മനാമ: സ്കൂൾ അടച്ചതോടെ നാട്ടിൽ പോകാനുള്ള തിരക്കിലാണ് പ്രവാസി കുടുംബങ്ങൾ. നല്ലൊരു ശതമാനം പേർ നാട്ടിലെത്തിക്കഴിഞ്ഞു. നാട്ടിലെത്തിയാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. അവശ്യം വേണ്ട ചില രേഖകൾ സംഘടിപ്പിക്കാനുള്ള അവസരമായും അവധിക്കാലത്തെ ഉപയോഗപ്പെടുത്തണം. ആഘോഷങ്ങൾക്കും വിശ്രമത്തിനുമിടയിൽ ഒന്നോ രണ്ടോ ദിവസം ചെലവഴിച്ചാൽ ഈ അവശ്യ രേഖകൾ തരപ്പെടുത്താൻ കഴിയും. അവയെന്തൊക്കെയാണെന്ന് നോക്കാം.
ആധാർ കാർഡ്: അത്യാവശ്യമായി വേണ്ട ഒരു രേഖയാണ് ആധാർ ഇപ്പോൾ. അതുകൊണ്ട് ഇതുവരെ ആധാർ കാർഡ് ലഭിച്ചിട്ടില്ലെങ്കിൽ, എത്രയുംവേഗം അപേക്ഷിക്കണം. ആധാർ കാർഡ് എടുത്തിട്ടുള്ളവർ അത് അപ്ഡേറ്റ് ചെയ്യണം. പാസ്പോർട്ട് അനുസരിച്ചുള്ള വിവരങ്ങളല്ല ആധാർ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിൽ അത് ഒരുപോലെയാക്കണം. അക്ഷയകേന്ദ്രങ്ങളിൽ പോയാൽ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.
പാൻ കാർഡ്: ഇതുവരെ പാൻ കാർഡ് എടുത്തിട്ടില്ലെങ്കിൽ ഉടൻതന്നെ അപേക്ഷിക്കുക. സാമ്പത്തികകാര്യങ്ങൾ യഥാസമയം നടക്കണമെങ്കിൽ പാൻ കാർഡ് അത്യാവശ്യമാണ്.
കുട്ടികൾക്ക് ആധാറും പാൻ കാർഡും ഉണ്ടെന്ന് ഉറപ്പുവരുത്തുക. 18 വയസ്സിൽ താഴെയുള്ളവർക്ക് പാൻ കാർഡ് വേണമെങ്കിൽ മാതാപിതാക്കൾക്ക് അപേക്ഷിക്കാം. കുട്ടികളുടെ പേരിൽ സാമ്പത്തിക ഇടപാടുകൾ വേണ്ടിവരുന്ന അവസരങ്ങളിൽ പാൻ കാർഡ് ആവശ്യമായി വരാറുണ്ട്.
ഒരുപോലെയാക്കുക: ആധാറിലെയും പാൻ കാർഡുകളിലെയും പേരും വിലാസവും പാസ്പോർട്ടിലുള്ളതുപോലെത്തന്നെയാണെന്ന് ഉറപ്പാക്കുക. അല്ലെങ്കിൽ അത് മാറ്റാനുള്ള നടപടികൾ പൂർത്തിയാക്കുക.
കുടുംബപ്പേര് ഉൾപ്പെടുത്തൽ: പാസ്പോർട്ടിൽ കുടുംബപ്പേര് ഉൾപ്പെട്ടിട്ടില്ലെങ്കിൽ, കുടുംബപ്പേര് ഉള്ള പുതിയ പാസ്പോർട്ടിന് അപേക്ഷിക്കണം. അതിന് ആവശ്യമായ രേഖകൾ ശരിയാക്കണം.
ജനന സർട്ടിഫിക്കറ്റിൽ പൊരുത്തക്കേടുകളുണ്ടെങ്കിൽ അപേക്ഷ നൽകി തിരുത്തണം.
ഭാവിയിലെ ആവശ്യങ്ങൾ പരിഗണിച്ച് പോസ്റ്റ് ഓഫിസിൽ ഒരു നിക്ഷേപ അക്കൗണ്ട് തുറക്കുക. PBBY ഇൻഷുറൻസ് എടുക്കുന്നതും നല്ലതാണ്.
ഈ രേഖകൾ ശരിയാക്കിവെക്കുന്നത് ഭാവിയിൽ വളരെ പ്രയോജനപ്രദമായിരിക്കും. അവസാന നിമിഷങ്ങളിൽ രേഖകൾക്കായുള്ള ഓട്ടപ്പാച്ചിൽ ഒഴിവാക്കാൻ ബുദ്ധിപരമായി നീങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.