മനാമ: സ്വിച്ച് ഗിയർ രംഗത്തെ മുന്‍നിര സ്ഥാപനമായ അസ്കോണ്‍ കണ്ട്രോള് കമ്പനിയുടെ പുതിയ ഫാക്ടറി സമുച്ചയം വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രി സായിദ് റാഷിദ് അൽ സയാനി ഉദ്ഘാടനം ചെയ്തു. അൽമസ്ര ഇൻഡസ്ട്രിയൽ പാർക്കിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ വിശിഷ്ടാതിഥിയായിരുന്നു. നിക്ഷേപകർ പണമിറക്കാൻ മടിച്ചു നിൽക്കുന്ന നിലവിലെ പ്രതികൂല സാഹചര്യത്തിൽ അസ്കോണ്‍ പുതിയ ഫാക്ടറി സമുച്ചയവുമായി മുന്നോട്ടു വന്നത് അവരുടെ ആ മേഖലയിലുള്ള നൈപുണ്യവും വിശ്വാസ്യതയും വെളിവാക്കുന്നതാണെന്ന് മന്ത്രി സായിദ് റാഷിദ് അൽ സയാനി പറഞ്ഞു.
ഇത്തരം വ്യവസായങ്ങള്‍ പുതിയ സംരംഭകർക്ക് പ്രചോദനമാകുന്നതിനൊപ്പം രാജ്യത്തെ വ്യവസായ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നൂതന സാങ്കേതികവിദ്യകളുമായുള്ള പുതിയ ഫാക്ടറിയുടെ പ്രവർത്തനം മൂലം തദ്ദേശ നിർമിത ഉൽപന്നങ്ങളിലും അവയുടെ കയറ്റുമതിയിലും ഉണ്ടാകാവുന്ന ഗണ്യമായ ഉയർച്ചയും തദ്ദേശവാസികൾക്ക് ലഭിക്കാവുന്ന പുതിയ തൊഴിലവസരങ്ങളും അദ്ദേഹം പ്രതിപാദിച്ചു. വ്യവസായ വികസന അസി. അണ്ടർ സെക്രട്ടറി ഖാലിദ് ഫഹദ് അൽഅലാവി, വ്യവസായ വികസന ഡയറക്ടർ ഖാലിദ് സൽമാൻ അൽഖാസിമി, ഇൻഡ്സ്ട്രിയൽ പാർക്ക് ആക്ടിങ് ഡയറക്ടർ ഖാലിദ് അൽഖല്ലാഫ്, കമ്യൂണിക്കേഷൻ ആൻഡ്അവയർനെസ് ഡയറക്ടർ മഹ്മൂദ് അഹ്മദ് മുജ്ബെൽ, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അമാദ് ഗ്രൂപ് മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായർ, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് വിവിധ മേഖലകളിൽ നിന്നുമുള്ള വിശിഷ്ടാതിഥികളെ സ്വീകരിച്ചു. ഫാക്ടറി ഉദ്ഘാടനത്തോടൊപ്പം സീമെൻസ് സിവാകോൺ എസ്4 സിസ്റ്റം വാണിജ്യ വ്യവസായ വിനോദ സഞ്ചാരമന്ത്രിയും ഇന്തോ ഏഷ്യൻ (ലെഗ്രാൻഡ്) ഇൻഡോകോൺ സിസ്റ്റം ഇന്ത്യൻ അംബാസഡറും അനാഛാദാനം ചെയ്തു. ലോകോത്തര നിലവാരമുള്ള സീമെൻസ് കമ്പനിയുടെയും ഇന്തോ ഏഷ്യൻ കമ്പനിയുടെയും (ലെഗ്രാൻഡ്) ടൈപ്ടെസ്റ്റഡ് ലോ വോൾട്ടേജ് സ്വിച്ച്ബോർഡുകൾ നിര്‍മിക്കുന്ന ബഹ്റൈനിലെ ഏക അംഗീകൃത പാനല്‍ നിർമാണക്കമ്പനിയാണ് അസ്കോൺ.
അൽ മസ്രാ ഇൻഡസ്ട്രിയൽ പാർക്കിൽ 1.8 മില്ല്യന്‍ ദീനാർ ചെലവിൽ നൂതന സാങ്കേതികവിദ്യകളോടെ നിർമിച്ച പുതിയ ഫാക്ടറി 72,000 മുതൽ 150,000 വരെ ലോ വോൾട്ടേജ് പാനലുകളുടെ വാർഷിക നിർമാണക്ഷമതയുള്ളതാണ്. ബഹ്റൈന്‍ ഭരണാധികാരികളും മന്ത്രി സായിദ് റാഷിദ് അൽസയാനിയും അദ്ദേഹത്തിന്റെ മന്ത്രാലയവും ചെയ്തു തന്ന സേവനങ്ങൾക്ക് പമ്പാവാസൻ നായർ നന്ദി രേഖപ്പെടുത്തി. മുഖ്യാതിഥിയായ സായിദ് റാഷിദ് അൽ സയാനി , വിശിഷ്ടാതിഥി പിയൂഷ് ശ്രീ വാസ്തവ എന്നിവര്‍ക്ക് ഉപഹാരം നൽകി ആദരിച്ചു. അസ്കോണ്‍ കണ്ട്രോള് ജനറൽ മാനേജർ അനിന്ദ്യ, എ.ജി.എം രഞ്ജിത്ത്, ടെക്നിക്കൽ ഡയറക്ടർ നിത്യാനന്ദ്, അമാദ് ഗ്രൂപ്പിലെ മറ്റു മുതിർന്ന ജീവനക്കാർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.