മനാമ: ദേശീയത പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്കായി 90 ഇന പരിപാടികള്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ. ബ്രിട്ടനില്‍ ബഹ്റൈന്‍ ബ്രിട്ടൻ ഫ്രണ്ട്ഷിപ് സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടനിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഫവാസ് ബിന്‍ മുഹമ്മദ് ആല് ഖലീഫയും സന്നിഹിതനായിരുന്നു. ചിന്തകര്‍, ഗവേഷകര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ സൊസൈറ്റി ചെയര്മാന് പീറ്റര്‍ സെന്ങ്കോക് സ്വാഗതമാശംസിച്ചു. ഈയൊരു പരിപാടിയില്‍ സംബന്ധിക്കാന്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രിയെ ലഭിച്ചതിലുള്ള സന്തോഷം അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.
ബഹ്റൈനും ബ്രിട്ടനും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധവും വിവിധ മേഖലകളിലുള്ള സഹകരണവും വ്യാപിപ്പിക്കുന്നതിന് സന്ദര്‍ശനം ഗുണകരമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. രാഷ്ട്രീയവും ജനാധിപത്യപരവുമായ വിശാലത നല്കുന്ന ബ്രിട്ടൻ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാന്‍ രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ട്. ഭരണകൂടവും ജനങ്ങളും ഒരുമിച്ചുനിന്നാല്‍ ഏതു രാജ്യത്തിനും പ്രതിസന്ധികളെ അതിജയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ നിര്‍ദേശ പ്രകാരമാണ് ദേശീയശാക്തീകരണ പദ്ധതി നടപ്പാക്കുന്നത്. ബഹ്റൈന്‍ പൊലീസ് സേനയെ ആധുനീകരിക്കുന്നതില്‍ ബ്രിട്ടൻ വഹിച്ച പങ്കിനെയും മന്ത്രി പ്രത്യേകം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.