മന്ത്രിസഭ റമദാന്‍ ആശംസകള്‍ നേര്‍ന്നു : ജയില്‍ ചാടിയ പ്രതികള്‍ക്കെതിരെ അന്വേഷണം ശക്തമാക്കാന്‍ നിര്‍ദേശം

മനാമ: മന്ത്രിസഭാ യോഗം രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ലഖീഫക്കും അറബ്-മുസ്ലിം രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ലോകത്താകമാനമുള്ള വിശ്വാസി സമൂഹത്തിനും റമദാന്‍ ആശംസകള്‍ നേര്‍ന്നു. ആത്മീയമായ കരുത്ത് പുഷ്ടിപ്പെടുത്താനും വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വവും സ്നേഹവും ശക്തിപ്പെടുത്താനും ഇസ്ലാമിക സമൂഹത്തിന്‍െറ ഐക്യം സാധ്യമാക്കാനും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
 ഐക്യവും സ്നേഹവും നിലനിര്‍ത്തി മുന്നോട്ട് പോവാന്‍ റമദാന്‍ അവസരമാകട്ടെയെന്നും ആശംസിച്ചു. നാലാമത് നിയമനിര്‍മാണ സഭയുടെ രണ്ടാം ഘട്ടം തുടങ്ങുന്നതിന് കാബിനറ്റ് ആശംസകള്‍ അറിയിച്ചു. 
പാര്‍ലമെന്‍റും സര്‍ക്കാറും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനൂം ദേശീയ വികസന നയത്തിലൂന്നി മുന്നോട്ട് പോകാനും സാധിച്ചാല്‍ അത് രാജ്യത്തിന് വലിയ നേട്ടമായിരിക്കുമെന്ന് വിലയിരുത്തി.
 ജയില്‍ ചാടിയ തടവുകാരെ പിടികൂടുന്നതിനുള്ള നടപടികള്‍ ശക്തമാക്കാന്‍ കാബിനറ്റ് നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍  സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രിയെ ചുമതലപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി  മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു. രാജ്യസുരക്ഷയും സമാധാനവും നിലനിര്‍ത്താന്‍ കര്‍മനിരതരായ സുരക്ഷാ സൈനികരുടെ പ്രവര്‍ത്തനങ്ങളെ കാബിനറ്റ് അഭിനന്ദിച്ചു. 
കഴിഞ്ഞ ആഴ്ച റിയാദില്‍ ചേര്‍ന്ന ജി.സി.സി രാഷ്ട്ര നേതാക്കളുടെ സമ്മേളനത്തിലെ ഹമദ് രാജാവിന്‍െറ സാന്നിധ്യം കാബിനറ്റ് പ്രശംസിച്ചു. മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സമാധാനം സ്ഥാപിക്കാനും ഇത്തരം സമ്മേളനങ്ങള്‍ വഴി സാധ്യമാകുമെന്ന് സഭ പ്രതീക്ഷ പ്രകടിപ്പിച്ചു. പുതുതായി നിയമിക്കപ്പെട്ട എണ്ണ-പ്രകൃതി വാതക മന്ത്രിയെയും വകുപ്പ് പുനര്‍നിര്‍ണയിക്കപ്പെട്ട വൈദ്യുതി-ജല അതോറിറ്റി കാര്യ മന്ത്രിയെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. രണ്ടുപേര്‍ക്കും തങ്ങളുടെ ദൗത്യം ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. ഒന്നാമത് ഖലീഫ ബിന്‍ സല്‍മാന്‍ പത്രപ്രവര്‍ത്തക അവാര്‍ഡ് രാജ്യത്തെ മാധ്യമ മേഖലയുടെ ഉണര്‍വിന് കാരണമാകുമെന്ന് കാബിനറ്റ് വിലയിരുത്തി. 
മാധ്യമ മേഖല ശക്തിപ്പെടുത്തുന്നതിനും അതുവഴി രാജ്യത്തെ പ്രതിരോധിക്കുന്നതിനും സാധിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 
അറബ് ടൗണ്‍ഷിപ്പ് ഓര്‍ഗനൈസേഷന്‍ സമ്മേളനം പ്രധാനമന്ത്രിയുടെ രക്ഷാധികാരത്തില്‍ ബഹ്റൈനില്‍ നടന്നത് അറബ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിനും നഗരങ്ങളുടെ വളര്‍ച്ചക്കും സഹായകമാകുമെന്ന് സഭ വിലയിരുത്തി. വിവിധ പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രിയോട് നിര്‍ദേശിച്ചു. 
സ്കൂള്‍ പൊതുപരീക്ഷയെക്കുറിച്ച് സഭ ചര്‍ച്ച ചെയ്തു. 36 സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും ആറ് സ്വകാര്യ സ്കൂളുകളില്‍ നിന്നുമായി മൊത്തം 9831 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ അധ്യക്ഷത വഹിച്ചു. 
മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.