കേരളീയ സമാജം ബാലകലോത്സവം 12ന് തുടങ്ങും

മനാമ: പ്രവാസി മലയാളി കുട്ടികളുടെ സര്‍ഗവാസനകള്‍ മാറ്റുരക്കുന്ന കേരളീയ സമാജം ബാലകലോത്സവം മേയ് 12ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യുമെന്ന് സമാജം പ്രസിഡന്‍റ് രാധാകൃഷ്ണ പിള്ള,  ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദാശാബ്ദങ്ങളുടെ ചരിത്രമുള്ള  ബാലകലോത്സവത്തില്‍ സമാജം അംഗമല്ലാത്തവരുടെ കുട്ടികള്‍ക്കും മത്സരിക്കാന്‍ അവസരമുണ്ട്. കേരള സ്കൂള്‍ യുവജനോത്സവ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ ആയാണ് അപേക്ഷകള്‍ സ്വീകരിച്ചത്. ഇത്തവണ 500 ഓളം കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. അഞ്ചു ഗ്രൂപ്പുകളിലായി 250 ഇനങ്ങളില്‍ കുട്ടികള്‍ മാറ്റുരക്കും.
കുട്ടികളെ വയസിന്‍െറ അടിസ്ഥാനത്തില്‍ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 2009 ഏപ്രില്‍1നും 2011 മാര്‍ച്ച് 31നും ഇടയില്‍ ജനിച്ചവര്‍ ഒന്നാമത്തെ ഗ്രൂപ്പിലും 2007ഏപ്രില്‍ 1 നും 2009 മാര്‍ച്ച്31നും ഇടയില്‍ ജനിച്ചവര്‍ രണ്ടാമത്തെ  ഗ്രൂപ്പിലും 2005 ഏപ്രില്‍ 1നും 2007 മാര്‍ച്ച്31നും ഇടയില്‍ ജനിച്ചവര്‍ മൂന്നാമത്തെ  ഗ്രൂപ്പിലും 2002 ഏപ്രില്‍1നും  2005 മാര്‍ച്ച്31നും ഇടയില്‍ ജനിച്ചവര്‍ നാലാമത്തെ  ഗ്രൂപ്പിലും 1999 ഏപ്രില്‍1നും 2002 മാര്‍ച്ച്31നും ഇടയില്‍ ജനിച്ചവര്‍ അഞ്ചാമത്തെ ഗ്രൂപ്പിലും ഉള്‍പെടും.
ഈ വര്‍ഷവും ‘കലാപ്രതിഭ’, ‘കലാതിലകം’ (മൂന്ന്,നാല്,അഞ്ച് ഗ്രൂപ്പുകളിലെ കുട്ടികള്‍ മാത്രം), ‘ബാലതിലകം’, ‘ബാലപ്രതിഭ’ (ഒന്ന്, രണ്ട് ഗ്രൂപ്പുകളിലെ കുട്ടികള്‍ മാത്രം), ‘സാഹിത്യരത്ന’, ‘സംഗീതരത്ന’, ‘നാട്യരത്ന’എന്നീ പുരസ്കാരങ്ങള്‍ ഉണ്ടാകും. പ്രശസ്ത നര്‍ത്തകിമാരായ ഡോ.ദീപ്തി ഓംചേരി ഭല്ല, ചിത്ര വിശ്വേശ്വരന്‍ എന്നിവരാണ് കലോത്സവത്തില്‍ നൃത്ത ഇനങ്ങളുടെ വിധികര്‍ത്താക്കളായി എത്തുന്നത്.
മേയ്26ന് അവസാനിക്കുന്ന കലോത്സവം വമ്പിച്ച വിജയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍  ജനറല്‍ കണ്‍വീനര്‍ ഡി. സലീമിന്‍െറ നേതൃത്വത്തില്‍അണിയറയില്‍ നടക്കുകയാണ്.
വിവിധ വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ഓരോ വര്‍ഷം കഴിയുംതോറും പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഉണ്ടാകുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഡി.സലീമുമായി (39125889) ബന്ധപ്പെടാം. വാര്‍ത്താ സമ്മേളനത്തില്‍ സിറാജുദ്ദീന്‍, വിനയചന്ദ്രന്‍, അജിത് മാത്തൂര്‍, ദേവദാസ് എന്നിവരും പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.