മനാമ: ലോകത്തിലെ ഏറ്റവും മികച്ച പുതിയ വിമാനത്താവളം എന്ന പദവി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്. പാരിസിലെ പാസഞ്ചർ ടെർമിനൽ എക്സ്പോയിൽ നടന്ന സ്കൈട്രാക്സ് 2022 ലോക എയർപോർട്ട് അവാർഡ് ദാന ചടങ്ങിലാണ് ബഹ്റൈൻ വിമാനത്താവളത്തിന് പുരസ്കാരം ലഭിച്ചത്. വ്യോമഗതാഗതരംഗത്തെ ഏറ്റവും മികച്ച അവലോകന സമിതിയാണ് സ്കൈട്രാക്സ്. ഇതിനുമുമ്പ് സ്കൈട്രാക്സ് റേറ്റിങ്ങിൽ പഞ്ചനക്ഷത്ര പദവി വിമാനത്താവളത്തിന് ലഭിച്ചിരുന്നു. ഈ ബഹുമതി ലഭിക്കുന്ന മിഡിലീസ്റ്റിലെ മൂന്നാമത്തെ വിമാനത്താവളമെന്ന ഖ്യാതിയും നേടി. കോവിഡ് സുരക്ഷ നടപടികൾക്കും വിമാനത്താവളത്തിലെ പേൾ ലോഞ്ചിനും പഞ്ചനക്ഷത്ര റേറ്റിങ് ലഭിച്ചിട്ടുണ്ട്. രൂപകൽപനയിലും ഗുണമേൻമയിലും വിട്ടുവീഴ്ച ചെയ്യാതെ റെക്കോഡ് വേഗത്തിൽ പുതിയ ടെർമിനൽ നിർമാണം പൂർത്തിയാക്കാൻ സാധിച്ചതിനുള്ള അംഗീകാരമാണ് ബഹുമതിയെന്ന് ബഹ്റൈൻ എയർപോർട്ട് കമ്പനി ചെയർമാൻ കമാൽ ബിൻ അഹ്മദ് മുഹമ്മദ് പറഞ്ഞു. കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾക്കിടയിലും നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞത് ബഹ്റൈനി ടീമിന്റെ നേട്ടമാണ്. പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.