മനാമ: അന്താരാഷ്ട്ര യുവജന ദിനാചരണത്തിൽ ബഹ്റൈനും പങ്കാളിയായി. എല്ലാ വർഷവും ആഗസ്റ്റ് 12നാണ് അന്താരാഷ്ട്ര യുവജന ദിനമായി ആചരിക്കുന്നത്. യുവാക്കളെ എല്ലാ മേഖലകളിലും കരുത്തുറ്റതാക്കാനുള്ള പദ്ധതികളാണ് ബഹ്റൈൻ ലക്ഷ്യമിടുന്നത്.
ബഹ്റൈന്റെ നിർമാണ പ്രക്രിയയിലും വളർച്ചയിലും വികസനത്തിലും യുവാക്കളെ കൂടുതലായി ഉപയോഗപ്പെടുത്തുകയും അതിനുതകുന്ന തരത്തിലുള്ള നയപരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിലും രാജ്യം മുൻനിരയിലാണ്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ കാഴ്ചപ്പാടുകളും നിലപാടുകളും രാജ്യത്തെ മുഴുവൻ യുവാക്കൾക്കും പ്രതീക്ഷ നൽകുന്നതാണ്.
അവരുടെ ബുദ്ധിപരമായ കഴിവുകളും മറ്റ് സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തുന്നതിന് അനുസൃതമായ പദ്ധതികളാണ് നടപ്പാക്കുന്നത്. യുവാക്കളെ ശാക്തീകരിക്കുന്നതിന് വിവിധ പരിശീലനങ്ങൾ നൽകി അവരെ വിവിധ മേഖലകളിലേക്ക് കഴിവുറ്റവരാക്കുകയും വെല്ലുവിളികളെ നേരിടാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നുണ്ട്. സർഗാത്മക കഴിവുകളുടെ പരിപോഷണവും ഇതിന്റെ ഭാഗമാണ്. യുവാക്കളിൽ നിക്ഷേപിക്കുകയെന്ന തത്ത്വമാണ് ഇതിനായി ആവിഷ്കരിച്ചിട്ടുള്ളത്.
വൈജ്ഞാനിക-ശാസ്ത്രീയ മേഖലകളിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനും യുവാക്കളുടെ ഭാവി ഭാസുരമാക്കുന്നതിനുള്ള ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനും ബഹ്റൈൻ വളരെ കരുത്തോടുകൂടിയാണ് മുന്നോട്ടു പോവുന്നതെന്ന് യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.