തെരുവുവിളക്കുകള്‍ പൂര്‍ണമായി സൗരോര്‍ജത്തിലേക്ക് മാറും 

മനാമ: അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ തെരുവുവിളക്കുകളെല്ലാം സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാക്കി മാറ്റുന്ന പദ്ധതി പരിഗണനയിലുള്ളതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവിലുള്ള എല്ലാ ബള്‍ബുകളും മാറ്റി സോളാര്‍ എല്‍.ഇ.ഡി സ്ഥാപിക്കുമെന്ന് വൈദ്യുതി,ജല മന്ത്രി ഡോ. അബ്ദുല്‍ഹുസൈന്‍ മിര്‍സ പൊതുമരാമത്ത്, മുന്‍സിപ്പാലിറ്റീസ്, നഗരാസൂത്രണ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു. 
ബഹ്റൈന്‍ സസ്റ്റൈനബ്ള്‍ എനര്‍ജി യൂനിറ്റ് (എസ്.ഇ.യു) ഉദ്യോഗസ്ഥരും യു.എന്‍.ഡി.പി പ്രതിനിധികളും ഡിപ്ളോമാറ്റിക് ഏരിയയിലെ ഇലക്ട്രിസിറ്റി ആന്‍റ് വാട്ടര്‍ അതോറിറ്റി (ഇ.ഡബ്ള്യു.എ) ആസ്ഥാനത്ത് നടന്ന യോഗത്തില്‍ പങ്കെടുത്തു. ദേശീയ ഊര്‍ജ കാര്യക്ഷമതാ പദ്ധതിയെും ദേശീയ പുനരുപയോഗ ഊര്‍ജ കര്‍മ്മ പദ്ധതിയെയും സംബന്ധിച്ച ചര്‍ച്ചകളും നടന്നു.
 പുനരുപയോഗ ഊര്‍ജം സംബന്ധിച്ച് എസ്.ഇ.യു, യു.എന്‍.ഡി.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. തെരുവുവിളക്കുകള്‍ സോളാര്‍ എല്‍.ഇ.ഡി ലൈറ്റുകളാക്കി മാറ്റുന്ന പദ്ധതിക്ക് മുഖ്യപരിഗണനയാണ് നല്‍കുന്നതെന്ന് ഡോ.മിര്‍സ പറഞ്ഞു. ഭാവി മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എല്ലാ തെരുവുവിളക്കുകളും ഒരു സുപ്രഭാതത്തില്‍ മാറ്റി സ്ഥാപിക്കാനാകില്ല. പരമാവധി അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും പഴയ ബള്‍ബുകള്‍ മാറ്റി സോളാര്‍ എല്‍.ഇ.ഡി ലൈറ്റുകളാക്കാനാകും. 
പരമ്പരാഗത ബള്‍ബുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍.ഇ.ഡി വിളക്കുകള്‍ക്ക് ഒരുപാട് മേന്‍മകളുണ്ട്. നിര്‍മാണ രംഗത്ത് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിന്‍െറ ഭാഗമായി പുതിയ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സൗരോര്‍ജ ഉപയോഗം നിര്‍ബന്ധമാക്കും. ഇതിന്‍െറ ആദ്യപടിയായി സൗരോര്‍ജ ഉപയോഗം മന്ത്രാലയ ബില്‍ഡിങ്ങുകളില്‍ നടപ്പാക്കും. ഈ പദ്ധതിയുമായി സ്വകാര്യമേഖലയും സഹകരിക്കണം. 
നിലവില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ക്ക് സാധാരണ ബള്‍ബിനേക്കാള്‍ അധികം വിലയില്ളെന്ന് ജനങ്ങള്‍ മനസിലാക്കണം. കൂടുതല്‍ ജനകീയമാകുന്നതോടെ വില വീണ്ടും കുറയാനാണ് സാധ്യതയെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.