പങ്കജ് ഉദാസ് എത്തുന്നു;  ‘വതന്‍ സെ’ ജനുവരി 27ന്

മനാമ: ലോക പ്രശസ്ത ഇന്ത്യന്‍ ഗസല്‍ ഗായകന്‍ പങ്കജ് ഉദാസും സംഘവും ബഹ്റൈനിലേക്ക് എത്തുന്നു. 
തന്‍െറ സ്വര മാധുര്യം കൊണ്ട് ആസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ ഗസല്‍ ഗായകന്‍െറ പരിപാടി ജനുവരി 27നാണ് ബഹ്റൈനില്‍ നടക്കുക. ഇന്ത്യയുടെ 70ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സ് വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംഗീത പരിപാടിയായ ‘വതന്‍ സെ’യില്‍ പങ്കെടുക്കുന്നതിനാണ് പങ്കജ് ഉദാസ് എത്തുന്നത്. ജനുവരി 27ന് വൈകുന്നേരം ക്രൗണ്‍ പ്ളാസ ഹോട്ടലിലെ ബഹ്റൈന്‍ കോണ്‍ഫറന്‍സ് സെന്‍ററിലാണ് പരിപാടി നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
ഗസല്‍ സംഗീതവും ഡിന്നറും ഉള്‍ക്കൊള്ളിച്ച് ഒരുക്കിയിരിക്കുന്ന പരിപാടിയില്‍ 1400 പേര്‍ക്ക് പങ്കെടുക്കാന്‍ അവസരമുണ്ട്. ടിക്കറ്റുകള്‍ മൂലമാണ് പ്രവേശനം. പങ്കജ് ഉദാസിനൊപ്പം ലോകമറിയുന്ന പിന്നണിക്കാരുമാണ് എത്തുന്നത്. ഇസ്റജില്‍ ജോഷി ബിമല്‍ ഗൗതവും മാന്‍ഡലിനില്‍ ഖുറൈഷി നാസര്‍ ഹുസൈനും വയലിനില്‍ രാജേന്ദ്ര സിങും തബലയില്‍ റാശിദ് മുസ്തഫയും ദോലക്കില്‍ നിര്‍മല്‍ സിങ് പവാറും എത്തുന്നുണ്ട്. 
വിവിധ വിഭാഗങ്ങളിലായി  പത്ത് മുതല്‍ 100 ദിനാര്‍ വരെയാണ് ടിക്കറ്റ് നിരക്ക്.  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സിലും ഷറഫ് ഡി.ജിയിലും ഓണ്‍ലൈനായി വാഫിആപ്പിലും ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയുടെ ടിക്കറ്റ് പുറത്തിറക്കലും നടന്നു.   ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സ് എം.ഡിയും പ്രിന്‍സിപ്പലുമായ അമ്പിളിക്കുട്ടന്‍, സയാനലി മോട്ടോഴ്സ് ജനറല്‍ മാനേജര്‍ മുഹമ്മദ് സാക്കി, യു.എ.ഇ എക്സ്ചേഞ്ച് എച്ച്.ആര്‍ മേധാവി മനോജ്, ദേവ്ജി മാര്‍ക്കറ്റിങ് മേധാവി കിരണ്‍ വര്‍ഗീസ്, ഡോ. നിധി എസ്. മേനോന്‍, ജോസ് ഫ്രാന്‍സിസ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.