വിമാന സർവിസ് സാധാരണ നിലയിലേക്ക്; ആശ്വാസത്തോടെ പ്രവാസികൾ

മനാമ: കോവിഡ് മഹാമാരി സൃഷ്ടിച്ച രണ്ടുവർഷത്തെ ഇടവേളക്കുശേഷം അന്താരാഷ്ട്ര വിമാന സർവിസുകൾ സാധാരണ നിലയിലാകുന്നതിന്റെ സന്തോഷത്തിലാണ് പ്രവാസികൾ. രണ്ട് വർഷം അനുഭവിച്ച യാത്രാദുരിതത്തിന് ഇപ്പോഴെങ്കിലും പരിഹാരമായത് പ്രവാസികൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. മാർച്ച് 27 മുതൽ അന്താരാഷ്ട്ര സർവിസുകൾ പുനരാരംഭിക്കുമെന്നാണ് കേന്ദ്ര സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അറിയിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും സർവിസുകൾ ആരംഭിക്കുക.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് 2020 മാർച്ച് 23നാണ് അന്താരാഷ്ട്ര സർവിസുകൾ നിർത്തലാക്കിയത്. പിന്നീട് രണ്ട് മാസത്തോളം വിമാന സർവിസുകൾ പൂർണമായി നിലച്ചു. നാട്ടിലേക്ക് യാത്രചെയ്യാൻ ഒരുമാർഗവുമില്ലാതെ വിഷമിച്ച പ്രവാസികൾക്ക് അൽപമെങ്കിലും ആശ്വാസം ലഭിച്ചത് ആ വർഷം മേയ് ഏഴിന് എയർ ബബ്ൾ പ്രകാരമുള്ള സർവിസ് ആരംഭിച്ചതോടെയാണ്. പരിമിതമായ വിമാന സർവിസുകളും സീറ്റുകളുമാണ് എയർ ബബ്ൾ പ്രകാരം ലഭ്യമായിരുന്നത്. ഒടുവിൽ, കഴിഞ്ഞ ഡിസംബർ 15 മുതൽ അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ഒമിക്രോൺ വകഭേദം രൂക്ഷമായതിനെ തുടർന്ന് ഈ തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു.

സാധാരണനിലയിൽ സർവിസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. കോവിഡ് കാലത്ത് പലസമയങ്ങളിലും ഭീമമായ ടിക്കറ്റ് നിരക്കിന്റെ പ്രയാസം അനുഭവിച്ചവരാണ് ഗൾഫിൽനിന്നുള്ള യാത്രക്കാർ. കൂടുതൽ സർവിസുകൾ വരുമ്പോൾ ന്യായമായ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. വിമാന സർവിസുകൾ പുനരാരംഭിക്കുന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണെന്ന് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു. ഈ തീരുമാനമെടുത്ത രാജ്യത്തെ ഭരണാധികാരികളെ അഭിനന്ദിക്കുന്നു. എയർ ബബ്ൾ പ്രകാരം വിമാന സർവിസുകൾ പരിമിതമായിരുന്നതിനാൽ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും ഏറെ പ്രയാസപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. രണ്ട് വർഷം അനുഭവിച്ച പ്രയാസങ്ങൾക്ക് പുതിയ തീരുമാനത്തോടെ അറുതിയാകുമെന്ന് യാത്രാസംബന്ധമായ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന സാമൂഹിക പ്രവർത്തകൻ ഫസലുൽ ഹഖ് പ്രതികരിച്ചു.

മരണം ഉൾപ്പെടെ അത്യാവശ്യ സന്ദർഭങ്ങളിൽ നാട്ടിലേക്ക് പോകാൻ പ്രവാസികൾ ഏറെ കഷ്ടപ്പെട്ട നാളുകളാണ് കഴിഞ്ഞുപോയത്. ആവശ്യത്തിന് സർവിസുകളും സീറ്റും ഇല്ലാത്തത് ദുരിതം ഇരട്ടിയാക്കി. ഇനിമുതൽ പ്രതിദിന സർവിസ് ആരംഭിക്കുന്നത് പ്രവാസികൾക്ക് ആശ്വാസകരമാണ്. കൂടുതൽ സർവിസുകൾ ആരംഭിക്കുന്നതോടെ യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സാധിക്കും. അതേസമയം, എയർ ബബ്ൾ പ്രകാരം വരും മാസങ്ങളിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന വിമാന സർവിസുകൾ റദ്ദാക്കിയതായി യാത്രക്കാർക്കും ട്രാവൽ ഏജൻസികൾക്കും എയർ ഇന്ത്യ എക്സ്പ്രസിൽനിന്ന് അറിയിപ്പ് ലഭിച്ചുതുടങ്ങി. ഈ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇനി പുതിയ വിമാനങ്ങളെ ആശ്രയിക്കേണ്ടിവരും. പുതിയ ഷെഡ്യൂൾ അടുത്ത ദിവസം തന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.