മനാമ: 2023 ആദ്യ പകുതിയിൽ 14,000 സ്വദേശികൾക്ക് തൊഴിൽ നൽകിയതായി തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ അറിയിച്ചു. സ്വകാര്യ മേഖലയിലടക്കം മികച്ച തൊഴിലവസരങ്ങൾ ഒരുക്കാൻ സാധിച്ചിട്ടുണ്ട്. തൊഴിൽ വിപണിയിലെ ആവശ്യത്തിനനുസൃതമായി ആവശ്യമായ പരിശീലനം നൽകുകയും സ്വകാര്യ മേഖലയിൽ പ്രഥമ പരിഗണന ലഭ്യമാകുന്ന തരത്തിൽ കഴിവുറ്റവരെ വളർത്തിയെടുക്കാനും സാധിച്ചിട്ടുണ്ട്.
വർഷം തോറും 20,000 സ്വദേശികൾക്ക് തൊഴിൽ നൽകുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആറ് മാസത്തിനിടെ ഇതിന്റെ 71 ശതമാനം പൂർത്തിയാക്കാൻ കഴിഞ്ഞത് നേട്ടമാണെന്നും അദ്ദേഹം വിലയിരുത്തി.
വർഷത്തിൽ 10,000 പേർക്ക് തൊഴിൽ പരിശീലനം നൽകുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
ഇതിൽ 7237 പേർക്ക് പരിശീലനം ഇതിനകം നൽകാൻ സാധിച്ചിട്ടുണ്ട്. ലക്ഷ്യമിട്ടതിന്റെ 72 ശതമാനം ആറ് മാസത്തിനിടയിൽ നേടാൻ സാധിച്ചത് ഏറെ സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷ ആദ്യ പാതിയിൽ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ വേതനത്തിൽ 6.3 ശതമാനം വർധനയുണ്ടായി. തംകീനുമായി സഹകരിച്ച് മെച്ചപ്പെട്ട വേതനം ഉറപ്പുവരുത്താനും മന്ത്രാലയം ശ്രമിക്കുന്നുണ്ട്. തൊഴിൽ സാധ്യതകൾ അറിയിക്കുന്നതിന് പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും അതുവഴി മികച്ച തൊഴിലന്വേഷകരെ കണ്ടെത്തുന്നതിനും എൽ.എം.ആർ.എയുടെ സഹകരണത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.