മന്ത്രിസഭായോഗം: തീവ്രവാദം ശക്തമായി നേരിടും

മനാമ: കഴിഞ്ഞ ദിവസം കര്‍ബാബാദിലുണ്ടായ ഭീകരാക്രമണത്തെ മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു. 
രാജ്യരക്ഷക്കും സമാധാന പാലനത്തിനുമായി ജീവന്‍ ത്യജിച്ച ധീരഭടന് സ്വര്‍ഗം ലഭിക്കട്ടെയെന്നും അദ്ദേഹത്തിന്‍െറ കുടുംബത്തിന് ക്ഷമയും സമാധാനവും പ്രദാനം ചെയ്യട്ടെയെന്നും പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗം പ്രാര്‍ഥിച്ചു. തുര്‍ക്കിയില്‍ നടന്ന 13ാമത് ഇസ്ലാമിക ഉച്ചകോടിയില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ സന്ദേശം വായിച്ചിരുന്നു. 
തീവ്രവാദത്തെ ഇല്ലായ്മ ചെയ്യുന്നതിനും അതിന്‍െറ ഉറവിടങ്ങള്‍ നശിപ്പിക്കുന്നതിനുമുള്ള പ്രാധാന്യത്തെക്കുറിച്ചായിരുന്നു രാജാവിന്‍െറ കുറിപ്പ്. 
ഹമദ് രാജാവിനെ പ്രതിനിധീകരിച്ച് ഉച്ചകോടിയില്‍ പങ്കെടുത്ത കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയെ കാബിനറ്റ് അഭിനന്ദിച്ചു. തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടാനുള്ള ഉച്ചകോടി തീരുമാനത്തെ കാബിനറ്റ് സ്വാഗതം ചെയ്തു.
 ഉച്ചകോടിയില്‍ കിരീടവകാശിക്കൊപ്പം പങ്കെടുത്ത ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ഖലീഫ വിവരങ്ങള്‍ സഭയില്‍ പങ്കുവെച്ചു. 
ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്താനും ആനുകൂല്യങ്ങള്‍ കൃത്യമായി അര്‍ഹരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പവരുത്താനും വിവിധ മന്ത്രാലയങ്ങള്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘സൂപ്പര്‍’ എന്ന പേരില്‍ പുതിയ ഇനം പെട്രോള്‍ വിപണിയില്‍ ഇറക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരമായി. 
നിലവിലുള്ള ‘ജയ്യിദ്’, ‘മുംതാസ്’ പെട്രോള്‍ ഇനങ്ങളോടൊപ്പം വരുന്ന ‘98 ഒക്ടേന്‍’ ഇനത്തില്‍പെട്ട എണ്ണയുടെ വില ആഗോളവിപണിയുടെ നിലവാരം അനുസരിച്ച് മാറുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.
 ‘സൂപ്പര്‍’ ഇനത്തിന്‍െറ ഖനന, ട്രാന്‍സ്പോര്‍ടേഷന്‍ നിരക്ക് ഊര്‍ജ മന്ത്രാലയ, ‘ബാപ്കോ’ പ്രതിനിധികളടങ്ങിയ കമ്മിറ്റി തീരുമാനിക്കും. ‘ജയ്യിദ്’, ‘മുംതാസ്’ ഇനങ്ങളുടെ ഇപ്പോഴത്തെ വിലയില്‍ മാറ്റമുണ്ടാകില്ല. 
കുറ്റകൃത്യങ്ങളില്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായില്ളെന്ന് സംശയമുണ്ടെങ്കില്‍ ജയില്‍ശിക്ഷക്കു പകരമുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിന് ജഡ്ജിമാര്‍ക്ക് അധികാരം നല്‍കുന്ന കരടിന് അംഗീകാരമായി. 
ഇന്‍ഫര്‍മേഷന്‍ അഫയേഴ്സ് അതോറിറ്റി റദ്ദാക്കുന്നതിനെക്കുറിച്ചും ഇന്‍ഫര്‍മേഷന്‍ അഫയേഴ്സ് മന്ത്രാലയം പുനസംഘടിപ്പിക്കുന്നതിനെക്കുറിച്ചും കാബിനറ്റ് ചര്‍ച്ച ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.