മനാമ: അഞ്ചു പതിറ്റാണ്ട് നാട്ടിൽ പോകാതെ ബഹ്റൈനിൽ കഴിച്ചുകൂട്ടിയ പ്രവാസി ഒടുവിൽ മടങ്ങി. സുഹൃത്തുക്കളും ബന്ധുക്കളുമായി അടുപ്പമില്ലാതെ ദീർഘകാലം ഇവിടെ കഴിഞ്ഞ ഇദ്ദേഹത്തിന് സാമൂഹിക പ്രവർത്തകരുടെ ഇടപെടലാണ് തുണയായത്. ഗോവ സ്വദേശിയായ യൂഫെമിയാനോ റോഡ്രിഗസ് 1974ലാണ് തൊഴിൽ തേടി ബഹ്റൈനിലെത്തിയത്. സുന്ദരമായ ഒരു ജീവിതം സ്വപ്നംകണ്ട് ബഹ്റൈനിലെത്തിയ ഇദ്ദേഹത്തിനായി കാലം കാത്തുവെച്ചത് ഇരുണ്ട ഭാവികാലമായിരുന്നു. ടൈലറിങ് ജോലി ചെയ്ത് ജീവിതം ആരംഭിച്ച റോഡ്രിഗസിനെത്തേടി പ്രതിസന്ധികൾ ഒന്നൊന്നായെത്തി. പാസ്പോർട്ട് കൈവശമുണ്ടായിരുന്ന സ്പോൺസർ മരിച്ചതോടെ മുന്നോട്ടുള്ള ജീവിതം വഴിമുട്ടി. പിന്നീട് ചെറിയ ജോലികൾ ചെയ്ത് ജീവിതം തള്ളിനീക്കുകയായിരുന്നു.
വിസയുടെ കാലാവധി കഴിഞ്ഞതോടെ അനധികൃത താമസക്കാരനായി. അതിനാൽ, നാട്ടിൽ പോകാനും സാധിച്ചില്ല. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ നാട്ടിലേക്കു പോകാൻ തീരുമാനിച്ചെങ്കിലും ആവശ്യമായ രേഖകൾ കൈവശം ഇല്ലാതിരുന്നത് തിരിച്ചടിയായി. പിന്നീട് ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ഇദ്ദേഹത്തിെന്റ സഹായത്തിനെത്തുകയായിരുന്നു. കോവിഡ് കാലത്ത് ഇന്ത്യൻ എംബസി സംഘടിപ്പിച്ച ആദ്യ ഓപൺ ഹൗസിൽതന്നെ ഇദ്ദേഹത്തിന്റെ വിഷയം അവതരിപ്പിച്ചിരുന്നതായി ഐ.സി.ആർ.എഫ് അംഗം സുബൈർ കണ്ണൂർ പറഞ്ഞു. ഐ.സി.ആർ.എഫിന്റെയും ഇന്ത്യൻ എംബസിയുടെയും നിരന്തര പരിശ്രമങ്ങൾക്കൊടുവിലാണ് ഇദ്ദേഹത്തിന് നാട്ടിൽ പോകാൻ വഴിതെളിഞ്ഞത്. അനധികൃതമായി താമസിച്ചതിനുള്ള പിഴ ഐ.സി.ആർ.എഫ് അടച്ചു. സേക്രഡ് ഹാർട്ട് ചർച്ച് ഇദ്ദേഹത്തിനുള്ള വിമാന ടിക്കറ്റ് നൽകി. വർഷങ്ങൾക്കു മുമ്പ് കപ്പലിൽ ബഹ്റൈനിലെത്തിയ യൂഫെമിയാനോ റോഡ്രിഗസ് ഒടുവിൽ വിമാനത്തിൽ നാടണഞ്ഞു. കഴിഞ്ഞ ദിവസം ഇൻഡിഗോ വിമാനത്തിൽ മുംബൈ വിമാനത്താവളത്തിലെത്തിയ ഇദ്ദേഹത്തിന് എമിഗ്രേഷൻ നടപടികളിലെ താമസം കാരണം തുടർവിമാനത്തിൽ നാട്ടിലേക്കു പോകാനായില്ല.
പിന്നീട് ബസിനാണ് ഇദ്ദേഹം ഗോവയിലെത്തിയത്. നാട്ടിൽ ബന്ധുക്കൾ ആരുമില്ലാത്തതിനാൽ അഗതിമന്ദിരത്തിലായിരിക്കും ഇദ്ദേഹം താമസിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.