രാവിലെ എഴുന്നേറ്റയുടനെയുള്ള പത്രവായന എന്നത് എന്നും മലയാളിയുടെ ഗൃഹാതുരത്വം ഉണർത്തുന്ന ശീലങ്ങളിൽ ഒന്നാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടിനിടയിൽ കടൽ കടക്കേണ്ടിവന്ന അനേകായിരം മനുഷ്യർക്ക് മറ്റു പലതും നഷ്ടപ്പെട്ടതിന്റെ കൂട്ടത്തിൽ അതിരാവിലെയുള്ള പത്രവായനയും ഉണ്ടായിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാൻ വേണ്ടി കടൽ കടന്നെത്തിയ പ്രവാസികളിൽ പലർക്കും ഈ ഊഷരഭൂമി ദുഃഖങ്ങളും ദുരിതങ്ങളുമായിരുന്നു സമ്മാനിച്ചത്. അതിൽ ചുരുക്കം ചിലർക്ക് മാത്രമാണ് തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും തങ്ങൾ ആഗ്രഹിച്ചത് പോലെയുള്ള ജീവിതം കരുപ്പിടിപ്പിക്കാനും സാധിച്ചത്.
പ്രവാസി മലയാളിയുടെ ഗൃഹാതുരത്വം നിറഞ്ഞു നിൽക്കുന്ന പ്രഭാതത്തിലെ പത്രവായന എന്ന സ്വപ്ന സാക്ഷാത്കാരം സാധ്യമായത് ‘ഗൾഫ് മാധ്യമ’ത്തിന്റെ പിറവിയിലൂടെയാണ്. കാൽനൂറ്റാണ്ടിനപ്പുറം ഒരു ഏപ്രിൽ 16ന് ഇന്ത്യൻ മാധ്യമ ചരിത്രത്തിൽ പുതിയൊരു ഏട് തുന്നിച്ചേർക്കപ്പെടുകയായിരുന്നു. ആദ്യത്തെ അന്താരാഷ്ട്ര ഇന്ത്യൻ ദിനപത്രം എന്ന ഖ്യാതിയുടെ നേട്ടം ഓരോ മലയാളിയുടേതുമാണ്. ‘ഗൾഫ് മാധ്യമ’ത്തിന്റെ വരവോടു കൂടിയാണ് മലയാളിക്ക് അതിരാവിലെ തങ്ങളുടെ നാടിനെയും അവിടെയുള്ള ഓരോ സ്പന്ദനങ്ങളെയും അക്ഷരങ്ങളിലൂടെ തൊട്ടറിയാൻ സാധിച്ചുകൊണ്ടിരിക്കുന്നത്. കേവലം വായന ദൗത്യം എന്നത് മാത്രമല്ല ‘ഗൾഫ് മാധ്യമം’ നിർവഹിച്ചു കൊണ്ടിരിക്കുന്നത്. മാധ്യമത്തിന്റെയും ‘ഗൾഫ് മാധ്യമ’ത്തിന്റെയും അണിയറ ശില്പികളുടെ സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും കാത്തുസൂക്ഷിച്ചു കൊണ്ടാണ് പത്രം അതിന്റെ ജൈത്രയാത്ര തുടർന്നു കൊണ്ടിരിക്കുന്നത്. പിറകിൽ വന്നതിൽ പലതും അകാലചരമം അടയുകയോ കാലയവനികക്കുള്ളിൽ മാഞ്ഞു പോകുകയോ ചെയ്തിട്ടും ‘ഗൾഫ് മാധ്യമ’ത്തിന് തങ്ങളുടെ അക്ഷര പോരാട്ടം സാധ്യമാകുന്നത് നിലപാടുകളിലുള്ള വിട്ടുവീഴ്ചയില്ലായ്മ കൊണ്ട് മാത്രമാണ്.
സ്വയം ഉരുകിത്തീരുമ്പോഴും ചുറ്റിലും പ്രകാശം പരത്തുന്ന മെഴുകുതിരി പോലെയാണ് പ്രവാസികളിൽ ഭൂരിഭാഗവും. സ്വാർഥതയും ചൂഷണവും നിറഞ്ഞു നിൽക്കുന്ന ഈ ലോകത്ത് നന്മയുടെ തുരുത്തുകൾ അൽപമെങ്കിലും അവശേഷിക്കുന്നുണ്ടെന്ന് നമ്മെ ഓർമിപ്പിക്കുന്നത് ഇത്തരം നിഷ്കാമകർമികളാണ്. ‘ഗൾഫ് മാധ്യമം’ എന്നും ഇത്തരം ജീവകാരുണ്യ - സേവന പ്രവർത്തനങ്ങൾക്കും ഈ രംഗത്തുള്ളവർക്കും നിറഞ്ഞ പ്രോത്സാഹനവും സഹകരണവുമാണ് നൽകിവരുന്നത്. പത്രത്തിന്റെ താളുകളിലൂടെ നിരവധി ഹതഭാഗ്യരായ മനുഷ്യരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും അനേകം കുടുംബങ്ങളുടെ കണ്ണീരൊപ്പാനും ഇതിനകം സാധ്യമായത് ഏറെ ചാരിതാർഥ്യം പകരുന്നതാണ്. ഗൾഫ് നാടുകളിൽ പലയിടത്തും പ്രതിസന്ധികൾ ഉണ്ടായിട്ടും ഈ അക്ഷര വെളിച്ചം ഇന്നും അണയാതെ പ്രകാശം പരത്തി പരിലസിച്ചുകൊണ്ടിരിക്കുന്നത് പത്രത്തിന്റെ ഇടപെടലുകളിലൂടെ ദുരിതക്കയം നീന്തിക്കയറിയ നിരവധിയാളുകളുടെ പ്രാർഥന കൊണ്ട് കൂടിയാണ്. സാമൂഹിക പ്രവർത്തകർ ഏറ്റെടുക്കുന്ന വിഷയങ്ങൾ പത്രത്തിലൂടെ പുറംലോകമറിയുമ്പോൾ പലയിടത്ത് നിന്നുമാണ് സഹായ സഹകരണങ്ങൾ ഒഴുകിയെത്താറുള്ളത്. ജീവിതത്തെക്കുറിച്ച് ഒത്തിരി പ്രതീക്ഷകളും അതിലേറെ സ്വപ്നങ്ങളും മനസ്സിൽ പേറിയാണ് ഓരോ പ്രവാസിയും ഈ മണലാരണ്യത്തിൽ എത്തിപ്പെടുന്നത്. ഇവരിൽ ചിലരൊക്കെ പല കാരണങ്ങളാൽ കാലിടറി വീണുപോകാറുണ്ട്. ഇത്തരം ആളുകളുടെ കദന കഥകൾ പലതും പത്രം പ്രസിദ്ധീകരിക്കാറുണ്ട്. ഇങ്ങനെയുള്ള വാർത്തകൾ കാണുമ്പോൾ ‘ഗൾഫ് മാധ്യമ’ത്തിന്റെ ഓഫിസിലേക്ക് ഓടിയെത്തി സഹായ ഹസ്തങ്ങൾ വെച്ച് നീട്ടുന്ന എത്രയോ മനുഷ്യർ ഇപ്പോഴും ഈ പവിഴദ്വീപിലുണ്ട്. ഇങ്ങനെയെത്തുന്നവരിൽ പലരും വളരെ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണെന്നത് വല്ലാത്തൊരു നോവ് നിറഞ്ഞ സന്തോഷം കൂടിയാണ്. നാട്ടിൽ രൂപവത്കരിക്കപ്പെടുന്ന സഹായ കമ്മിറ്റികളുടെ വാർത്ത കണ്ട് ഓഫിസിൽ ഓടിയെത്തുന്നവരും ഫോണിലൂടെ സഹായ ഹസ്തം നീട്ടുന്നവരുമൊക്കെ ഈ കൂട്ടത്തിലുണ്ട്.
കോവിഡ് എന്ന മഹാമാരിക്ക് മുന്നിൽ ലോകം പകച്ചുനിന്ന സന്ദർഭത്തിൽ ‘ഗൾഫ് മാധ്യമം’ മുന്നോട്ടുവന്നത് ‘മിഷൻ വിങ്സ് ഓഫ് കംപാഷൻ’ എന്ന പദ്ധതിയുമായിട്ടായിരുന്നു. കരളു കത്തുന്ന കാലത്തും കനിവിന്റെ കുളിർമഴ പെയ്യിക്കാൻ മീഡിയാവണുമായി ചേർന്ന് നടത്തിയ ഈ പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്. പ്രവാസലോകത്തെ മനുഷ്യസ്നേഹികളായ നിരവധി വ്യക്തികളും ചെറുതും വലുതുമായ ഒട്ടനവധി സ്ഥാപനങ്ങളുമാണ് ഈ പദ്ധതിയുടെ ഭാഗമായത്. കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനാവുകയും കോവിഡ് കാലത്ത് മാസങ്ങളോളം ജോലി ഇല്ലാതെ ദുരിതത്തിലായി നാട്ടിൽ പോവാൻ കഴിയാതെ ഇവിടെ കുടുങ്ങുകയും ചെയ്ത തിരുവനന്തപുരം സ്വദേശിക്കായിരുന്നു ആദ്യ ടിക്കറ്റ് നൽകിയത്. അന്നത്തെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറായിരുന്നു ‘മിഷൻ വിങ്സ് ഓഫ് കംപാഷൻ’ ടിക്കറ്റിന്റെ വിതരണോദ്ഘാടനം നിർവഹിച്ചത്. ബഹ്റൈനിലുള്ള 150ൽ പരം കോവിഡ് ദുരിതബാധിതരാണ് ഈ പദ്ധതി പ്രയോജനപ്പെടുത്തിയത്. മരുന്നും ഭക്ഷണവും കുടിവെള്ളവുമില്ലാതെ നൂറുകണക്കിന് ആളുകളാണ് അന്ന് പ്രയാസത്തിൽ അകപ്പെട്ടത്. പലർക്കും ജോലി നഷ്ടപ്പെട്ടു. മുലകുടി പ്രായമുള്ള കുട്ടികൾ പോലും ഈ ദുരിതകാലത്ത് വല്ലാത്ത കഷ്ടപ്പാടാണ് അനുഭവിച്ചത്. ഇവർക്ക് സഹായം എത്തിക്കുന്ന കൂട്ടായ ശ്രമങ്ങളിലും ‘ഗൾഫ് മാധ്യമ’ത്തിന് ഏകോപനം നിർവഹിക്കാൻ സാധിച്ചിട്ടുണ്ട്.
ബഹ്റൈൻ പ്രവാസികളെ വല്ലാതെ വേദനിപ്പിച്ച ഒരു ദുരന്തമായിരുന്നു 2006ൽ ഗുദൈബിയയിലെ ലേബർ കാമ്പിൽ നടന്ന തീപിടിത്തം. 22ഓളം മനുഷ്യ ജീവനാണ് അകാലത്തിൽ അന്ന് അഗ്നിയിൽ പൊലിഞ്ഞുപോയത്. വലിയ പ്രമാദമായ ഈ സംഭവത്തിൽ അന്നത്തെ ജനകീയ അംബാസഡർ ബാലകൃഷ്ണ ഷെട്ടിയും ഇവിടെയുള്ള സാമൂഹിക പ്രവർത്തകരും ഏറെ സ്തുത്യർഹമായ സേവനങ്ങളാണ് കാഴ്ചവെച്ചത്. സർക്കാർ നിശ്ചയിക്കുന്ന ഒരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ പത്തും പതിനാറുമൊക്കെ തൊഴിലാളികളെ മാടുകളെ പോലെയായിരുന്നു പല ലേബർ ക്യാമ്പുകളിലും പാർപ്പിച്ചിരുന്നത്. തൊഴിലാളികൾക്ക് മതിയായ ശൗചാലയ സംവിധാനങ്ങളോ വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങളോ ഇതിൽ പലതിലും ഉണ്ടായിരുന്നില്ല. ഈ ഒരു സംഭവത്തോടുകൂടി സർക്കാർ പരിശോധനകൾ കർശനമാക്കുകയും ലേബർ ക്യാമ്പുകളുടെ നിലവാരം അതുവഴി കുറെയൊക്കെ മെച്ചപ്പെടുകയും ചെയ്തിരുന്നു. ഈ ഒരു വിഷയത്തിൽ ‘ഗൾഫ് മാധ്യമ’ത്തിന്റെ ഇടപെടലും ശ്രദ്ധേയമായിരുന്നു.
അൽ ദാന ബോട്ട് ദുരന്തവും വലിയ പ്രയാസത്തോടെയാണ് ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തത്. രാജ്യത്തിന്റെ അഭിമാനമായി ഉയർന്നു പൊന്തിയ ബഹ്റൈൻ വേൾഡ് ട്രേഡ് സെന്ററിന്റെ നിർമാണ പൂർത്തീകരണത്തിന്റെ സന്തോഷം പങ്കിടാൻ കമ്പനിയിലെ എൻജിനീയർമാർക്കും മറ്റുമായി ബോട്ടിൽ പാർട്ടി ഒരുക്കിയിരുന്നു. ഈ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 18 വർഷങ്ങൾക്കപ്പുറം നടന്ന ആ ദുരന്തത്തിൽ 58 പേരാണ് മരണത്തിനു കീഴടങ്ങിയത്. മലയാളികളുൾപ്പെടെ ഇതിൽ 22 പേരായിരുന്നു ഇന്ത്യക്കാരായിട്ടുണ്ടായിരുന്നത്. ബ്രിട്ടൻ, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ഫിലിപ്പീൻസ്, തായ് വാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു മറ്റുള്ളവർ. ഈ ദുരന്തത്തിലും അംബാസഡർ ഷെട്ടിയുടെ സ്തുത്യർഹമായ ഇടപെടൽ ഉണ്ടായിരുന്നു. അപകടത്തിൽപെട്ട ഇന്ത്യക്കാരുടെ പേരുവിവരങ്ങളും മറ്റും ബന്ധപ്പെട്ടവരെ അറിയിക്കുന്നതിലും മറ്റും ‘ഗൾഫ് മാധ്യമ’വും വലിയ പങ്കാണ് വഹിച്ചത്.
മലയാളിയായ അംബാസഡർ ഡോ.ജോർജ് ജോസഫിന്റെ കാലത്തും ജീവകാരുണ്യ മേഖലയിലുളള വലിയ ഇടപെടലുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ബഹ്റൈൻ എന്നത് ചെറിയ ഒരു രാജ്യവും ഇവിടെയുള്ള പ്രവാസികളിൽ അധികവും ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരുമാണ്. എങ്കിലും ബഹ്റൈനിൽ ജീവകാരുണ്യ മേഖലയിലുള്ള പ്രവർത്തനങ്ങൾ മറ്റു രാജ്യങ്ങളിലേക്കാൾ വളരെ കൂടുതലാണ്. മലയാളികളായ സാമൂഹിക പ്രവർത്തകരാണ് ഇതിനു നേതൃത്വം നൽകുന്നത് എന്നത് ഏറെ അഭിമാനകരം കൂടിയാണ്. മറ്റു പലയിടങ്ങളിലും മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും എടുക്കുമ്പോൾ ഇവിടെ നിന്നും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മൃതദേഹം നാട്ടിൽ എത്തിക്കാൻ സാധിക്കാറുള്ളത് സാമൂഹിക പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനങ്ങൾ കൊണ്ട് മാത്രമാണ്. സാമൂഹിക പ്രവർത്തകരുടെ സേവനങ്ങളും ഇടപെടലുകളും പുറം ലോകത്തിനു പരിചയപ്പെടുത്തുന്നതിലും അവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിലുമൊക്കെ ‘ഗൾഫ് മാധ്യമ’ത്തിന്റെ പങ്ക് സുവിദിതമാണ്. പത്രത്തിന്റെ വരവിനു മുമ്പ് ഇത്തരം പല പ്രവർത്തനങ്ങളും പുറംലോകം അറിഞ്ഞിരുന്നില്ല എന്നതാണ് യാഥാർഥ്യം.
സാമൂഹിക പ്രവർത്തകരെയും ജീവകാരുണ്യ രംഗത്ത് സജീവമായവരെയും ‘ഗൾഫ് മാധ്യമം’ എന്നും ചേർത്തുപിടിച്ചിട്ടുണ്ട്. അവരുടെ സേവനങ്ങൾ സമൂഹ മധ്യത്തിൽ എത്തിക്കുകയും മറ്റുള്ളവർക്ക് പ്രചോദനമാവുന്ന രീതിയിൽ അവതരിപ്പിക്കാനും പത്രം ശ്രദ്ധ ചെലുത്താറുണ്ട്. കോവിഡിനുശേഷം ഈ രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയവരെ വിളിച്ചുചേർത്ത് അവരുടെ അനുഭവങ്ങൾ പങ്കുവെക്കാനുള്ള വേദി ‘ഗൾഫ് മാധ്യമം’ ഒരുക്കിയിരുന്നു. ഏവരുടെയും കരളലിയിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ആ അനുഭവ വിവരണം 2021ലെ ബഹ്റൈൻ ദേശീയദിന പ്രത്യേക പതിപ്പിൽ കവർ സ്റ്റോറിയായി ചേർക്കുകയും ചെയ്തിരുന്നു.
ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) എന്ന സംവിധാനം 2006 മേയ് 31ന് രാജ്യത്ത് നിലവിൽ വരുന്ന സന്ദർഭത്തിൽ പ്രവാസികൾക്ക് വലിയ തോതിലുള്ള സംശയങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഈ ആശങ്കകളും സംശയങ്ങളും ദൂരീകരിച്ചു കൊടുക്കുന്നതിൽ ‘ഗൾഫ് മാധ്യമം‘ വലിയ പങ്കാണ് വഹിച്ചത്. തുടക്കം മുതൽ ‘ഗൾഫ് മാധ്യമ’ത്തിന് എൽ.എം.ആർ.എയുമായി ഔദ്യോഗികമായി സഹകരിച്ചു പ്രവർത്തിക്കാൻ അവസരം സിദ്ധിച്ചിട്ടുണ്ട്. ഇവരുടെ തൊഴിൽ പരിഷ്കരണങ്ങളും വിസ സംബന്ധമായതും മറ്റുമായുള്ള അറിയിപ്പുകളും യഥാസമയം മലയാളി പ്രവാസികൾക്ക് എത്തിക്കാൻ കഴിയുന്നത് വലിയൊരു കാര്യമാണ്. ബഹ്റൈൻ തൊഴിൽ നിയമവുമായി ബന്ധപ്പെട്ട സംശയങ്ങൾ നിവാരണം ചെയ്യാൻ വേണ്ടിയുള്ള പ്രത്യേക വാരാന്ത കോളം നൂറുകണക്കിന് ആളുകൾക്ക് ഇതിനകം പ്രയോജനപ്പെട്ടിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും അറിയിപ്പുകളും നിർദേശങ്ങളും കൃത്യസമയത്ത് മലയാളികൾക്കിടയിൽ എത്തിക്കാനും ‘ഗൾഫ് മാധ്യമം’ മുന്നിൽ തന്നെയാണ്. പ്രവാസം നിലനിൽക്കുവോളം പ്രവാസികളുടെ പ്രശ്നങ്ങളും ഉണ്ടാകുമെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല. പ്രതിസന്ധികളും ദുരന്തങ്ങളും അവരെ തേടി വരാതിരിക്കട്ടെ എന്നാണ് പ്രാർഥന. പ്രവാസ ഭൂമികയിൽ ജീവിതത്തിന്റെ നിറം നഷ്ടപ്പെട്ടുപോവുകയും കാലിടറി വീണുപോവുകയും ചെയ്യുന്നവർക്ക് ഒരു കൈത്താങ്ങായി ഇവിടെ ‘ഗൾഫ് മാധ്യമം’ എന്നുമുണ്ടാവും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.