മനാമ: കോവിഡ് കാലത്ത് റദ്ദായ വിമാന ടിക്കറ്റുകൾക്ക് പകരം വൗച്ചർ ലഭിച്ചവർക്ക് റീഫണ്ട് ലഭിക്കാൻ സാധ്യത തെളിഞ്ഞു. ബഹ്റൈനിൽനിന്ന് ടിക്കറ്റെടുത്തവർക്ക് വൈകാതെ റീഫണ്ട് ലഭിക്കുമെന്നാണ് അറിയുന്നത്. റീഫണ്ട് ലഭിക്കേണ്ടവരുടെ ആദ്യ പട്ടിക ബഹ്റൈനിലെ എയർ ഇന്ത്യ അധികൃതർക്ക് ലഭിച്ചു.
കോവിഡ് കാലത്ത് റദ്ദായ ടിക്കറ്റുകളുടെ തുക റീഫണ്ട് നൽകണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. പ്രവാസി ലീഗൽ സെൽ നൽകിയ ഹരജിയിലായിരുന്നു ഇൗ ഉത്തരവ്. എന്നാൽ, ബഹ്റൈനിലെ ട്രാവൽ ഏജൻസികൾ മുഖേന ടിക്കറ്റ് ബുക്ക് ചെയ്ത പലർക്കും റീഫണ്ട് ലഭിച്ചില്ല. റീഫണ്ടിന് പകരം മറ്റൊരു യാത്രക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വൗച്ചറുകളാക്കി മാറ്റുകയാണ് ചെയ്തത്. 2021 ഡിസംബർ 31നുള്ളിൽ ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ് വൗച്ചറുകൾ നൽകിയത്. പല യാത്രക്കാരും വൗച്ചർ ഉപയോഗിച്ചു യാത്ര നടത്തിയിട്ടുണ്ട്. എന്നാൽ, നിശ്ചിതസമയത്തിനുള്ളിൽ വിമാനയാത്ര നടത്താൻ സാധ്യതയില്ലാത്തവർക്ക് വൗച്ചർ പ്രയോജനം ചെയ്യില്ല. ഇത്തരം യാത്രക്കാരാണ് റീഫണ്ട് ആവശ്യപ്പെടുന്നത്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് വൗച്ചറിന് പകരം റീഫണ്ട് നൽകാൻ തീരുമാനിച്ചത്. വൗച്ചറുകൾ പി.എൻ.ആർ ആക്കി മാറ്റി റീഫണ്ട് നൽകാൻ നടപടി എയർ ഇന്ത്യ മുഖ്യ ഒാഫിസിൽ പുരോഗമിക്കുകയാണ്.
ബഹ്റൈനിൽനിന്ന് ഒാൺലൈൻ വഴി ടിക്കറ്റെടുത്തവർക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് റീഫണ്ട് നൽകും. ഏജൻറുമാർ മുഖേന ടിക്കറ്റെടുത്തവർക്ക് ഏജൻറുമാരുടെ അക്കൗണ്ടിലേക്കാണ് റീഫണ്ട് നൽകുക. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെച്ചത്. തുടർന്ന്, വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ മേയ് ഏഴിനാണ് കേന്ദ്ര സർക്കാർ വന്ദേഭാരത് ദൗത്യം ആരംഭിച്ചത്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പലരും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. സന്ദർശക വിസയിൽ വന്ന് മടങ്ങിയവരുമുണ്ട്. ഇവർക്കൊക്കെ പുതിയ തീരുമാനം പ്രയോജനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.