളും മികവ് പുലർത്താനുള്ള നിർദേശങ്ങളിൽ 80 ശതമാനവും പൂർത്തീകരിച്ചു. ആരോഗ്യ മേഖലയിൽ നിക്ഷേപമിറക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് മറുപടി നൽകിയതായും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.