മനാമ: മൂന്നു വർഷത്തെ ഇടവേളക്കുശേഷം ഇന്ത്യൻ സ്കൂൾ വീണ്ടും മെഗാ ഫെയറിന് ഒരുങ്ങുന്നു. ഇന്ത്യൻ സ്കൂളിന്റെ ഈസ ടൗൺ കാമ്പസിൽ നവംബർ 23, 24, 25 തീയതികളിലാണ് മെഗാഫെയർ നടക്കുക. ഇതിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. രക്ഷിതാക്കളും അധ്യാപകരും സാമൂഹികപ്രവർത്തകരും അടങ്ങിയ 501 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്.
ബിസിനസ് പ്രമുഖനായ പി. ഷാനവാസ് ജനറൽ കൺവീനറും മുഹമ്മദ് മാലിം രക്ഷാധികാരിയുമായ സ്വാഗതസംഘം കമ്മിറ്റിയിൽ ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് കമ്മിറ്റി പ്രതിനിധികളും സമൂഹത്തിന്റെ വിവിധ മേഖലയിൽനിന്നുള്ളവരും അംഗങ്ങളാണ്. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജന്റെയും സെക്രട്ടറി സജി ആന്റണിയുടെയും നേതൃത്വത്തിൽ നടക്കുന്ന അഞ്ചാമത് സ്കൂൾ മെഗാഫെയറാണ് ഇത്തവണ നടക്കുന്നത്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വെവ്വേറെ കമ്മിറ്റികൾ രൂപവത്കരിച്ചിട്ടുണ്ട്. മേളയുടെ വിജയത്തിനായി ഈ കമ്മിറ്റികൾ ഒത്തൊരുമയോടെ പ്രവർത്തിക്കും. ഇതിനകം സ്വാഗതസംഘം രണ്ടു യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി.
വിവിധ രാജ്യങ്ങളിൽനിന്നുള്ള 12,000ത്തോളം വിദ്യാർഥികളാണ് ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നത്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾക്ക് ഫീസ് ഇളവ് നൽകി സഹായിക്കാനാണ് മുഖ്യമായും സ്കൂൾ ഫെയർ സംഘടിപ്പിക്കുന്നത്. ഒപ്പം സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും അധ്യാപകരുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പുവരുത്താനും മേളയിലൂടെ ധനസമാഹരണം നടത്തും. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നിരവധി വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. ഒരു കമ്യൂണിറ്റി സ്കൂൾ എന്ന നിലക്ക് അശരണരെ സഹായിക്കുകയെന്നത് സ്കൂളിന്റെ ഉത്തരവാദിത്തമാണെന്ന് പ്രിൻസ് എസ്. നടരാജനും സെക്രട്ടറി സജി ആന്റണിയും പറഞ്ഞു. ജി.സി.സിയിലെ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ സ്കൂൾ ഓരോ വർഷവും 1000ത്തോളം വിദ്യാർഥികൾക്ക് ഫീസ് ഇളവും മറ്റ് ആനുകൂല്യങ്ങളും നൽകി സഹായിക്കുന്നുണ്ട്.
സ്കൂൾ മേളയോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റിവലും വിദ്യാർഥികളുടെ ശാസ്ത്രപ്രദർശനവും ഉണ്ടായിരിക്കും. ആദ്യ ദിനത്തിൽ സ്കൂൾ യുവജനോത്സവത്തിന്റെ ഫിനാലെയാണ് മൈതാനത്ത് നടക്കുക. രണ്ടാം ദിനത്തിൽ ഐഡിയ സ്റ്റാർ സിംഗർ ഫെയിം മൃദുല വാര്യർ നയിക്കുന്ന ദക്ഷിണേന്ത്യൻ സംഗീതപരിപാടികളും സമാപനദിനത്തിൽ ബോളിവുഡ് ഗായിക ഭൂമി ത്രിവേദി നയിക്കുന്ന സംഗീതമേളയുമാണ് ഒരുക്കുന്നത്. ഫെയറിന്റെ ഭാഗമായി വിദ്യാർഥികളുടെ ആർട്ട് എക്സിബിഷൻ സന്ദർശകർക്ക് നവ്യാനുഭവമാവും. ഇന്ത്യൻ സ്കൂൾ മെഗാ ഫെയറിനു പ്രവാസി സമൂഹത്തിന്റെ സമസ്ത മേഖലകളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചു വരുന്നതെന്ന് ജനറൽ കൺവീനർ ഷാനവാസും രക്ഷാധികാരി മുഹമ്മദ് മാലിമും പറഞ്ഞു. മൂന്നു വർഷത്തെ ഇടവേളക്കുശേഷം നടക്കുന്ന ഫെയറിൽ സ്റ്റാൾ ബുക്കിങ്ങിന് മികച്ച പ്രതികരണം ഇന്ത്യൻ സ്കൂളിന് ലഭിച്ചുവരുന്നു. വൈകീട്ട് ആറു മണി മുതൽ 11 മണി വരെയാണ് ആഘോഷപരിപാടികൾ നടക്കുക. മേള സന്ദർശിക്കാൻ എത്തുന്നവർക്കായി ഇന്ത്യൻ സ്കൂൾ വിശാലമായ പാർക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സ്കൂളിനു സമീപമുള്ള സ്റ്റേഡിയത്തിലും തൊട്ടടുത്ത സ്കൂൾ ഗ്രൗണ്ടിലും പാർക്കിങ് സൗകര്യങ്ങൾ ലഭ്യമാക്കും. ഇന്ത്യൻ സ്കൂൾ ഫുട്ബാൾ ഗ്രൗണ്ടിൽ വിനോദപരിപാടികളും ബന്ധപ്പെട്ട സ്റ്റാളുകളും ഉണ്ടായിരിക്കും. ഫുഡ് സ്റ്റാളുകളും മറ്റു വാണിജ്യ സ്റ്റാളുകളും ബാസ്കറ്റ്ബാൾ ഗ്രൗണ്ടിൽ ക്രമീകരിക്കും. കുട്ടികൾക്കുള്ള വിവിധ വിനോദ പരിപാടികളും ഉണ്ടാകും. ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ നടത്തുന്ന വിവിധ സാംസ്കാരിക പരിപാടികളും മേളയിൽ സംഘടിപ്പിക്കും. മെഗാ ഫെയർ ഫുഡ് സ്റ്റാളുകൾ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പാചകരുചി വൈവിധ്യങ്ങൾ അനുഭവിക്കാൻ അവസരം നൽകും. വാട്ടർഷോ, പ്രോപ്പർട്ടി, മെഡിക്കൽ, എജുക്കേഷൻ, ഫിനാൻസ്, വസ്ത്രവ്യാപാരം തുടങ്ങിയ മേഖലകളെ ഉൾപ്പെടുത്തി പ്രത്യേക എക്സിബിഷൻ എന്നിവയും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.