മനാമ: കഴിഞ്ഞ ആഴ്ച ഒരാളുടെ മരണത്തില്‍ കലാശിച്ച കാറപകടം നടന്ന സ്ഥലം അനധികൃത കാര്‍ റെയ്സിങ് കേന്ദ്രമാണെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബഹ്റൈന്‍ ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടിന് (ബി.ഐ.സി) സമീപമുള്ള ‘ഗള്‍ഫ് ഓഫ് ബഹ്റൈന്‍ റോഡി’ല്‍ എല്ലാ വെള്ളിയാഴ്ചയും റെയ്സിങ് കാണാനായി നിരവധി പേര്‍ എത്താറുള്ളതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ട്രാഫിക് കാമറകള്‍ ഇല്ളെന്നതാണ് അനധികൃത റെയ്സിങിനും കാര്‍ അഭ്യാസങ്ങള്‍ക്കുമുള്ള അവസരമാകുന്നത്.
ഇവിടുത്തെ റോഡില്‍ ഉടനീളം ടയര്‍ ഉരഞ്ഞുള്ള പാടുകാണാം. കാണുന്നവരില്‍ പേടി ജനിപ്പിക്കും വിധമാണ് അഭ്യാസപ്രകടനങ്ങള്‍ നടക്കുന്നത്. കാര്‍ റെയ്സിങിനൊപ്പം ബൈക്ക് അഭ്യാസികളും ഇവിടെ ഒഴിവുദിവസങ്ങളില്‍ എത്താറുണ്ട്. ചിലപ്പോള്‍ വന്‍ സംഘങ്ങളായാണ് ഇവര്‍ എത്തുക. പലര്‍ക്കും ഇവിടെ റെയ്സിങ് നടക്കുന്ന വിവരം അറിയാം. അതുകൊണ്ടുതന്നെ, കാഴ്ച കാണാനായി നിരവധി പേര്‍ തടിച്ചുകൂടാറുണ്ട്. സംഘാംഗങ്ങള്‍ സമീപത്തെ ഫാസ്റ്റ്ഫുഡ് ഒൗട്ലെറ്റില്‍ ഒത്തുചേര്‍ന്ന ശേഷമാണ് റെയ്സിങ് തുടങ്ങുക. സാധാരണ ഗതിയില്‍ വെള്ളിയാഴ്ച രാത്രി ഒമ്പതുമണിക്കുശേഷമാണ് അനധികൃത റെയ്സിങും റാലിയും തുടങ്ങുക. ഇത് പുലരുവോളം നീണ്ടുനില്‍ക്കും. കഴിഞ്ഞ ശനിയാഴ്ച നടന്ന റെയ്സിനിടെ, ഡ്രൈവര്‍ക്ക് നിയന്ത്രണം വിട്ട് കാര്‍ കാഴ്ചക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
ഇവിടുത്തെ അനധികൃത റെയ്സിങ് മൂലമുള്ള ശല്യത്തെക്കുറിച്ച് സല്ലാഖിലെ താമസക്കാര്‍ രണ്ടുവര്‍ഷത്തോളമായി പരാതി പറയുകയാണെന്ന് സതേണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഹ്മദ് അല്‍ അന്‍സാരി വ്യക്തമാക്കി. നേരത്തെ കാര്‍-ബൈക്ക് അഭ്യാസം നടത്തുന്നവര്‍ ദുറാതല്‍ ബഹ്റൈനിലേക്കുള്ള പുതിയ ഹൈവേയിലായിരുന്നു ഒത്തുകൂടിയിരുന്നത്.
പിന്നീട്, ഇവിടെ കാമറകള്‍ സ്ഥാപിച്ചതോടെ, ഇവര്‍ സ്ഥലം മാറ്റുകയായിരുന്നു. മരണവുമായി മുഖാമുഖം കണ്ടുള്ള അഭ്യാസങ്ങളാണ് ഇവിടെ നടക്കുന്നതെന്ന കാര്യം വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ആഴ്ചത്തെ അപകടമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കിങ് ഹമദ് ഹൈവേ മുതല്‍ ശൈഖ് ഈസ എയര്‍ബേസ് വരെയുള്ള സ്ഥലത്ത് നേരത്തെ ഇവര്‍ ഒത്തുകൂടാറുണ്ടായിരുന്നു.
എന്നാല്‍, ഇവിടെ നമ്പര്‍പ്ളേറ്റ് തിരിച്ചറിയുന്ന കാമറകള്‍ സ്ഥാപിച്ചതോടെ, ഇവര്‍ ഇവിടം വിടുകയാണുണ്ടായത്. ഗള്‍ഫ് ഓഫ് ബഹ്റൈന്‍ റോഡും അല്‍ ജസൈര്‍ ബീച്ചില്‍ അവസാനിക്കുന്ന ഗള്‍ഫ് ഓഫ് ബഹ്റൈന്‍ അവന്യൂവും ആള്‍താമസമില്ലാത്ത മേഖലയാണ്. ഇവിടം അനധികൃത റെയ്സിങിന് ഒത്തുകൂടാന്‍ പറ്റിയ ഇടമാണ്. ഇവിടെ അടിയന്തരമായി കാമറ സ്ഥാപിച്ച് അനധികൃത റെയ്സിങ് അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഹമദ് ടൗണ്‍, അസ്കര്‍, സിത്ര ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലെല്ലാം അനധികൃത റെയ്സിങ് നിന്നത് അങ്ങനെയാണ്. കാമറകള്‍ സ്ഥാപിക്കുകയും പട്രോളിങ് ശക്തമാക്കുകയും ചെയ്യണം എന്നാവശ്യപ്പെട്ട് സതേണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ സതേണ്‍ ഗവര്‍ണറേറ്റ് അധികൃതരെയും പൊലീസ് മേധാവികളെയും ബന്ധപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന പുതിയ ട്രാഫിക് നിയമപ്രകാരം, റോഡില്‍ അനധികൃതമായി റെയ്സിങ് നടത്തുന്നത് ആറുമാസം വരെ തടവുശിക്ഷയും 500 ദിനാര്‍ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. പോയവര്‍ഷം രാജ്യത്ത് 105,352 അപകടങ്ങള്‍ നടന്നതായാണ് കണക്ക്. 2010ല്‍ ഇത് 82,479 എണ്ണം ആയിരുന്നു.
വര്‍ഷം തോറും അപകട നിരക്ക് കൂടുന്നതായാണ് വിവരം. 2011ലെ അപകടനിരക്ക് 76,833ആണ്. 2012ല്‍ 91,825 അപകടങ്ങളും 2013ല്‍ 95,965അപകടങ്ങളും 2014ല്‍ 100,887 അപകടവുമാണ് നടന്നത്.
മോട്ടോര്‍ സ്പോര്‍ട്സ് ഏറെ ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും നിര്‍വഹിക്കേണ്ടതാണെന്ന് ബഹ്റൈന്‍ ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ട് ഡയറക്ടര്‍ ഫായിസ് റംസി ഫായിസ് പറഞ്ഞു. ഇത് കൃത്യമായ മേല്‍നോട്ടത്തില്‍ വേണം നടത്താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം സ്പോര്‍ട്സ് ഇനങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് ബി.ഐ.സിയില്‍ അവസരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.