ഉദ്മാൻ നാട്ടിലെ ആസ്ഥാന ഇലക്ട്രീഷ്യൻ ആണ്. അവിടെയുള്ള ഒരുവിധം ഇലക്ട്രിക്കൽ വർക്ക് ഒക്കെ ഉദ്മാനാണ് ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ അവനെ നാട്ടുകാർക്ക് വളരെ ഇഷ്ടമാണ്. അതിൽ ഏറ്റവും കൂടുതൽ ഇഷ്ടം മാമുട്ട്യാക്കക്ക് ആയിരുന്നു. മാമുട്ട്യാക്ക പലപ്പോഴും അവിടെയുള്ള ജുമുഅത്ത് പള്ളിയിലാണ് ഇരിപ്പ്.
പള്ളി കമ്മിറ്റി മെംബർ കൂടിയായിരുന്നു അദ്ദേഹം. ഒരു ദൈവദാസനെപോലെ എപ്പോഴും ഇബാദത്തിൽ മുഴുകിയിരിക്കും. അതുകൊണ്ടാണ് അദ്ദേഹത്തെ നാട്ടുകാർ ‘അള്ളാന്റെ ഉണ്ണി’ എന്ന് വിളിക്കുന്നത്.
പലപ്പോഴും പള്ളിയുടെ അടുത്തുള്ള ട്രാൻസ്ഫോർമറിലെ ഫ്യൂസ് അടിച്ചുപോകുന്ന പതിവ് ഉണ്ടായിരുന്നു. അന്നൊക്കെ കെ.എസ്.ഇ.ബിക്കാർ വന്ന് ശരിയാക്കാൻ സമയം എടുത്തിരുന്നു. അങ്ങനെയിരിക്കെ മാമുട്ട്യാക്ക ഉദ്മാന്റെ അടുത്തുവന്നു പറഞ്ഞു. ‘‘ഉദ്മാനേ, ട്രോൻസ്ഫോർമറിലെ ഫ്യൂസ് ഇങ്ങനെ അടിച്ചുപോകുന്നു. പള്ളിയിലും അടുത്തുള്ള സ്ഥലങ്ങളിലും കറന്റ് ഇല്ല. നിനക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ?’’
ഉദ്മാൻ: അതിനെന്താ മാമുട്ട്യാക്ക, ഞാനല്ലേ ഉള്ളത്, പപ്പു ‘നാടോടിക്കാറ്റിൽ’ പറയുന്നതുപോലെ ‘ഇപ്പ ശരിയാക്കിതരാം’ എന്ന് പറഞ്ഞുകൊണ്ട് അടുത്തുള്ള കാദർ കാക്കാന്റെ കുട നന്നാക്കുന്ന പീടികയിൽ പോയി ഒരു കുടക്കമ്പി വാങ്ങി വന്നു.
ഉദ്മാൻ ട്രാൻസ്ഫോർമറിന്റെ അടുത്തെത്തി. മെംബർ മാമുട്ട്യാക്കയും കുറച്ച് ആളുകളും കൂടെയുണ്ട്. അപ്പോൾ ‘മിഥുന’ത്തിലെ നെടുമുടി വേണു പറഞ്ഞതുപോലെ ‘ഇപ്പം കെട്ടും, ഇപ്പം കെട്ടും’, ഉദ്മാൻ ഫ്യൂസ് കെട്ടിക്കൊണ്ടിരിക്കുന്നു. ഉദ്മാൻ കുടക്കമ്പികൊണ്ട് ഫ്യൂസ് ആഞ്ഞുകെട്ടി. അതാ ഫ്യൂസ് ഇടുന്നു. എല്ലാ ഭാഗത്തും കറന്റ് വന്നു. എല്ലാവർക്കും സന്തോഷമായി മാമുട്ട്യാക്ക എല്ലാവരെയും മടക്കിയയച്ചു. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ ട്രാൻസ്ഫോർമറിൽനിന്ന് ‘ടേ’ എന്ന വല്ലാത്ത ശബ്ദം. ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതാണ്!
അപ്പോൾതന്നെ മാമുട്ട്യാക്ക ഉദ്മാനെ വിളിച്ചു. എന്താ ഉദ്മാനെ നീ ചെയ്തത്? ഉദുമാൻ: ‘‘മാമുട്ട്യാക്ക നിങ്ങള് ഫ്യൂസ് അടിച്ചുപോകരുത് എന്നല്ലെ പറഞ്ഞത്, ട്രാൻസ്ഫോർമർ അടിച്ചു പോകരുതെന്ന് പറഞ്ഞിട്ടില്ലല്ലോ, എന്ത് ചെയ്യാനാ?’’ മാമുട്ട്യാക്ക അന്തംവിട്ട് കുന്തം വിഴുങ്ങി നിന്നുപോയി. ഉദ്മാൻ തന്റെ വഴിക്കും പോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.