അനധികൃത ടാക്സി സര്‍വീസിനെതിരെ  കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി

മനാമ: സഖ്യസേനയുടെ യമന്‍ ദൗത്യത്തിനിടെ ജീവന്‍ വെടിഞ്ഞ ബി.ഡി.എഫിലെ സെര്‍ജന്‍റ് മേജര്‍ ഈസ അബ്ദുല്ല ബദ്ര്‍ ഈദിന്‍െറ കുടുംബാംഗങ്ങളെ ഇന്നലെ ചേര്‍ന്ന മന്ത്രിസഭ അനുശോചനം അറിയിച്ചു. 
മൂല്യസംരക്ഷണത്തിനായുള്ള പോരാട്ടത്തിലാണ് സൈനികന്‍ ജീവന്‍ വെടിഞ്ഞതെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭായോഗത്തില്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയും സന്നിഹിതനായിരുന്നു. ഒളിമ്പിക്സില്‍ സ്വര്‍ണവും വെള്ളിയും നേടിയ ബഹ്റൈന്‍ താരങ്ങളെ സഭ അനുമോദിച്ചു. കായികമേഖലയുടെ വളര്‍ച്ചക്കായി ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷനായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയും ബഹ്റൈന്‍ അത്ലെറ്റിക്സ് അസോസിയേഷന്‍ അധ്യക്ഷന്‍ ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ ഖലീഫയും നല്‍കുന്ന സേവനങ്ങള്‍ മഹത്തരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 
ബഹ്റൈന്‍ വനിതകളുടെ സര്‍വതോന്‍മുഖമായ പുരോഗതിക്കായി ‘സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍’ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് കൗണ്‍സിലിന്‍െറ 15ാം വാര്‍ഷിക വേളയില്‍ പ്രധാനമന്ത്രി പറഞ്ഞു. തുര്‍ക്കിയില്‍ വിവാഹചടങ്ങിനിടെയുണ്ടായ ഭീകരാക്രമണത്തെ മന്ത്രിസഭ ശക്തമായി അപലപിച്ചു. ഭീകരതവിരുദ്ധ പോരാട്ടത്തില്‍ തുര്‍ക്കിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രിസഭ വ്യക്തമാക്കി. 
ബഹ്റൈനില്‍ അനധികൃത ടാക്സി സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. ബഹ്റൈനികളായ ടാക്സി ഡ്രൈവര്‍മാരുടെ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്താന്‍ ഇത് നിര്‍ബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ കാര്യങ്ങള്‍ മുന്‍നിര്‍ത്തി അനധികൃത അറവുകേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം. 
സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സിലും മറ്റ് ഹെല്‍ത് സെന്‍ററുകളിലും രോഗികള്‍ നീണ്ട സമയം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. ആരോഗ്യരംഗത്ത് സ്റ്റാഫിന്‍െറയോ മരുന്നുകളുടെയോ കുറവ് അനുഭവപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണം. 
മെഡിക്കല്‍ രംഗത്തെ അശ്രദ്ധയുമായി ബന്ധപ്പെട്ട പരാതികളില്‍ ശക്തമായ നടപടി സ്വീകരിക്കണം. മന്ത്രാലങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം. വിവിധ രംഗങ്ങളില്‍ കഴിവുതെളിയിച്ചവരെ നിയമിക്കണം. വിദേശകാര്യമന്ത്രാലയം സര്‍ക്കാറിന്‍െറ നയതന്ത്രങ്ങള്‍ക്കും മനുഷ്യാവകാശനയങ്ങള്‍ക്കും അനുസൃതമായി പുനസംഘടിപ്പിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചു. 
കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ ഫീസ്, വ്യാപാര നടപടികളുടെ ഫീസ്, കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ വൈകിയാലുള്ള പിഴ എന്നിവ സംബന്ധിച്ച് മന്ത്രി അവതരിപ്പിച്ച കരടുകള്‍ക്കും അംഗീകാരം നല്‍കി. 
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് കരാറില്‍ രാജ്യത്തിന്‍െറ അംഗീകാരവുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം കാബിനറ്റ് കാര്യ മന്ത്രി അവതരിപ്പിച്ചു. ഇത് നിയമകാര്യ സമിതിയുടെ പരിഗണനക്ക് വിട്ടു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.