മനാമ: വയനാട് ദുരന്തത്തിൽ ഉമ്മുമ്മയൊഴികെ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട 15 കാരൻ മുഹമ്മദ് ഹാനിക്ക് സഹായ ഹസ്തവുമായി ബഹ്റൈൻ പ്രവാസി. ഇരിഞ്ഞാലക്കുട സ്വദേശിയും 44 വർഷമായി ബഹ്റൈൻ പ്രവാസിയുമായ ഡേവിസ് മാത്യുവാണ് ഹാനിയുടെ പഠനത്തിനാവശ്യമായ തുക നൽകാമെന്ന് അറിയിച്ചത്.
ഉമ്മ അടക്കം എട്ട് ബന്ധുക്കളെ നഷ്ടപ്പെട്ട ഹാനിയുടെ ദുരിതവാർത്ത മാധ്യമങ്ങളിൽ കണ്ടപ്പോൾ കരഞ്ഞുപോയെന്ന് ഡേവിസ് മാത്യു ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ ഉമ്മയും ഉപ്പയും സഹോദരങ്ങളും ബന്ധുക്കളും ഹാനിയുടെ കൺമുന്നിലൂടെയാണ് ഒലിച്ചുപോയത്. നാല് മണിക്കൂർ ചളിയിൽ പുതഞ്ഞുകിടന്ന ഹാനി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഉമ്മൂമ്മയെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും തലേന്ന് സന്തോഷത്തോടെ ഒരുമിച്ചുറങ്ങിയ കുടുംബം മുഴുവൻ മാഞ്ഞുപോയി. തലേന്ന് പെയ്ത മഴയെത്തുടർന്ന് ഹാനിയുടെ കുടുംബാംഗങ്ങളെല്ലാം അന്ന് ഒരുമിച്ചായിരുന്നു. തലേന്ന് സഹോദരിമാരുടെ കൂടെ ഒന്നിച്ചിരുന്ന് താൻ മാധ്യമപ്രവർത്തകനായും സഹോദരങ്ങൾ രക്ഷാപ്രവര്ത്തകരായുമെല്ലാം കളിച്ച കാര്യവും ഹാനി പിന്നീട് പങ്കുവെച്ചിരുന്നു.
ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കുടുംബത്തെയാണ് മലവെള്ളം തട്ടിയെടുത്തത്. നാല് മണിക്കൂറാണ് ഹാനി പേടിച്ച് വിറച്ച് ചളിക്കകത്ത് കഴിഞ്ഞത്. ഈ വാർത്ത കണ്ടപ്പോൾ മുതൽ ഹാനിയുടെ മുഖം മനസ്സിൽനിന്ന് മായാതെ താൻ അസ്വസ്ഥനായി നടക്കുകയായിരുന്നെന്ന് ഡേവിസ് പറഞ്ഞു. പിന്നെ വേറൊന്നും ആലോചിക്കാൻ തോന്നിയില്ല, ആ ബാലന്റെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന് നാട്ടിൽ വിളിച്ചറിയിക്കുകയായിരുന്നു. ആദ്യം 10 ലക്ഷം രൂപ നൽകാമെന്നാണ് വിചാരിച്ചത്.
എന്നാൽ, പഠനം പൂർത്തിയാകുന്നതുവരെ ആവശ്യമുള്ള തുക നൽകാനാണ് തീരുമാനം. മക്കളോട് പോലും ആലോചിക്കാതെയാണ് ഈ തീരുമാനമെടുത്തത്. എന്നാൽ, ഇതറിഞ്ഞപ്പോൾ മക്കൾ നാലുപേരും സന്തോഷം പ്രകടിപ്പിക്കുകയാണ് ചെയ്തത്. സഫ്രിയ പാലസിൽ ഗാർഡൻ ലാൻഡ്സ്കേപ്പ് മാനേജരായി ജോലി ചെയ്യുന്ന ഡേവിസ് മാത്യു തൊമ്മാന എന്ന ഡേവിസ് ഇരിഞ്ഞാലക്കുട പൂല്ലുർ ഊരകം സ്വദേശിയാണ്. ഭാര്യ റോസ്ലി രണ്ടുവർഷം മുമ്പ് മരിച്ചു. ഡോ. ഡേവറിൻ റോഷൻ (ബഹ്റൈൻ), ഡാരിയോൺ ഡേവിസ് (എയറോനോട്ടിക്കൽ എൻജിനീയർ, കൊച്ചി), ഡെറോൺ ഡേവിസ് (യു.കെ), ഡെറോസ് ആഷിം (ബഹ്റൈൻ) എന്നിവരാണ് മക്കൾ. ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ കോഓഡിനേറ്റർ കൂടിയാണ് ഡേവിസിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.