വെടിക്കെട്ട് അപകടം: മരിച്ചവരില്‍  ബഹ്റൈന്‍  മുന്‍ പ്രവാസിയും

മനാമ: കൊല്ലം പറവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ ബഹ്റൈന്‍ മുന്‍ പ്രവാസിയും. അഞ്ചുവര്‍ഷത്തോളം ബഹ്റൈനില്‍ ജോലി ചെയ്ത തിരുവനന്തപുരം മണമ്പൂര്‍ സ്വദേശി മേടയില്‍ സുനില്‍ കുമാര്‍ (47) ആണ് മരിച്ചത്. വെടിക്കെട്ടപകടത്തില്‍ സുനില്‍ കുമാര്‍ മരിച്ച വിവരം ഞെട്ടലോടെയാണ് അറിഞ്ഞതെന്ന് അദ്ദേഹത്തിന്‍െറ സുഹൃത്ത് മണമ്പൂര്‍ സ്വദേശി പ്രദീപ് കുമാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഗുദൈബിയയില്‍ എ.സി.ടെക്നീഷ്യനായി ജോലിചെയ്യുകയാണ് പ്രദീപ്. മരിച്ച സുനിലിനെയും ബന്ധുക്കളെയും നാട്ടില്‍ വെച്ചുതന്നെ അറിയാമെന്ന് പ്രദീപ് പറഞ്ഞു. ഏകദേശം അഞ്ചുവര്‍ഷം മുമ്പാണ് സുനില്‍ പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത്. ഇവിടെ മുഹറഖ് അല്‍ ഹിലാല്‍ ആശുപത്രിക്ക് പിറകിലായിരുന്നു താമസം. കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ മേസന്‍ ആയി ജോലി നോക്കുകയായിരുന്നു. നാട്ടിലും മേസന്‍ ജോലിയാണ് ചെയ്തിരുന്നത്. ഭാര്യയും രണ്ട് പെണ്‍കുട്ടികളും അടങ്ങിയതാണ് സുനില്‍ കുമാറിന്‍െറ കുടുംബം. മൂത്ത മകള്‍ പത്താം ക്ളാസിലും രണ്ടാമത്തെയാള്‍ അഞ്ചാം ക്ളാസിലും പഠിക്കുകയാണ്. വെടിക്കെട്ടപകടം ഉണ്ടായതിനെ തുടര്‍ന്ന് ഓടുമ്പോള്‍ തെറിച്ചുവന്ന കോണ്‍ക്രീറ്റ് കഷ്ണം തലക്കുപിന്നില്‍ ഇടിച്ചാണ് മരണം സംഭവിച്ചത്. 
നാട്ടില്‍ പ്രധാന കമ്പമത്സര വേദിയായ ഈ ക്ഷേത്രത്തിലെ വെടിമരുന്ന് പ്രയോഗം കാണാന്‍ സമീപ ദേശങ്ങളിലുള്ളവരെല്ലാം ഒത്തുകൂടുന്നത് പതിവാണെന്നും പ്രദീപ് പറഞ്ഞു. 
 അതിനിടെ, വെടിക്കെട്ട് ദുരന്തത്തില്‍ അനുശോചിച്ച് വിവിധ സംഘടനകള്‍ ഇന്നലെയും യോഗം ചേര്‍ന്നു. സംഭവത്തില്‍ ഒ.ഐ.സി.സി അഗാധമായ ദുഃഖംരേഖപ്പെടുത്തി. അദ്ലിയ കാള്‍ട്ടണ്‍ ഹോട്ടലില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ഒ.ഐ.സി.സി  കൊല്ലം ജില്ല പ്രസിഡന്‍റ് നിസാമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനില്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ സര്‍വമത പ്രാര്‍ഥന നടത്തി. മരണപ്പെട്ടവരുടെ കുടുംബത്തിന്‍െറ ദുഃഖത്തില്‍ പങ്കുചേരുന്നതായി ഒ.ഐ.സി.സി ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജുകല്ലുംപുറം പറഞ്ഞു. ചടങ്ങില്‍ ദേശീയ പ്രസിഡന്‍റ് ബിനു കുന്നന്താനം, ഗ്ളോബല്‍ കമ്മിറ്റി സെക്രട്ടറി വി.കെ. സെയ്ദാലി, ദേശീയ ജനറല്‍ സെക്രട്ടറിമാരായ ബോബി പാറയില്‍,രാമനാഥന്‍, സെക്രട്ടറി മനു മാത്യു, അജിത് വര്‍ഗീസ്,റോബിന്‍ എബ്രഹാം,സല്‍മാനുല്‍ ഫാരിസ്, യൂത്ത് വിങ് ദേശീയ പ്രസിഡന്‍റ് ഇബ്രാഹിം അദ്ഹം ,സുനില്‍ ചെറിയാന്‍ ,ബിനു പാലത്തിങ്ങല്‍, ലിജോ പുതുപ്പള്ളി, എന്നിവര്‍ സംസാരിച്ചു.പരവൂര്‍ ദുരന്തത്തില്‍ അനുശോചിച്ച് ‘വോയ്സ് ഓഫ് പാലക്കാട്’ യോഗം ചേര്‍ന്നു. പ്രസിഡന്‍റ് ദീപക് മേനോന്‍, ജന.സെക്രട്ടറി ഇ.വി.വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
 വെടിക്കെട്ട് ദുരന്തത്തില്‍ അനുശോചിച്ച് ‘സംഗമം ഇരിഞ്ഞാലക്കുട’ യോഗം ചേര്‍ന്നു. ഭാരവാഹികള്‍ പങ്കെടുത്തു. 
നാടിനെ ദു$ഖത്തിനൊപ്പം ‘സാംസ’യും പങ്കുചേരുന്നതായി സംഘടന ഭാരവാഹികള്‍ അറിയിച്ചു. ദുരന്തങ്ങള്‍ വരുമ്പോള്‍ മാത്രം വേവലാതിപ്പെടുകയും എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തുകയും ചെയ്യുന്ന രീതി എതിര്‍ക്കപ്പെടേണ്ടതാണ്. ആരാധനാലയങ്ങളില്‍ വെടിക്കെട്ട് ആവശ്യമുണ്ടോ എന്ന കാര്യം പൊതു ചര്‍ച്ചക്ക് വിധേയമാക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. സംഭവത്തില്‍ ‘തൃശൂര്‍ സംസ്കാര’യും അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു$ഖത്തില്‍ പങ്കുചേരുന്നതായി ‘ജ്വാല’ പാട്രണ്‍ എം.പി.രഘു പറഞ്ഞു. വെടിക്കെട്ടിന് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തണമെന്ന് എഴുത്തുകാരന്‍ ജോസ് ആന്‍റണി പറഞ്ഞു.വെടിക്കെട്ടു ദുരന്തങ്ങളും ആനയിടഞ്ഞുള്ള കൊലവിളിയും തുടരുമ്പോഴും അധികൃതര്‍ നിസംഗരായി നില്‍ക്കുകയാണെന്ന് കഥാകൃത്ത് രാജു ഇരിങ്ങല്‍ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.