ഭ്രാന്തന്റെ രഥയാത്ര
അവസ്ഥകൾ മാറിയവന്റെ
ഓർമകളിൽ നിറം
മായിച്ചപ്പോൾ
ലോകമേ നീയവനു
ഭ്രാന്തനെന്നൊരു
മുദ്രകുത്തി.
മാറിനിന്ന
നിഴലുപോലുമാ
ജീവിതത്തിൻ
പൂർണത തോൽപിച്ചു
മുഖം ഇരുളിനാലേ
വാടിക്കരിഞ്ഞു
കൊഴിയുവാൻ കാത്തുനിന്നു.
വെയിലും മഴയും
ശൂന്യത തീർത്തപ്പോൾ
നരനായ് പിറന്നതിൽ
ഏറെ നൊന്ത മനമുണ്ട്.
വെറുപ്പിൻ ഗന്ധമാ/
മേനിയെ തഴുകവേ
തനിച്ചായ തന്നെ
സ്വയം ശപിക്കാൻ
മറന്നവൻ ഭ്രാന്തൻ.
കിനാവുമറഞ്ഞവൻ
രാത്രിയെ പ്രണയിച്ച
-തറിയാതെപോയൊരു
നഗ്നസത്യം! അയ്യോ വെറുതെ
പറഞ്ഞു ചിരിച്ചവൻ ഭ്രാന്തൻ.
തോരാത്ത കണ്ണീർമഴ
ധരണിതൻ മാറിൽ
പുഴപോലൊഴുകിയ
കറുത്തരാത്രി കാറ്റിൽ
മരണത്തിൻ താളം
തെറ്റിയദിനം
ഓർമകൾ ബാക്കിയായ്
മണ്ണിൽ അലിഞ്ഞവൻ
മറഞ്ഞുപോയൊരു രാത്രി.
ഒരു നിലവിളക്കും
അവനുവേണ്ടി
എരിഞ്ഞതില്ല.
ഒരു പൂക്കൾപോലും
അവന്റെ കല്ലറയിൽ
എത്തിയില്ല.
ആലിലപോലുള്ളോരാ
ദേഹം അഗ്നിയെ
പുൽകുംമുമ്പേ
മൗനമായിരുന്നോ
അവന്റെ അവസാന രഥയാത്ര.
കരഞ്ഞുകൊണ്ടു
പിറന്നുവീണവൻ
കടന്നുപോയൊരാ
പാതകളിൽ
സ്വപ്നം മറഞ്ഞുനിന്നപ്പോൾ
ദ്രവിച്ചുപോയൊരു
ഹൃദയം തകർന്നു
ഇന്നലെ രാവിലൊരു
കുയിൽ പാടി പറന്നുപോയി.....
ബാബാ ആമി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.