മനാമ: പിന്നാക്ക രാഷ്ട്രീയം ഇന്ത്യയിൽ ശക്തിപ്പെടുമെന്നതിന്റെ സൂചനകളാണ് ഈ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലൂടെ ദൃശ്യമാകുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ. ശക്തമായ പബ്ലിക് റിലേഷൻ വർക്കിലൂടെ തരംഗം സൃഷ്ടിക്കാൻ ബി.ജെ.പി കിണഞ്ഞു പരിശ്രമിച്ചിട്ടും അത് സാധിച്ചില്ലെന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത അദ്ദേഹം പറഞ്ഞു. ബഹ്റൈനിൽ കെ.എം.സി.സി പരിപാടികളിൽ സംബന്ധിക്കാനെത്തിയ അദ്ദേഹം ഗൾഫ് മാധ്യമവുമായി സംസാരിക്കുകയായിരുന്നു. തമിഴ്നാട്ടിലെ രാമനാഥപുരവും കേരളത്തിയെ രണ്ട് സീറ്റുകളടക്കം മത്സരിക്കുന്ന മൂന്ന് സീറ്റിലും മുസ്ലിം ലീഗ് നിഷ്പ്രയാസ വിജയം നേടും. യു.പി, ബിഹാർ, ഝാർഖണ്ഡ് അടക്കം മുസ്ലിം ലീഗിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ഇൻഡ്യ മുന്നണിയെ വിജയിപ്പിക്കാനായി ശക്തമായ പ്രവർത്തനം കാഴ്ചവെക്കാൻ ലീഗിനായി. ഇത്തവണ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കാനാവശ്യമായ നടപടികളെടുത്തിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പിനുശേഷവും മുസ്ലിം ലീഗ് ശക്തമായ ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായിയും മന്ത്രി റിയാസും ഈ സമയത്ത് അവധി ആഘോഷിക്കുകയായിരുന്നു. ഈ ഇരട്ടത്താപ്പ് കേരളത്തിലെ ജനം നേരത്തേ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിൽ യു.ഡി.എഫിന്റെ നില ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. മലബാറിലെ പ്ലസ് ടു സീറ്റ് പ്രശ്നം പരിഹരിച്ചെന്ന് പറയുന്നത് കള്ളമാണ്. ലീഗ് ഈ വിഷയത്തിൽ പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു.
യു.ഡി.എഫും ഈ വിഷയം ഏറ്റെടുത്തിരിക്കുകയാണ്. ഗൾഫിലുടനീളം കെ.എം.സി.സി ഘടകങ്ങൾ ജീവകാരുണ്യരംഗത്തുൾപ്പെടെ ശക്തമായ പ്രവർത്തനമാണ് നടത്തുന്നത്. കുവൈത്തിൽ സംഘടനാപരമായ പ്രശ്നങ്ങൾ നേരത്തേയുള്ളതാണ്. അവ പരിഹരിക്കാനാണ് ലീഗ് നേതാക്കൾ പോയത്. ആ പരിപാടിയിൽ അതിരുവിട്ടവർക്കെതിരെ കർശന നടപടിയുണ്ടാകും. പ്രശ്നപരിഹാരത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അഡ്വ. ഷിബു മീരാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.