മനാമ: കേരളത്തിലെ ഏറ്റവും വലിയ തൊഴിൽമേഖലയായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സി വഴി നടത്തണമെന്ന് പ്രവാസി വെൽഫെയർ റിഫ സോണൽ സമ്മേളനം ആവശ്യപ്പെട്ടു. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാമൂഹികനീതിയും നിയമപരമായി സ്ഥാപിക്കപ്പെട്ട സംവരണ മാനദണ്ഡങ്ങളും നിഷേധിച്ച് കോഴനിയമനം നടത്തി സർക്കാറിനെക്കൊണ്ട് ശമ്പളം കൊടുപ്പിക്കുന്ന എല്ലാ ജാതി സമുദായ വ്യക്തിഗത മാനേജ്മെന്റുകളും കാലം ആവശ്യപ്പെടുന്ന നൈതിക രീതിയിലേക്ക് മാറേണ്ടതുണ്ട്. നൂറു ശതമാനവും പണം നൽകുന്നവർക്കു മാത്രമാണ് ഇപ്പോൾ നിയമനം ലഭിക്കുന്നത്. അതിന് മാറ്റം വരാനും മാനേജ്മെന്റുകളുടെ ഈ രംഗത്തെ അഴിമതി ഇല്ലാതാക്കാനും ശമ്പളം നൽകുന്ന സർക്കാർ തന്നെയാണ് നിയമനങ്ങൾ നടത്തേണ്ടതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
സ്വകാര്യ സ്ഥാപനങ്ങളിലെ നിയമനങ്ങൾ മാത്രമല്ല, പൊതുമേഖലയിലെയും സഹകരണ സ്ഥാപനങ്ങളിലെയും നിയമനങ്ങളും പി.എസ്.സിക്ക് വിടുകയും സർക്കാർ സർവിസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുകയും ചെയ്യുന്നതിലൂടെയാണ് സാമൂഹികനീതി പുലരുക എന്ന് ഫസലുർറഹ്മാൻ മൂച്ചിക്കൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു.
സോണൽ പ്രസിഡന്റ് ആഷിക് എരുമേലി അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ ഉദ്ഘാടനം ചെയ്തു. ‘നമ്മുടെ രാഷ്ട്രീയ സാമൂഹിക ചരിത്ര സമീപനം’ വിഷയത്തിൽ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലിയും ‘ക്ഷേമരാഷ്ട്രം’ വിഷയത്തിൽ ഷിജിന ആഷിഖും സംസാരിച്ചു.
റിഫ സോണൽ സെക്രട്ടറി എ.വൈ. ഹാഷിം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകൾക്ക് പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ നേതൃത്വം നൽകി. സുമയ്യ ഇർഷാദ് സ്വാഗതവും മുഹമ്മദ് അമീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.