മനാമ: സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാരമ്പര്യേതര ഊർജസോത്രസ്സുകളിലേക്കു മാറാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് വൈദ്യുതി, ജലകാര്യ മന്ത്രി യാസർ ഹുമൈദാൻ പറഞ്ഞു. റോയൽ കോളജ് ഓഫ് സർജൻസ് ഇൻ അയർലൻഡ്-ബഹ്റൈനിൽ സോളാർ പ്ലാന്റ് കമീഷൻ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനിലെ പ്രമുഖ സർവകലാശാലകളിലൊന്നായ ആർ.സി.എസ്.ഐയിൽ സോളാർ സംരംഭം ആരംഭിക്കുന്നതോടെ രാജ്യത്തെ കാർബൺ എമിഷൻ 2000 മെട്രിക് ടണ്ണിലധികം കുറയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാരിസ്ഥിതിക ആഘാതങ്ങൾ ലഘൂകരിക്കുന്നതിനും ഹരിതഗൃഹവാതക സാന്ദ്രത കുറക്കുന്നതിനും പരമ്പരാഗത ഊർജസ്രോതസ്സുകളെ ആശ്രയിക്കുന്നതിൽനിന്ന് മാറുന്നത് അത്യാവശ്യമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ളവയുമായി വൈദ്യുതി, ജലകാര്യ മന്ത്രാലയം ഇക്കാര്യത്തിനായി ബന്ധപ്പെടാറുണ്ട്. പുനരുപയോഗ ഊർജ പദ്ധതികൾ സ്ഥാപിക്കുന്നതിൽ മന്ത്രാലയത്തിനു കീഴിലുള്ള പുനരുപയോഗ ഊർജ വകുപ്പ് സാങ്കേതിക പിന്തുണ നൽകും.
ആർ.സി.എസ്.ഐ മെഡിക്കൽ സർവകലാശാലക്കു വേണ്ടുന്ന വാർഷിക വൈദ്യുതി ആവശ്യത്തിന്റെ 60 മുതൽ 65 ശതമാനം വരെ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് പുതിയ സോളാർ ഫാം.സോളാർ ഫാമിന്റെ പൂർത്തീകരണവും കമീഷനിങ്ങും കാമ്പസിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് ആർ.സി.എസ്.ഐ മാനേജിങ് ഡയറക്ടർ സ്റ്റീഫൻ ഹാരിസൺ-മിർഫീൽഡ് ബുസൈറ്റീനിലെ യൂനിവേഴ്സിറ്റി കാമ്പസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
പ്രതിവർഷം 3.664 ദശലക്ഷം കിലോവാട്ട് ഉൽപാദനശേഷിയുള്ളതാണ് പ്ലാന്റ്. 2.72 മെഗാവാട്ട് സോളാർ പദ്ധതിയുടെ ഭാഗമായി 4993 സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതി തുടങ്ങിയതോടെ ബഹ്റൈനിന്റെ കാർബൺ എമിഷൻ പ്രതിവർഷം 2247 മെട്രിക് ടൺ കുറയുമെന്നും ഇത് പ്രതിവർഷം 927 കാറുകൾ റോഡിൽനിന്ന് എടുത്തുമാറ്റുന്നതിന് തുല്യമാണെന്നും സ്റ്റീഫൻ ഹാരിസൺ-മിർഫീൽഡ് പറഞ്ഞു. വിദ്യാർഥികൾക്കും ജീവനക്കാർക്കും സന്ദർശകർക്കുംവേണ്ടി മേൽക്കൂരയുള്ള 681 കാർ പാർക്കുകളും പദ്ധതിയുടെ ഭാഗമായി സജ്ജമാക്കി. ഈ കാർപാർക്കിങ് ഷെഡുകൾക്കു മുകളിലാണ് സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്.
പ്രോജക്ടിലെ സോളാർ പാനലുകൾക്ക് 25 മുതൽ 30 വർഷം വരെ ആയുസ്സുണ്ട്. വരുംവർഷങ്ങളിൽ പദ്ധതി വിപുലീകരിക്കുമെന്നും ഹാരിസൺ-മിർഫീൽഡ് പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ശൈഖ റാണ ബിൻത് ഈസ ബിൻ ദുഐജ് ആൽ ഖലീഫ, മുഹറഖ് ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ അബ്ദുല്ല ഖലീഫ അൽ ജീരാൻ, ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. തസ്നിം അത്ര, സർവകലാശാല ബോർഡ് ഓഫ് ഗവർണേഴ്സ് പ്രതിനിധികൾ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, വിദ്യാർഥികൾ, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.