മനാമ: മൈക്രോസോഫ്റ്റ് സാങ്കേതിക തകരാർമൂലം ബഹ്റൈൻ എയർപോർട്ടിലെ വിമാന സർവീസുകൾ വൈകി.
കമ്പ്യൂട്ടർ സംവിധാനം പണിമുടക്കിയതോടെ യാത്രക്കാരുടെ ബോർഡിങ് തടസ്സപ്പെട്ടു. ഇതോടെ നിരവധി വിമാനങ്ങളിലെ യാത്രക്കാർ എയർപോർട്ടിൽ നിറഞ്ഞു. പിന്നീട് മാനുവലായി യാത്രക്കാർക്ക് ബോർഡിങ് പാസ് നൽകി അകത്തേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. വിമാനക്കമ്പനികളുടെ വെബ്സൈറ്റും റിസർവേഷൻ സംവിധാനവും എയർപോർട്ട് ചെക്ക് ഇൻ സിസ്റ്റവും പ്രവർത്തിച്ചില്ല. ഇതുമൂലം ചെക്ക് ഇൻ നടപടികളിൽ താമസമുണ്ടാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ അടക്കം വിമാനക്കമ്പനികൾ യാത്രക്കാരെ അറിയിച്ചു. യാത്രക്കാർ പ്രശ്നം മനസ്സിലാക്കണമെന്നും കമ്പനികൾ അഭ്യർഥിച്ചു.
നിരവധി വിമാന സർവിസുകൾ ഇതിനെത്തുടർന്ന് വൈകി. എയർപോർട്ടിലേക്ക് തിരിക്കുന്നതിനുമുമ്പ് എയർലൈൻ കമ്പനികളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ സമയവും സ്റ്റാറ്റസും പരിശോധിക്കണമെന്ന് വിദേശകാര്യമന്ത്രാലയം യാത്രക്കാരോട് നിർദേശിച്ചു.വെള്ളിയാഴ്ച രാവിലെയാണ് സാങ്കേതിക തകരാറുണ്ടായത്. ബ്ലൂ സ്ക്രീൻ ഡെത്ത് എന്ന പേരിലറിയപ്പെടുന്ന പ്രശ്നമാണ് മൈക്രോസോഫ്റ്റിനുണ്ടായത്. ഇതുമൂലം ആളുകൾക്ക് മെക്രോസോഫ്റ്റ് സോഫ്റ്റ്വെയർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ ഉൾപ്പടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിലെ എല്ലാ സാങ്കേതിക സംവിധാനങ്ങളും പൂർണമായും പ്രവർത്തനക്ഷമമാണെന്നും ആഗോള സാങ്കേതിക പ്രശ്നം ബാധിച്ചില്ലെന്നും ബഹ്റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) അറിയിച്ചു.
ആവശ്യമായ മുൻകരുതൽ നടപടികൾ എടുത്തിരുന്നു. ചില ഫ്ലൈറ്റുകളുടെ റദ്ദാക്കൽ, വൈകൽ,പുനഃക്രമീകരിക്കൽ, എന്നീ തടസ്സങ്ങൾ എയർപോർട്ട് സാങ്കേതിക സംവിധാനങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും ബി.എ.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.