മനാമ: രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽനൽകി മുന്നോട്ടുപോകുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. റോഡുകൾ, പാലങ്ങൾ, പാർപ്പിടം തുടങ്ങി പൊതുജനങ്ങളുടെ ജീവിതനിലവാരവും സൗകര്യവും ഒരുക്കുന്ന പദ്ധതികൾക്കാണ് മുൻഗണന നൽകുക. തുർക്മെനിസ്താൻ പ്രസിഡന്റ് സർദാർ ബർദി മുഹമ്മദോവിന്റെ ബഹ്റൈൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിന് കാരണമായതായി കാബിനറ്റ് വിലയിരുത്തി. നിരവധി സഹകരണക്കരാറുകളിലാണ് അദ്ദേഹത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഒപ്പുവെച്ചിട്ടുള്ളത്.
യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ അബൂദബിയിൽ നടന്ന 160 കിലോമീറ്ററിൽ നടന്ന എൻഡുറൻസ് മത്സരത്തിൽ ജേതാവായതിൽ അദ്ദേഹത്തിനും ഹമദ് രാജാവിനും കാബിനറ്റ് അനുമോദനങ്ങൾ അറിയിച്ചു. ഇത്തരമൊരു നേട്ടം അന്താരാഷ്ട്ര തലത്തിൽ ബഹ്റൈന്റെ ഖ്യാതി ഉയരാൻ കാരണമാകുമെന്നും അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിൽ സഹകരണവും ബന്ധവും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിലയിരുത്തി. അബൂദബിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഡിഫൻസ് എക്സിബിഷൻ വിജയകരമായതിന് മന്ത്രിസഭ യു.എ.ഇക്ക് ആശംസകൾ അറിയിച്ചു. 2019 മുതൽ 2022 വരെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളെക്കുറിച്ച സംക്ഷിപ്ത റിപ്പോർട്ട് മന്ത്രാലയസമിതി അവതരിപ്പിച്ചു. പാർപ്പിടം, അടിസ്ഥാന സൗകര്യ വികസനം, ഭക്ഷ്യസുരക്ഷ, പ്രകൃതിസമ്പത്ത് സംരക്ഷണം, റോഡ്, പാലം നിർമാണം എന്നീ മേഖലകളിൽ നടപ്പാക്കിയ പദ്ധതികളെ കുറിച്ച റിപ്പോർട്ടാണുണ്ടായിരുന്നത്. വിവിധ മന്ത്രിമാർ പങ്കെടുത്ത പരിപാടികളും അവയെ സംബന്ധിച്ച റിപ്പോർട്ടുകളും സഭയിൽ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.