മനാമ: ഇന്ത്യൻ സ്കൂൾ ജൂനിയർ വിഭാഗം അവാർഡ് ദാന ചടങ്ങിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ മികവ് പുലർത്തിയ 500 ലധികം വിദ്യാർഥികളെ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അമാദ് ഗ്രൂപ് ഓഫ് കമ്പനീസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ പമ്പാവാസൻ നായർ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി-ഭരണ സമിതി അംഗം (അക്കാദമിക്സ്) രഞ്ജിനി മോഹൻ, ഭരണ സമിതിയംഗം ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ അധ്യയന വർഷത്തിൽ അക്കാദമിക് രംഗത്ത് മികവ് പുലർത്തിയ രണ്ടും മൂന്നും ക്ലാസുകളിലെ വിദ്യാർഥികൾക്ക് മറ്റ് വിശിഷ്ട വ്യക്തികൾക്കൊപ്പം പമ്പാവാസൻ നായർ മെരിറ്റ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. അനേകം വിദ്യാർഥികൾക്ക് പഠന രംഗത്ത് മികവ് കൈവരിക്കുന്നതിന് വഴിയൊരുക്കിയ അധ്യാപകരെയും രക്ഷിതാക്കളെയും അവർ അഭിനന്ദിച്ചു. ഇന്ത്യൻ സ്കൂളിന്റെ മുൻ രക്ഷിതാവ് കൂടിയായ പമ്പാവാസൻ നായർ ദീപം തെളിയിച്ചു. സ്കൂളിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് വിദ്യാർഥികളുടെ നേട്ടമെന്ന് അധ്യക്ഷ പ്രസംഗത്തിൽ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് പറഞ്ഞു.
ദേശീയ ഗാനം, സ്കൂൾ ഗാനം, വിശുദ്ധ ഖുർആൻ പാരായണം എന്നിവയോടെയാണ് പരിപാടി ആരംഭിച്ചത്. പമേല സേവ്യർ സ്വാഗതവും സെക്രട്ടറി വി രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു. കൊച്ചുകുട്ടികൾ അവതരിപ്പിച്ച ചടുലമായ നൃത്തവും പാട്ടുകളും കാണികളെ ആകർഷിച്ചു. ടൂട്ടി ഫ്രൂട്ടി ഡിലൈറ്റ് എന്ന സംഗീത ശിൽപവും കർഷകർക്ക് സമർപ്പിതമായ നൃത്താഞ്ജലിയും അറബി നൃത്തവും ദൃശ്യചാരുത പകർന്നു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണ സമിതിയംഗങ്ങൾ, പ്രിൻസിപ്പൽമാരായ വി.ആർ പളനിസ്വാമി, പമേല സേവ്യർ എന്നിവർ കുട്ടികളുടെ അക്കാദമിക രംഗത്തെ മികവിനെയും റിഫ ടീമിന്റെ നേതൃപാടവത്തെയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.