മനാമ: ബഹ്റൈനിൽ 10 ദിവസത്തെ ക്വാറൻറീനിൽ താമസിക്കുന്നവരെ ഇടനിലക്കാർ ചൂഷണം ചെയ്യുന്നതായി പരാതി. നിശ്ചിത നിരക്കിനേക്കാൾ കൂടുതൽ തുക യാത്രക്കാരിൽനിന്ന് ഇൗടാക്കുന്നതായാണ് ആക്ഷേപം. കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്നവർക്ക് ഹോട്ടൽ താമസം തന്നെ അമിതഭാരമാണ്. ഇതിനിടയിലാണ് ഇടനിലക്കാരുടെ ചൂഷണം.
എൻ.എച്ച്.ആർ.എ അംഗീകാരമുള്ള ഒരു അപ്പാർട്ട്മെൻറിൽ 10 ദിവസത്തേക്ക് 150 ദീനാർ ആണ് നിരക്ക് ഇൗടാക്കുന്നത്. എന്നാൽ, ചില ഇടനിലക്കാർ 200 മുതൽ 250 ദീനാർ വരെ യാത്രക്കാരിൽനിന്ന് വാങ്ങുന്നതായാണ് പരാതി. പലരിൽനിന്നും പല തുകകളാണ് വാങ്ങുന്നതത്രേ. നൽകിയ തുകക്കുള്ള സൗകര്യമില്ലെന്ന് പരാതി പറഞ്ഞ ചിലരെ പിന്നീട് മറ്റൊരു ഹോട്ടലിലേക്ക് മാറ്റി.
വിദേശത്തുനിന്ന് ബഹ്റൈനിൽ വരുന്നവർ 10 ദിവസ ക്വാറൻറീനിൽ കഴിയണമെന്നാണ് വ്യവസ്ഥ. സ്വന്തം പേരിലോ അടുത്ത കുടുംബാംഗത്തിെൻറ പേരിലോ താമസസ്ഥലം ഇല്ലെങ്കിൽ ഹോട്ടൽ റിസർവേഷൻ നിർബന്ധമാണ്. നാഷനൽ ഹെൽത്ത് െറഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അംഗീകാരമുള്ള ഹോട്ടലിലാകണം റിസർവേഷൻ.
കോവിഡ് കാലത്ത് സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികൾ വിമാന ടിക്കറ്റിന് അമിത നിരക്ക് നൽകിയാണ് ബഹ്റൈനിൽ എത്തുന്നത്. 80,000 രൂപക്ക് മുകളിൽ എത്തിയ ടിക്കറ്റ് നിരക്ക് പലർക്കും താങ്ങാൻ കഴിയുന്നതല്ല. എന്നിട്ടും മറ്റു മാർഗമില്ലാതെ വരുന്നവരെയാണ് ഇടനിലക്കാർ ക്വാറൻറീെൻറ പേരിൽ ചൂഷണം ചെയ്യുന്നത്. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മയായ പ്രമുഖ വാട്സ്ആപ് ഗ്രൂപ്പിൽ കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് ചൂടേറിയ ചർച്ച നടന്നിരുന്നു. യാത്രക്കാരെ ചൂഷണം െചയ്യുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യമാണ് സാമൂഹിക പ്രവർത്തകർ ഉന്നയിക്കുന്നത്.
അതേസമയം, എൻ.എച്ച്.ആർ.എ വെബ്സൈറ്റിൽ ലൈസൻസുള്ള ക്വാറൻറീൻ സ്ഥാപനങ്ങളുടെ പേരും ബന്ധപ്പെടാനുള്ള നമ്പറും വ്യക്തമായി നൽകിയിട്ടുണ്ട്. നിലവിൽ 44 സ്ഥാപനങ്ങളാണ് പട്ടികയിൽ ഉള്ളത്. യാത്രക്കാർ ഇൗ നമ്പറിൽ നേരിട്ട് ബന്ധപ്പെട്ട് ബുക്കിങ് നടത്തിയാൽ ചൂഷണത്തിനിരയാകാതെ യഥാർഥ നിരക്കിൽ ബുക്കിങ് ലഭിക്കുമെന്ന് ഒരു ഹോട്ടൽ പ്രതിനിധി ചൂണ്ടിക്കാട്ടി. ഏറ്റവും കുറഞ്ഞ നിരക്കിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്കാണ് അപ്പാർട്ട്മെൻറ് സൗകര്യം ഒരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടനിലക്കാർ വാങ്ങിയ തുകക്കനുസരിച്ചുള്ള സൗകര്യം താമസസ്ഥലത്ത് ഇല്ലെന്ന് ആരോപിച്ചാണ് കഴിഞ്ഞദിവസം ചിലർ രംഗത്തെത്തിയത്. തുടർന്ന്, ഇവരെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.