മനാമ: ബഹ്റൈൻ നാഷനൽ കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 14ാം എഡിഷൻ പ്രവാസി സാഹിത്യോത്സവ്-24 പ്രൗഢമായി സമാപിച്ചു. യൂനിറ്റ്, സെക്ടർ, സോൺ എന്നീ ഘടകങ്ങളിൽ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് നാഷനൽ സാഹിത്യോത്സവിൽ മാറ്റുരച്ചത്.
ഗലാലിയിലെ യൂസുഫ് അഹ്മദ് അബ്ദുൽ മാലിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മനാമ, റിഫ, മുഹറഖ് എന്നീ സോണുകളിൽ നിന്നായി 70ഓളം മത്സര ഇനങ്ങളിൽ 400ൽപരം മത്സരാർഥികൾ പങ്കെടുത്തു. 334 പോയന്റുകൾ നേടി റിഫ സോൺ പ്രവാസി സാഹിത്യോത്സവിലെ ഓവറോൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. 294 പോയന്റുകൾ നേടിയ മുഹറഖ് സോൺ രണ്ടാം സ്ഥാനവും 251 പോയന്റുകൾ നേടി മനാമ സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
റിഫ സോണിലെ മുഹമ്മദ് ഷഹാൻ സലീമിനെ കലാപ്രതിഭയായും മുഹറഖ് സോണിലെ സുമയ്യ സുഫിയാനെ സർഗപ്രതിഭയായും തിരഞ്ഞെടുത്തു. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം ആർ.എസ്.സി നാഷനൽ ചെയർമാൻ ശിഹാബ് പരപ്പയുടെ അധ്യക്ഷതയിൽ എസ്.എസ്.എഫ് കേരള സംസ്ഥാന ഫിനാൻസ് സെക്രട്ടറി സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ആർ.എസ്.സി ഗ്ലോബൽ വിസ്ഡം സെക്രട്ടറി അൻസാർ കൊട്ടുകാട് സന്ദേശ പ്രഭാഷണം നടത്തി. പ്രഭാഷകനും എഴുത്തുകാരനുമായ സജി മാർക്കോസ് മുഖ്യപ്രഭാഷണം നടത്തി. ആത്മീയ സമ്മേളനത്തിന് അബ്ദുല്ലത്തീഫ് സഖാഫി മദനീയം നേതൃത്വം നൽകി. ‘നാടുവിട്ടവർ വരച്ച ജീവിതം’ എന്ന പ്രമേയത്തിൽ നടന്ന സാഹിത്യോത്സവ് പ്രവാസികളുടെ അതിജീവനത്തിന്റെ ചരിത്രവും വർത്തമാനവും ചർച്ച ചെയ്തു.
ജോലിയാവശ്യാർഥമാണ് പ്രവാസ ലോകത്ത് എത്തിയതെങ്കിലും കലാ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ മലയാളി സമൂഹം ഒന്നാം നിരയിൽതന്നെയുണ്ടെന്നത് ശ്രദ്ധേയമായ വസ്തുതയാണെന്ന് സാംസ്കാരിക സമ്മേളനത്തിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു.
മലയാള നാടിനെ നന്മയിൽ നിർമിക്കുന്നതിലും സാമ്പത്തികമായി പുരോഗതിയിൽ കൊണ്ടുപോകുന്നതിലും പ്രവാസികൾക്കുള്ള പങ്കിനെ ഇനിയും ഗൗരവപൂർവം വിലയിരുത്തേണ്ടതുണ്ട്. പ്രവാസികൾക്ക് നാട് തിരിച്ചുനൽകിയത് എന്തൊക്കെയാണെന്നത് ഉത്തരവാദിത്തപെട്ടവർ പ്രാധാന്യത്തോടെ വിലയിരുത്തണം.
സമാപന സാംസ്കാരിക സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ബാഫഖി തങ്ങൾ, ഐ.സി.എഫ് പ്രസിഡന്റ് സൈനുദ്ദീൻ സഖാഫി, സൽമാൻ ഫാരിസ്, മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര, ഇ.എ. സലീം, വി.പി.കെ. മുഹമ്മദ്, അബ്ദുറഹീം സഖാഫി വരവൂർ, അബ്ദു റഹീം സഖാഫി അത്തിപ്പറ്റ, ബഷീർ ബുഖാരി, ഡോ. ഫൈസൽ, എബ്രഹാം ജോൺ, ഫസലുൽ ഹഖ്, അബ്ദുല്ല രണ്ടത്താണി, വി.പി.എം. മുഹമ്മദ് സഖാഫി, മുഹമ്മദ് മുനീർ സഖാഫി, അഷ്റഫ് മങ്കര, ഹംസ പുളിക്കൽ എന്നിവർ പങ്കെടുത്തു. സ്വഫ്വാൻ സഖാഫി സ്വാഗതവും ജാഫർ ശരീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.