ഒരു നഴ്സിന്റെ ഡയറിക്കുറിപ്പ്
പതിവിലും തിരക്കൊരുപാടുണ്ടായിരുന്ന അടൂർ ബസ് സ്റ്റാൻഡ്. മായ -അവളെ നമുക്ക് അങ്ങനെ വിളിക്കാം. കേരളത്തിലെ പ്രശസ്തമായ വൃദ്ധസദനത്തിൽ അന്ന് ആദ്യമായി അവൾ നഴ്സായിട്ട് ജോലിക്ക് കയറുകയാണ്. അവൾ സ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസിൽ കയറി ടിക്കറ്റെടുത്ത് സീറ്റിൽ ഇരുന്നു. അവളുടെ മനസ്സിൽ ഒരുപാട് ചിന്തകൾ. പുതിയ സ്ഥലം, ഒരു പരിചയവും ഇല്ല. എങ്ങനെ അവിടെ ഒറ്റക്ക് കയറിച്ചെല്ലും. അങ്ങനെ നൂറു ചിന്തകൾ. ബെല്ലിന്റെ സൗണ്ട് കേട്ട് പെട്ടെന്ന് അവൾ എഴുന്നേറ്റു. ഇറങ്ങേണ്ട സ്ഥലമായി.
ബസ് ഇറങ്ങി അവൾ ശരണാലയത്തിലേക്ക് കയറിച്ചെന്നു. അവിടെ കുറെ അമ്മമാരും അച്ഛന്മാരും ഉണ്ടായിരുന്നു. മക്കൾ ഉപേക്ഷിച്ചവർ, സ്വയം വീടുവിട്ടിറങ്ങിയവർ, രോഗികൾ, അങ്ങനെ ഒരുപാട് പേര്. അവരെ നോക്കണം, സമയത്ത് മരുന്നും ഇൻജക്ഷനും കൊടുക്കണം. അതാണ് അവളുടെ ജോലി.
ഡ്യൂട്ടിക്ക് കയറി അപ്പോൾതന്നെ അവൾ എല്ലാ റൂമുകളിലും കയറിച്ചെന്നു. എല്ലാവരെയും കണ്ടു. അവർ വീട്ടിൽനിന്നും പോരേണ്ടിവന്ന സാഹചര്യങ്ങൾ മനസ്സിലാക്കിയപ്പോൾ അവളുടെ ഉള്ളൊന്നു പിടഞ്ഞു. അവരിൽ കൊട്ടാരത്തിലെ അമ്മത്തമ്പുരാട്ടിയും ഉണ്ടായിരുന്നു -ഊർമിള വർമ.
രണ്ട് അമ്മമാർ ഒഴിച്ച് ബാക്കി എല്ലാവരും സ്വന്തം കാര്യം സ്വയം ചെയ്യാവുന്നവരായിരുന്നു. ഒരു അമ്മ വീൽ ചെയറിലാണ്. ആ അമ്മയെ കൊണ്ടുവിട്ടാൽ മതി, സ്വന്തമായി എല്ലാം ചെയ്യും. ഒരു അമ്മ തളർന്നുകിടപ്പാണ്. അമ്മയെ ജാനകി എന്ന് വിളിക്കാം. ശരീരത്തിന്റെ പകുതി ഭാഗം തളർന്നു. അമ്മ വലിയ ഒരു തറവാട്ടിലെ അംഗം ആയിരുന്നു. അമ്മക്ക് മൂന്ന് മക്കൾ- രണ്ട് പെണ്ണും ഒരാണും. വീട്ടിൽ കുറച്ചു പശുക്കളുണ്ടായിരുന്നു. അതിനു തീറ്റ കൊടുക്കാൻ പോയി മഴയത്ത് തെന്നി വീണതാണ്. പാവം അന്നുമുതൽ ആ കിടപ്പാണ്. മക്കൾ കുറെ നാൾ നോക്കി. അവർക്കൊക്കെ ജോലി ഉള്ളതുകൊണ്ട് അമ്മയെ നോക്കാൻ പറ്റാതായി കൊണ്ടാക്കിയതാണ്. ഒരു മകൾ മാത്രം എന്നും അമ്മക്ക് ഫോൺ ചെയ്യും. അമ്മക്ക് ആഹാരം സ്പൂണിൽ കോരിക്കൊടുക്കുമ്പോൾ അമ്മ പറയും: മോളേ, അമ്മക്ക് മോളുടെ കൈകൊണ്ട് കറിയൊക്കെ പുരട്ടി വാരി തരുവോന്ന്. അന്നുമുതൽ മായ അമ്മക്ക് വാരിക്കൊടുക്കും. അമ്മേടെ കണ്ണ് ഇടക്ക് നിറയുന്നുണ്ടായിരുന്നു.
റൂം നമ്പർ നാലിൽ രണ്ട് അമ്മമാർ- വിലാസിനി അമ്മയും രാധാമണി അമ്മയും. രാധ അമ്മക്ക് ഒരു മകൻ. അയാൾ വിദേശത്തായതുകൊണ്ട് അമ്മയെ അവിടെ കൊണ്ടാക്കിയതാണ്. ഭർത്താവിന്റെ പെട്ടെന്നുള്ള മരണം അമ്മയുടെ മനസ്സിനേറ്റ മുറിവ് ഒരുപാടായിരുന്നു. ചെറുതായി മനസ്സ് കൈവിട്ടുപോയി. മോൻ നാട്ടിൽ വരുമ്പോൾ കൂട്ടിക്കൊണ്ടുപോകുമെന്നുള്ള ഉറപ്പിൽ അമ്മ അവിടെ അങ്ങനെ...
രണ്ടാമത്തെ ആൾ വിലാസിനി അമ്മ. ഒരുപാട് സമ്പന്നതയിൽ ജീവിച്ച അമ്മ. ഭർത്താവിന്റെ മരണശേഷം ഒരേ ഒരു മകൻ സ്വത്തുക്കൾ എല്ലാം എഴുതിവാങ്ങി അമ്മയെ ഉപേക്ഷിച്ചു. അവൻ സ്നേഹിച്ച പെണ്ണിനെത്തന്നെ അമ്മ അവന് കല്യാണം ചെയ്തുകൊടുത്തു. മരുമകളുടെ അമ്മ വീട്ടിൽ ഒറ്റക്കായതുകൊണ്ട് സ്വന്തം പറമ്പിൽ അവർക്ക് ഒരു വീട് വെച്ചുകൊടുത്തു. അവർക്കുവേണ്ടി എല്ലാം ചെയ്തിട്ടും അമ്മയെ അവർക്ക് വേണ്ടാതായി. കൊച്ചു മകനോട് മിണ്ടുന്നതുപോലും മരുമകൾക്ക് ഇഷ്ടമല്ല.അമ്പലത്തിൽ കൊണ്ടുപോകാമെന്നു പറഞ്ഞു കാറിൽ കയറ്റി കൊണ്ടുവിട്ടത് ശരണാലയത്തിൽ. അമ്മയുടെ കഴുത്തിൽ കിടന്നതും കൈയിൽ കിടന്നതും എല്ലാം ഊരിവാങ്ങി അവർ പോയി. പിന്നീട് അമ്മയെ തിരിഞ്ഞുനോക്കിയിട്ടില്ല. മായയോട് നല്ല സ്നേഹമായിരുന്നു അമ്മക്ക്. എന്നും മോന്റെ കാര്യം പറഞ്ഞു കരയും. മോൻ പാവമാണ്, മരുമോൾ സമ്മതിക്കാത്തതു കൊണ്ടാണ് അവൻ വരാത്തതെന്ന് ഇടക്ക് പറയും.
മകന്റെ കുഞ്ഞിനെ കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അമ്മ അവർക്ക് ഫോൺ ചെയ്യുമ്പോൾ അവൾ സംസാരിക്കാറില്ല. മകൻ കുഞ്ഞിനെ കൊണ്ടുവന്നു കാണിക്കുമെന്ന് അമ്മ വിചാരിച്ചു. പക്ഷേ, വന്നില്ല. അമ്മ മായയുടെ വിശേഷങ്ങൾ തിരക്കാറുണ്ട്. മായയുടെ രണ്ട് വയസ്സുള്ള മകൾ ദേവൂന്റെ ഫോട്ടോ അമ്മയെ ഇടക്ക് കാണിച്ചിരുന്നു. അവളെ അമ്മക്ക് കാണണമെന്ന് ആഗ്രഹം ഉണ്ടായി. സ്വന്തം കൊച്ചുമോനെ കാണാൻ പോലും കഴിയാത്ത ആ മുത്തശ്ശിയുടെ കണ്ണീർ കണ്ടില്ലെന്നു കരുതാൻ അവൾക്ക് കഴിഞ്ഞില്ല.
നൈറ്റ് ഡ്യൂട്ടി തുടങ്ങിയപ്പോൾ ഒരു ദിവസം മായ മകൾ ദേവൂനെയും കൊണ്ട് ശരണാലയത്തിൽ വന്നു അമ്മയെ കാണിച്ചു. അമ്മ അവളെ കെട്ടിപ്പിടിച്ചു അവളുടെ കുഞ്ഞു കവിളിൽ ഒരുപാട് മുത്തം കൊടുത്തു. അമ്മയുടെ കണ്ണു നിറയുന്നുണ്ടായിരുന്നു. പിറ്റേന്ന് ജോലി കഴിഞ്ഞു പോകാൻ തുടങ്ങിയപ്പോൾ അമ്മ അവളോട് പറഞ്ഞു ‘‘മായ മോളേ, ഇനി എന്നു കൊണ്ടുവരും കുഞ്ഞിനെ?’’ ഒരു ദിവസം കൊണ്ടുവരാമെന്നു പറഞ്ഞു അവൾ പോയി.
വീടിനടുത്ത് ഹോസ്പിറ്റലിൽ ജോലി കിട്ടിയപ്പോൾ മായ ശരണാലയത്തിൽനിന്ന് റിസൈൻ ചെയ്തു. എന്നാലും ഇടക്ക് അവരുടെ എല്ലാവരുടെയും കാര്യങ്ങൾ തിരക്കാറുണ്ടായിരുന്നു. ഒരു ദിവസം അവൾ ശരണാലയത്തിലേക്ക് ഫോൺ ചെയ്തു. അന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്ററോട് വിലാസിനി അമ്മയുടെയും ജാനകി അമ്മയുടെയും കാര്യം തിരക്കി. ജാനകി അമ്മയെ ഇളയ മകൾ അവിടന്ന് ഒരു ആയുർവേദ ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റിന കൊണ്ടുപോയെന്നു പറഞ്ഞു.
വിലാസിനി അമ്മ ഹോസ്പിറ്റലിലാണ്. കാലിൽ കുറച്ചു മുറിവുണ്ടായി ചൊറിഞ്ഞു പൊട്ടിയതാണ്. ഷുഗർ ഉള്ളതുകൊണ്ട് അത് പഴുത്തു കാലിന്റെ ഒരു വിരൽ മുറിച്ചൂന്ന് പറഞ്ഞു. പിന്നെ ഒരു ദിവസം വിളിച്ചപ്പോൾ അമ്മ മരിച്ചു എന്നാണ് പറഞ്ഞത്. മകൻ അമ്മയുടെ ബോഡി വേണ്ടെന്നു പറഞ്ഞെന്ന്. അവസാനം അവർ കുറെ നിർബന്ധിച്ചപ്പോൾ ബോഡി വീട്ടിൽ കൊണ്ടുപോയി അടക്കം ചെയ്തു. മായക്ക് ഹൃദയം നുറുങ്ങുന്നതുപോലെ തോന്നി. അവൾ പൊട്ടിക്കരഞ്ഞു. ആ കണ്ണുനീരിന്റെ തെളിമയിൽ അവൾ ആ അമ്മയെ കണ്ടു. അമ്മ അവളെ നോക്കി ചിരിച്ചു.
രമ്യ മിത്രപുരം
***************************************************************************************************************************************************************************
കവിത
പല്ലിജന്മം
വാലുമുറിച്ച്
കടന്നുകളയുന്ന പല്ലിയെ
പോലെയാണെന്റെ കവിതകൾ...
ചിലന്തിവലയിൽ കുരുങ്ങിയ
ഇരയെ നോക്കി അത്
നിശ്ശബ്ദം
മൗനം പാലിക്കുന്നു...
ഒച്ചപ്പാടുകളെയോ,
വിപ്ലവങ്ങളേയോ, അവ
ഇഷ്ടപ്പെടുന്നേയില്ല...
ശാന്തമായ തപസ്സുകൊണ്ട്,
ആ മുറി മുഴുവൻ
അവൻ കപടത
നിറയ്ക്കുന്നു...
മുറിഞ്ഞുവീണ തന്റെ വാല്,
ചോണനുറുമ്പുകൾ
ചുമലിലേറ്റി നിരതെറ്റാതെ
നടന്നുനീങ്ങുന്നു...
അതിന്റെ പിടയൽ
അപ്പോഴും മാറിയിട്ടില്ല...
പല്ലിയുടെ ചിലയ്ക്കലിൽ
അവരെ അസ്വസ്ഥമാവുന്നു,
മരണത്തിന്റെ
കാഹളംപോലെ
ഭയപ്പെടുന്നു...
ചിലർ ഒറ്റച്ചൊട്ടിന്
കൊന്നുകളയാൻ
പാകപ്പെടുന്നു, അപ്പോഴും
മുറിഞ്ഞുവീണ വാലിൽ
അവർ ആക്രോശിക്കുന്നു...
സദാ ജാഗ്രതയിലാണ്
അവറ്റകൾ,
ഭയത്താൽ കണ്ണുകളടയ്ക്കാതെ
ആ ഭിത്തിയിലവൻ
ഒറ്റയാൾ പോരാളിയാവുന്നു...
ഒരു ഭിത്തിയും
തകർക്കപ്പെടാതെ
കാത്തുസൂക്ഷിക്കുന്നത്
അത്തരം
ചില പോരാളികളാണ്.
ഇരയും നാംതന്നെ
വേട്ടക്കാരനും നാംതന്നെ
കവിത ചൊല്ലിപ്പഠിപ്പിച്ചു തന്ന
സമാധാന ബുദ്ധന്റെ വഴിയിൽ
ഒരു പല്ലി ചിലച്ചു
കൊണ്ടേയിരിക്കുന്നു
യഹിയ മുഹമ്മദ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.