ബഹ്റൈന്‍ നിക്ഷേപ സമ്മേളനത്തിന് തുടക്കമായി

മനാമ: ബഹ്റൈന്‍ നിക്ഷേപ സമ്മേളനത്തിന് (ഇന്‍വെസ്റ്റ് ഇന്‍ ബഹ്റൈന്‍ ഫോറം) കഴിഞ്ഞ ദിവസം തുടക്കമായി. ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ ആരംഭിച്ച ഫോറം ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ ഉദ്ഘാടനം ചെയ്തു. വാണിജ്യ-വ്യവസായ ടൂറിസം മന്ത്രാലയത്തിന്‍െറ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി ഈ ഫോറം നടക്കുന്നുണ്ട്. മന്ത്രിമാര്‍, പ്രത്യേക ക്ഷണിതാക്കള്‍, ശൂറാ കൗണ്‍സില്‍ അധ്യക്ഷന്‍, മറ്റ് ഉന്നത വ്യക്തിത്വങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ ഫോറം നടക്കുന്നത്.  2003 ലാണ് ഈ നിക്ഷേപ സമ്മേളനം തുടങ്ങുന്നത്. രാജ്യത്തെ അവസരങ്ങള്‍ സ്വദേശ-വിദേശ നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും മുന്നില്‍ പരിചയപ്പെടുത്തുന്നതിന് ഇത് അവസരമൊരുക്കുമെന്ന് ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. വിവിധ മേഖലകളിലുള്ള നിക്ഷേപകര്‍ക്ക് ബഹ്റൈനില്‍ വലിയ അവസരങ്ങളാണുള്ളത്. 
അനായസമായും വേഗത്തിലും സംരംഭങ്ങള്‍ തുടങ്ങാന്‍ സൗകര്യമൊരുക്കുമെന്നത് ബഹ്റൈന്‍െറ പ്രത്യേകതയാണ്. നിയമപരവും ഭരണപരവുമായ കാര്യങ്ങള്‍ നിക്ഷേപ സൗഹൃദപരമായി മാറ്റുന്നതില്‍ രാജ്യം വിജയിച്ചിട്ടുണ്ട്. വ്യവസായ സംരംഭങ്ങളും വാണിജ്യ സ്ഥാപനങ്ങളും സ്ഥാപിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കാന്‍ സഹായകമായത് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ പരിഷ്കരണ നടപടികളാണ്. പ്രത്യേകം വ്യവസായ മേഖലകള്‍ ആരംഭിച്ച് അവിടെ മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രശസ്തമായ കമ്പനികള്‍ക്ക് ആതിഥ്യമേകാന്‍ സാധിച്ചിട്ടുണ്ട്. പോയവര്‍ഷം 914 ദശലക്ഷം ദിനാറിന്‍െറ നേരിട്ടുള്ള നിക്ഷേപ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇത്രയും നിക്ഷേപം ബഹ്റൈനിലത്തെിയത് നേട്ടം തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  120 സ്റ്റാളുകളിലായി നിരവധി കമ്പനികള്‍ ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്്. 
വ്യവസായം, ടെലികമ്യൂണിക്കേഷന്‍, ലോജിസ്റ്റിക്സ്, അലൂമിനിയം, ഭക്ഷ്യോല്‍പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിക്ഷേപ സംരംഭങ്ങള്‍ക്ക് വന്‍ അവസരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ നിക്ഷേപകര്‍ക്കുമുള്ള ഇടമായി ബഹ്റൈനെ പരിചയപ്പെടുത്തുകയാണ് സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രി പറഞ്ഞു. ഫോറം വിജയിപ്പിക്കുന്നതിന് ബഹ്റെന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രിയുടെ സഹകരണം പ്രാധാന്യമുള്ളതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രക്ഷാധികാരിയായ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, ഫോറം ഉദ്ഘാടനം ചെയ്ത ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ, ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഖാലിദ് അബ്ദുറഹ്മാന്‍ ഖലീല്‍ അല്‍മുഅയ്യദ് എന്നിവര്‍ക്ക് മന്ത്രി ആശംസകള്‍ അര്‍പ്പിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.