ഇക്കാക്ക

ഓർമകളുടെ ആളിപ്പടരുന്ന തീയിൽ ചവിട്ടി നിൽക്കുമ്പോൾ ശരീരമാസകലം ഉരുകിയൊലിച്ചില്ലാതാവുന്നത് പോലെ അവൾക്ക് തോന്നി.എല്ലാ നിയന്ത്രണങ്ങളും കൈ വിട്ടു പോയ ആ ഘട്ടത്തിൽ ഇക്കാക്ക അയച്ച വാട്സ് ആപ്പ് മെസേജ് മാത്രമായിരുന്നു മനസ്സ് നിറയെ.‘‘ഞാൻ മരിച്ചു കിടക്കുമ്പോഴെങ്കിലും നീയൊന്നു വരണം,അന്ന് എനിക്ക് നിന്നെ കാണാൻ പറ്റില്ലെങ്കിലും നിനക്ക് എന്നെ കാണാല്ലോ’’.അന്ന് യാദൃച്ഛികമായി അയച്ച മെസേജ് ഇന്നിതാ യഥാർഥ്യത്തിന്റെ കുപ്പായമിട്ട് തന്നെ വീണ്ടും വീണ്ടും കുത്തി നോവിച്ചു കൊണ്ടിരിക്കുന്നു.

തന്റെ മാതാവായും, പിതാവായും, സഹോദരൻ ആയും,മാറി മാറി വേഷങ്ങൾ കെട്ടിയാടുന്നതിനിടയിൽ ഒരു വിവാഹം എന്നത് പോലും വളരെ വൈകിപ്പോയിരുന്നു. തന്റെ പേരിനു മുമ്പിൽ തൂക്കിയിട്ട ഡോക്ടർ എന്ന അധിക വിശേഷണം പോലും അദ്ദേഹത്തിന്റെ വിയർപ്പ് വിറ്റു കിട്ടിയ ഭിക്ഷ മാത്രമായിരുന്നില്ലേ. പ്രേമം തലക്കു പിടിച്ച് നടന്ന ഏതോ നിമിഷത്തിൽ ഇക്കാക്കയെ മനസ്സ് വില്ലനാക്കി പ്രതി സ്ഥാനത്ത് നിർത്തി. തന്റെ ലോകം എന്നത് ശബാദ്ക്ക മാത്രമായി ചുരുങ്ങി. അല്ലെങ്കിൽ സ്വയം ചുരുക്കി.

അക്കാലമത്രയും തന്നിലേക്ക് മാത്രമൊഴുകിയ സ്നേഹപ്പുഴയിലേക്ക് കാർക്കിച്ചു തുപ്പിക്കൊണ്ട് പറഞ്ഞ വാക്കുകൾ വീണ്ടും ഹൃദയഭിത്തികളിൽ പ്രകമ്പനം തന്നെ സൃഷ്ടിച്ചു കൊണ്ടിരുന്നു.‘‘എന്റെ ജീവിതം ഏങ്ങനെ ജീവിച്ചു തീർക്കണം എന്നത് ഞാൻ തീരുമാനിച്ചോളാം. ഒരാളും അതിൽ ഇടപെടേണ്ട’’. വിഷത്തിൽ മുക്കിയ കഠാര കണക്കെയുള്ള ആ വാക്കുകൾ മാത്രമായിരിക്കാം ആ പാവത്തിന്റെ നിഷ്കളങ്ക ഹൃദയത്തിന്റെ താളം അലങ്കോലമാക്കിയത്. തന്റേടത്തോടെ നിവർന്നു നിൽക്കാൻ ധൈര്യം തന്ന ഒരു മനുഷ്യനെ തന്റെ സ്വാർത്ഥതക്ക് വേണ്ടി ഇത്രമാത്രം പീഡിപ്പിക്കാൻ പാടില്ലായിരുന്നു.പിന്നീട് പലപ്പോഴും ആ കാലിൽ പോയി വീഴാൻ കൊതിച്ചെങ്കിലും എവിടെയൊക്കെയോ തടസ്സങ്ങൾ വിലങ്ങായി വന്ന് നിന്നു.

വേണ്ടെന്നു വെച്ചാലും വരിഞ്ഞു മുറുക്കുന്ന ഒരു പാട് ഉത്തര വാദിത്തങ്ങളുടെ ചുരുക്കെഴുത്താണ് ഇക്കാക്ക എന്നത്. ഞാൻ എന്റെ ഉത്തര വാദിത്തങ്ങൾ ഭംഗിയായി നിറവേറ്റിയപ്പോൾ മോള് മോളുടെ റോൾ ഭംഗിയായി കൈകാര്യം ചെയ്തിരുന്നോ എന്ന് ഏതെങ്കിലും ഒരു കാലം സാഹചര്യങ്ങൾ മോളെക്കൊണ്ട് ചിന്തിപ്പിക്കും അത് ചിലപ്പോ ഒരു പാട് കാലം കഴിഞ്ഞാവാം. അവസാനം ആയി അയച്ച സന്ദേശം വീണ്ടും മനസ്സിൽ കിടന്നു കരയിൽ പെട്ടു പോയ പരൽ മത്സ്യത്തെ പോലെ ഇടനെഞ്ചിനെ മഥിച്ചു കൊണ്ടേയിരുന്നു.

സന്തോഷം ആഗ്രഹിച്ചു ശബാദ്ക്കയോടൊപ്പം ഇറങ്ങി നടക്കുമ്പോൾ സങ്കടങ്ങളുടെ അഗ്നികുണ്ടത്തിലേക്കായിരുന്നല്ലോ കൂടപ്പിറപ്പിനെ തള്ളിയിട്ടത് എന്നോർത്തപ്പോൾ ഉള്ളം പതിന്മടങ് നീറിപ്പുകഞ്ഞു കൊണ്ടിരുന്നു.‘‘ഇക്കാക്കാന്റെ ഉള്ളിൽ ഒരു വേഷമോം ഇല്ല മോള് വന്നല്ലോ അത് മതി എനിക്ക്’’. ഇണക്കങ്ങളും, വാശികളും, പിണക്കങ്ങളും, ഇട കലർന്ന ഒരു പ്രഹേളികയുടെ പേരല്ലേ ഈ ജീവിതം എന്നത്.വെള്ള തുണിക്കിടയിൽ നിന്നും പുറപ്പെട്ടു വന്ന ആ വാചകങ്ങളും, അണ്ഡ കടാഹം കുലുങ്ങുമാറുള്ള പൊട്ടിച്ചിരിയും ഒരു തണുത്ത കാറ്റായി അവളെ പൊതിഞ്ഞു പിടിച്ചു. അതിന് ഇക്കാക്കാന്റെ ഗന്ധം ഉണ്ടായിരുന്നുവെന്നു പതുക്കെയാണെങ്കിലും അവൾ തിരിച്ചറിഞ്ഞു.

Tags:    
News Summary - arts club- bahrin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.