ഐ.എസ് ബഹ്റൈനിനെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്

മനാമ: ഇറാഖും സിറിയയും ഉള്‍പ്പെടെയുള്ള ശക്തി കേന്ദ്രങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുന്ന തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ബഹ്റൈനിനെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. 
ഏതാനും ആഴ്ചകളായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളിലൂടെയാണ് ഐ.എസ് ബഹ്റൈനിനെ ലക്ഷ്യമിടുന്നതായ സൂചനകള്‍ പുറത്തുവരുന്നത്. 
ബഹ്റൈനികളെയും രാജ്യത്തുള്ള അമേരിക്കന്‍ സൈനികരെയും ലക്ഷ്യമിടണം എന്ന് ആവശ്യപ്പെട്ടുള്ള വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. ബഹ്റൈന്‍ സ്വദേശിയെന്ന് അവകാശപ്പെടുന്നയാളാണ് വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്ന് പ്രമുഖ ഇംഗ്ളീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. സിറിയയില്‍ നിന്ന് ഷൂട്ട് ചെയ്തതായി കരുതുന്ന വീഡിയോയില്‍ അബൂ യാഖൂബ് അല്‍ ബഹ്റൈനി എന്ന് പരിചയപ്പെടുത്തുന്നയാളാണ് പ്രത്യക്ഷപ്പെടുന്നത്. 
ബഹ്റൈനിലെ ജനതയോട് ശരിയായ പാത പിന്തുടരാനും ജിഹാദില്‍ ചേരുവാനുമാണ് പറയുന്നത്. ബഗ്ദാദ്, ബസ്റ, സിത്ര എന്നിവിടങ്ങള്‍ പോലെ മുഹറഖിലും അറദിലും ജിഹാദ് സാധ്യമാകുമെന്നും ഇയാള്‍ പറയുന്നുണ്ട്. 
ബഹ്റൈനിലുള്ള പടിഞ്ഞാറന്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്താനും പറയുന്നുണ്ട്. ഐ.എസിനെതിരായ പോരാട്ടത്തില്‍ ശക്തമായ പങ്കാളിയാണ് ബഹ്റൈന്‍. ഇതോടൊപ്പം അമേരിക്കന്‍, ബ്രിട്ടീഷ് നാവിക സേനകളും രാജ്യത്തുണ്ട്. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്യുമ്പോഴും വീണ്ടും പോസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. 
അതേസമയം, അടുത്തിടെ ബഹ്റൈന്‍ ആതിഥ്യം വഹിച്ച 37ാമത് ജി.സി.സി ഉച്ചകോടിയുടെയും മനാമ ഡയലോഗിന്‍െറയും പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഐ.എസ് പോലുളള തീവ്രവാദ സംഘടനകളെ ഉന്‍മൂലനം ചെയ്യലായിരുന്നു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.