മനാമ: ബഹ്റൈന് കടം വാങ്ങാവുന്ന പണത്തിന്‍െറ പരിധി കുറക്കാനുള്ള നിര്‍ദേശത്തെ അനുകൂലിച്ച് എം.പിമാര്‍ വോട്ടുചെയ്തു. ഈ തീരുമാനം പൊതുകാര്യങ്ങള്‍ക്കായുള്ള സര്‍ക്കാറിന്‍െറ ചെലവുകളെ പ്രതികൂലമായി ബാധിക്കുമെന്ന അഭിപ്രായം മറികടന്നാണ് എം.പിമാര്‍ വോട്ടുരേഖപ്പെടുത്തിയതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
കടം വാങ്ങല്‍ പരിധി മൊത്തആഭ്യന്തര ഉല്‍പാദനത്തിന്‍െറ (ജി.ഡി.പി) 60 ശതമാനമായി നിജപ്പെടുത്തുന്ന നിര്‍ദേശമാണ് പാര്‍ലമെന്‍റ് അംഗീകരിച്ചത്. ധനകാര്യമന്ത്രി ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ തീരുമാനത്തെ ‘അപകടകരം’ എന്നാണ് വിശേഷിപ്പിച്ചത്. നിലവിലുള്ള കടമായ 6.6 ബില്ല്യണ്‍ ജി.ഡി.പിയുടെ 53 ശതമാനമാണ്. എം.പിമാരുടെ പുതിയ തീരുമാനം സര്‍ക്കാറിന്‍െറ എല്ലാ പദ്ധതികളും പുനരവലോകനം ചെയ്യേണ്ട സാഹചര്യത്തിലേക്ക് നയിക്കുമെന്ന് മന്ത്രി പറഞ്ഞു.
നിലവിലുള്ള ബജറ്റില്‍ ഈ വര്‍ഷം 1.504 ബില്ല്യണും അടുത്ത വര്‍ഷം 1.505 ബില്ല്യണും കമ്മിയാണ്. ബജറ്റ് കണക്കുകൂട്ടിയത് എണ്ണവില ബാരലൊന്നിന് 60 ഡോളര്‍ ലഭിക്കും എന്ന നിലക്കാണ്. എന്നാല്‍ ഇപ്പോഴത്തെ എണ്ണവില ബാരലൊന്നിന് ശരാശരി 40 ഡോളര്‍ മാത്രമാണ്.
രാജ്യത്തിന്‍െറ മൊത്തം വരുമാനത്തിന്‍െറ 80 ശതമാനത്തിലധികവും എണ്ണയില്‍ നിന്നുള്ളതാണ്. ഈ പ്രതിസന്ധിയില്‍ നിന്നാണ് സര്‍ക്കാര്‍ ചെലവുചുരുക്കല്‍ നടപടികളും മറ്റുവരുമാനം കണ്ടത്തെുന്നതിനുള്ള തീരുമാനവുമായി മുന്നോട്ടുപോകുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാനായി കഴിഞ്ഞമാസം കടംവാങ്ങല്‍ പരിധി 7ബില്ല്യണ്‍ ദിനാറില്‍ നിന്ന് 10ബില്ല്യണ്‍ ദിനാറാക്കി ഉയര്‍ത്തി രാജകീയ ഉത്തരവ് ഇറങ്ങിയിരുന്നു.
10 ബില്ല്യണ്‍ ദിനാര്‍ എന്ന തുക ജി.ഡി.പിയുടെ 78 ശതമാനം വരുമെന്നതിനാല്‍ ഇതിന് എം.പിമാര്‍ അംഗീകരിച്ച ബില്ലുമായി വൈരുധ്യമുണ്ടാകും.
പാര്‍ലമെന്‍റില്‍ ഉണ്ടായിരുന്ന 37 എം.പിമാരും നിര്‍ദേശം അംഗീകരിച്ചതിനെ തുടര്‍ന്ന് ഇത് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ അംഗീകാരത്തിനായി അയച്ചു. സര്‍ക്കാറിന് വേണമെങ്കില്‍ ഈ ബില്‍ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് രാജാവിനെ സമീപിക്കാം. അതിനുള്ള കാരണങ്ങള്‍ നിരത്തണമെന്ന് മാത്രം. മറ്റ് 15നിര്‍ദേശങ്ങളും പാര്‍ലമെന്‍റ് അംഗീകരിച്ചിട്ടുണ്ട്.
ഇത് മന്ത്രിസഭയുടെ പരിഗണനക്കായി വിട്ടു.
ബുഹൈറിലെ പള്ളിയുടെയും മള്‍ടി പര്‍പസ് ഹാളിന്‍െറയും നിര്‍മ്മാണം, ജുഫൈറില്‍ പള്ളിക്കായി സ്ഥലം അനുവദിക്കല്‍, അംവാജ് ഐലന്‍റില്‍ പള്ളി നിര്‍മ്മിക്കാനുള്ള അഭ്യര്‍ഥന, കാര്‍ ഇന്‍സ്പെകഷനും രജിസ്ട്രേഷനുമായി മുഹറഖില്‍ ഓഫിസ്, പൊതുജനവുമായി ഇടപെടുന്ന പൊലീസുകാര്‍ക്ക് പബ്ളിക് റിലേഷന്‍സ് കോഴ്സ്, അനിസ്ലാമിക ചിത്രങ്ങളുള്ള പ്രസിദ്ധീകരണങ്ങളുടെ നിരോധം, അനിസ്ലാമിക പ്രസിദ്ധീകരണങ്ങളുടെ ഇറക്കുമതി തടയല്‍, ഓരോ ഗവര്‍ണറേറ്റിലും അംഗപരിമിതര്‍ക്കായി കേന്ദ്രങ്ങള്‍, ദേശവ്യാപകമായി 16സര്‍ക്കാര്‍ നഴ്സറികളും കിന്‍റര്‍ഗാര്‍ടനുകളും, ഇവിടെ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് പ്രത്യേക കേന്ദ്രങ്ങള്‍, സീഫില്‍ പ്രായമായവര്‍ക്ക് അഭയകേന്ദ്രം, ബുസൈതീനില്‍ ഫിഷിങ് ജെട്ടി, ഗലാലി ഫിഷിങ് ജെട്ടി നവീകരണം, നോര്‍തേണ്‍ ഗവര്‍ണറേറ്റ് അഞ്ചാം മണ്ഡലത്തില്‍ പബ്ളിക് പാര്‍ക്, ഇവിടെ നടപ്പാതയുടെ നിര്‍മാണം, കുടുംബങ്ങളുടെ ഉല്ലാസത്തിനായി ദുറാസിലെ അബു ശോബ് തീരത്തിന്‍െറ വികസനം, സാറില്‍ നിന്ന് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവെയിലേക്ക് പുതിയ ഹൈവെ നിര്‍മാണം എന്നിവയാണ് പുതുതായി അംഗീകരിച്ച നിര്‍ദേശങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.