മനാമ: ബഹ്റൈൻ ദേശീയ ടീമും കുവൈത്ത് അണ്ടർ-23 ഒളിമ്പിക് ടീമുമായി തായ്ലൻഡിൽ നടന്ന സൗഹൃദ ഫുട്ബാൾ മത്സരം സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ ഇരുടീമുകളും ഗോളുകൾ ഒന്നും നേടിയില്ല. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ എട്ടുവരെ ചൈനയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായാണ് സൗഹൃദമത്സരം സംഘടിപ്പിച്ചത്.
കളിക്കാരുടെ ശാരീരികശേഷി വർധിപ്പിക്കുക, കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങളിൽ പരിചയം നേടുക എന്നീ ലക്ഷ്യങ്ങളോടെ മികച്ച പരിശീലനത്തിലാണ് ബഹ്റൈൻ ടീം. അർജന്റീനക്കാരനും മുൻ ലോകകപ്പ് താരവുമായ ജുവാൻ അന്റോണിയോ പിസിയെ ദേശീയ ഫുട്ബാൾ ടീം ഹെഡ് കോച്ചായി അടുത്തിടെ നിയമിച്ചിരുന്നു. പരിശീലകൻ എന്ന നിലയിൽ ചിലിക്ക് കോപ്പ അമേരിക്ക നേടിക്കൊടുത്ത ജുവാൻ അന്റോണിയോ പിസി2018 റഷ്യൻ ലോകകപ്പിൽ സൗദി അറേബ്യയെ പരിശീലിപ്പിച്ചിരുന്നു.
പിസിയുടെ കീഴിൽ 2026 ലോകകപ്പിന് യോഗ്യത നേടാനാണ് ഇപ്പോൾ ടീം ലക്ഷ്യംവെക്കുന്നത്. ടൂർണമെന്റിൽ ഏഷ്യയിൽനിന്നുള്ള വിപുലീകരിച്ച എട്ട് ഡയറക്ട് സ്ലോട്ടുകളിൽ ഒന്നിനായി ദേശീയ ടീം മത്സരിക്കും. അത് സാധിച്ചില്ലെങ്കിൽ ഇന്റർ-കോൺഫെഡറേഷൻ പ്ലേ-ഓഫിലൂടെ അത് നേടുകയാണ് ലക്ഷ്യം.
ബഹ്റൈൻ മുമ്പ് രണ്ടുതവണ ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ അവസാന കടമ്പയിലേക്ക് മുന്നേറിയിരുന്നു.
2006ൽ ട്രിനിഡാഡ് ആൻഡ് ടുബാഗോയോടും 2010ൽ ന്യൂസിലൻഡിനോടും പരാജയപ്പെട്ടു. രണ്ടുതവണയും ഒറ്റ ഗോളിനായിരുന്നു പരാജയം.
അന്ന് കടക്കാനാവാതെപോയ കടമ്പ പിസിയുടെ നേതൃത്വത്തിൽ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.